Quantcast

ഇറാന്​ വീണ്ടും താക്കീതുമായി അമേരിക്ക; പ്രക്ഷോഭം അമർച്ച ചെയ്താൽ ഇടപെടുമെന്ന് ട്രംപ്​

ആക്രമിച്ചാൽ ഗൾഫിലെ യുഎസ്​ താവളങ്ങൾക്കും കപ്പലുകൾക്കും നേരെ തിരിച്ചടിക്കുമെന്ന്​ ഇറാൻ മുന്നറിയിപ്പ് നൽകി

MediaOne Logo

Web Desk

  • Published:

    12 Jan 2026 7:44 AM IST

ഇറാന്​ വീണ്ടും താക്കീതുമായി അമേരിക്ക; പ്രക്ഷോഭം അമർച്ച ചെയ്താൽ ഇടപെടുമെന്ന് ട്രംപ്​
X

തെഹ്റാൻ: സർക്കാർ വിരുദ്ധപ്രക്ഷോഭം കൂടുതൽ ശക്​തിയാർജിച്ചതോടെ, ഇറാന്​ വീണ്ടും താക്കീതുമായി യു.എസ്​ പ്രസിഡന്‍റ്​ ഡോണാൾഡ്​ ട്രംപ്​. ആക്രമിച്ചാൽ ഗൾഫിലെ യുഎസ്​ താവളങ്ങൾക്കും കപ്പലുകൾക്കും നേരെ തിരിച്ചടിക്കുമെന്ന്​ ഇറാൻ മുന്നറിയിപ്പ് നൽകി.

പ്രക്ഷോഭം മൂന്നാം ആഴ്​ചയിലേക്ക്​ കടന്നതോടെ വിവിധ അക്രമ സംഭവങ്ങളിലായി കൊല്ലപ്പെട്ടവരുടെ എണ്ണം 200 കടന്നതായി റിപ്പോർട്ട്​. 500 പേരെ ങ്കിലും ഇതിനകം മരണപ്പെട്ടതായാണ്​ പ്രക്ഷോഭകാരികൾ പറയുന്നത്​. ഇസ്‍ലാമിക് റവൂലഷനറി ഗാർഡ്​ അംഗങ്ങൾ ഉൾപ്പടെ 109 സുരക്ഷാ പാലകർ അക്രമ സംഭവങ്ങളിൽകൊല്ലപ്പെട്ടതായി തസ്നീം ന്യൂസ്​ ഏജൻസി റിപ്പോർട്ട്​ ചെയ്തു. ഇവരുടെ വിയോഗം മുൻനിർത്തി ഇന്നുമുതൽ 3 ദിവസം ദു:ഖാചരണം നടത്താൻ ഇറാൻ തീരുമാനിച്ചു.

തെഹ്​റാൻ ഉൾപ്പടെ എല്ലാ ഇറാൻ നഗരങ്ങളിലും ഇന്നലെയും വ്യാപക പ്രക്ഷോഭം അരങ്ങേറി. രാജ്യത്തിന്‍റെ ഐക്യം മുൻനിർത്തി സമരനടപടികൾ പിൻവലിക്കണമെന്ന ഇറാൻ പ്രസിഡന്‍റ്​ മസൂദ്​ പെഷസ്കിയാന്‍റെ അഭ്യർഥന പ്രക്ഷോഭകാരികൾ തള്ളി. അമേരിക്കയും ഇസ്രായേലും ആസൂത്രണം ചെയ്ത പ്രക്ഷോഭമാണിതെന്നും ശക്​തമായി നേരിടുമെന്നും ഇറാൻ സൈന്യം വ്യക്​തമാക്കി. ബലപ്രയോഗത്തിലൂടെ ജനകീയ പ്രക്ഷോഭം അമർച്ച ചെയ്യാൻ തുനിയരുതെന്നും ആവശ്യമെങ്കിൽ ഇടപെടുമെന്നും ​ ട്രംപ്​ വീണ്ടും ഇറാന്​ മുന്നറിയിപ്പ്​ നൽകി. തിരക്കിട്ട കൂടിയാലോചനകൾ തുടരുന്നുണ്ടെങ്കിലും ഇറാനുമേൽ ആക്രമണം നടത്തുന്നതു സംബന്ധിച്ച്​ അന്തിമ തീരുമാനത്തിലെത്താൻ ട്രംപ്​ ഭരണകൂടത്തിന്​ കഴിഞ്ഞില്ലെന്ന്​ യുഎസ്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു.

വിമത ഇറാൻ നേതാക്കളും ഇസ്രയേലും ഉടൻ ഇപെടലിന്​ ട്രംപിനുമേൽ സമ്മർദം തുടരുകയാണ്​. സൈനികാക്രമണം നടത്തിയാൽ അമേരിക്കയും ഇസ്രായേലും നിയമപരമായ ലക്ഷ്യങ്ങളായി മാറുമെന്ന് ഇറാൻ പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് മുന്നറിയിപ്പ് നൽകി. ഇറാനെതിരെ ഒരു ആക്രമണം ഉണ്ടായാൽ അധിനിവേശ പ്രദേശവും മേഖലയിലെ എല്ലാ അമേരിക്കൻ സൈനിക കേന്ദ്രങ്ങളും താവളങ്ങളും കപ്പലുകളും ഞങ്ങളുടെ നിയമാനുസൃത ലക്ഷ്യങ്ങളായിരിക്കമെന്നും പാർലമെന്‍റ്​ സ്പീക്കർ പ്രതികരിച്ചു.അതേ സമയം സംയമനം പാലിക്കാൻ ഇറാൻ ഭരണകൂടത്തോട്​ യുഎൻ ​സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ്​ നിർദേശിച്ചു.

TAGS :

Next Story