കുടിയേറ്റം തടയുമെന്ന് ട്രംപ്; അതിർത്തികൾ അടക്കില്ലെന്ന് മെക്‌സികോ
മെക്‌സിക്കൻ പ്രസിഡൻ്റ് ക്ലോഡിയ ഷെയ്ൻബോം പാർഡോയുമായി ട്രംപ് ചർച്ച നടത്തി
വാഷിങ്ടണ്‍: കുടിയേറ്റവുമായി ബന്ധപ്പെട്ടുള്ള നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന സൂചനയുമായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുടെ തെക്കന്‍ അതിര്‍ത്തി അടച്ചുകൊണ്ട് അനധികൃത കുടിയേറ്റം അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് മെക്സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോം പാര്‍ഡോ സമ്മതിച്ചതായി ട്രംപ് അറിയിച്ചു. എന്നാല്‍ മെക്സിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ വാദം തള്ളി. അതിര്‍ത്തികള്‍ അടക്കില്ലെന്നും സര്‍ക്കാറുകളുമായും ജനങ്ങളുമായും ബന്ധം ശക്തമാക്കുകയാണ് ലക്ഷ്യമെന്നും മെക്‌സിക്കന്‍ പ്രസിഡന്റ് പറഞ്ഞു.
അനധികൃത കുടിയേറ്റം അവസാനിപ്പിച്ചില്ലെങ്കില്‍ കാനഡ, മെക്‌സികോ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് അധിക തീരുവ ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെയാണ് ഇരു നേതാക്കളുടെയും വാദപ്രതിവാദവും കുടിയേറ്റവുമായി ബന്ധപ്പെട്ട പുതിയ ചര്‍ച്ചയും
മെക്‌സികോയുടെ പുതിയ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ചതായും തെക്കന്‍ അതിര്‍ത്തി അടച്ച് അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റം അവസാനിപ്പിക്കുമെന്ന് അവര്‍ സമ്മതിച്ചതായും സ്വന്തം സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പറഞ്ഞത്. അതേസമയം, ട്രംപുമായി മെക്‌സികോയുടെ കുടിയേറ്റ നിലപാട് സംബന്ധിച്ച് ചര്‍ച്ച ചെയ്‌തെന്ന കാര്യം ക്ലോഡിയ സ്ഥിരീകരിച്ചു. യുഎസിന്റെ വടക്കന്‍ അതിര്‍ത്തിയിലേക്കുള്ള കുടിയേറ്റക്കാരെ മെക്‌സികോ തടഞ്ഞതായി ട്രംപിനെ അറിയിച്ചതായും അവര്‍ പറഞ്ഞു. സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിനെയും ലഹരികടത്ത് തടയുന്നതിനെയും കുറിച്ച് ചര്‍ച്ച ചെയ്തതായും ക്ലോഡിയ കൂട്ടിച്ചേര്‍ത്തു.
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളിലൊന്നായിരുന്നു അനധികൃത കുടിയേറ്റം. ജനുവരി 20ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു ശേഷം ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ നടപ്പാക്കുമെന്ന് ട്രംപ് പ്രതിജ്ഞയെടുത്തിരുന്നു. ഇതിനായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെക്‌സികോയുമായി സഹകരിച്ച് ജോ ബൈഡന്‍ ഭരണകൂടം സ്വീകരിച്ച നടപടികളെ തുടര്‍ന്ന് അനധികൃത കുടിയേറ്റത്തില്‍ 40 ശതമാനത്തിന്റെ കുറവുണ്ടായെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
Adjust Story Font
16