Quantcast

ഇറാൻ പ്രതിഷേധത്തിനിടെയുണ്ടായ കൊലപാതകങ്ങൾക്കും നാശനഷ്ടങ്ങൾക്കും ഉത്തരവാദി ട്രംപ്: ആയത്തുല്ല അലി ഖാം‌നഇ

വഷളായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സ്ഥിതിയെയും ദേശീയ കറൻസിയായ റിയാലിന്റെ റെക്കോർഡ് മൂല്യത്തകർച്ചയെയും തുടർന്ന് കഴിഞ്ഞ മാസം അവസാനം തെഹ്റാനിൽ സർക്കാർ വിരുദ്ധ പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയും ക്രമേണ ഇറാനിലെ മറ്റ് നഗരങ്ങളിലേക്കും വ്യാപിക്കുകയും ചെയ്തു

MediaOne Logo
ഇറാൻ പ്രതിഷേധത്തിനിടെയുണ്ടായ കൊലപാതകങ്ങൾക്കും നാശനഷ്ടങ്ങൾക്കും ഉത്തരവാദി ട്രംപ്: ആയത്തുല്ല അലി ഖാം‌നഇ
X

തെഹ്‌റാൻ: ഇറാനിൽ സമീപകാല പ്രതിഷേധങ്ങളിലുണ്ടായ കൊലപാതകങ്ങൾക്കും നാശനഷ്ടങ്ങൾക്കും പിന്നിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാം‌നഇ. രാജ്യത്ത് നടന്ന പ്രതിഷേധത്തിൽ അമേരിക്കൻ പ്രസിഡന്റ് നേരിട്ട് ഇടപെട്ടതായും രാജ്യദ്രോഹികളെ പ്രോത്സാഹിപ്പിച്ചതായും തെഹ്റാനിൽ ഒരു സമ്മേളനത്തിൽ സംസാരിക്കവെ അലി ഖാം‌നഇ പറഞ്ഞു. 1979ലെ ഇറാനിയൻ വിപ്ലവത്തിനുശേഷം യുഎസ് പിന്തുണയുള്ള ഭരണകൂടത്തിന്റെ ആധിപത്യം പുനഃസ്ഥാപിക്കാൻ അമേരിക്ക ശ്രമിച്ചുവെന്നും അമേരിക്കയുടെ എല്ലാ ഭരണകൂടങ്ങളും ഇറാനോട് ഈ നയം തന്നെയാണ് പിന്തുടർന്നിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വഷളായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സ്ഥിതിയെയും ദേശീയ കറൻസിയായ റിയാലിന്റെ റെക്കോർഡ് മൂല്യത്തകർച്ചയെയും തുടർന്ന് കഴിഞ്ഞ മാസം അവസാനം തെഹ്റാനിൽ സർക്കാർ വിരുദ്ധ പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയും ക്രമേണ ഇറാനിലെ മറ്റ് നഗരങ്ങളിലേക്കും വ്യാപിക്കുകയും ചെയ്തു. ജനുവരി 8ന് പഹ്‌ലവി ഭരണകൂടത്തിലെ അവസാന ഭരണാധികാരി മുഹമ്മദ് റെസ ഷാഹ് പഹ്‌ലവിയുടെ മകൻ റെസ പഹ്‌ലവി സർക്കാരിനെതിരെ പ്രതിഷേധിക്കാൻ ജനങ്ങളോട് തെരുവിലിറങ്ങാൻ ആഹ്വാനം ചെയ്തതിനെത്തുടർന്ന് പ്രതിഷേധങ്ങൾ അക്രമാസക്തമായി.

പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടലുകൾക്കിടയിൽ നൂറുകണക്കിന് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ടുണ്ട്. മരണസംഖ്യ 2000 കവിഞ്ഞതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. സമാധാനപരമായ പ്രതിഷേധങ്ങളെ കലാപകാരികൾ ഹൈജാക്ക് ചെയ്തുവെന്നാണ് പൊലീസ് ഭാഷ്യം. യുഎസ്, ഇസ്രായേലി രഹസ്യാന്വേഷണ ഏജൻസികളുടെ പിന്തുണയോടെയാണ് കലാപകാരികൾ പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടെ ആക്രമിച്ചതെന്നും അധികാരികൾ പറയുന്നു. തെഹ്‌റാൻ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള സർക്കാർ കെട്ടിടങ്ങൾ, പൊലീസ് സ്റ്റേഷനുകൾ, കടകൾ, ബാങ്കുകൾ, പള്ളികൾ എന്നിവയ്ക്ക് നേരെ ആക്രമണങ്ങൾ നടന്നതായും റിപ്പോർട്ടുണ്ട്. പ്രാഥമിക കണക്കുകൾ പ്രകാരം ആക്രമണങ്ങളിൽ കോടിക്കണക്കിന് ഡോളറിന്റെ നാശനഷ്ടമുണ്ടായിട്ടുണ്ട്.

TAGS :

Next Story