'കരാറിലെത്തണം, അല്ലെങ്കിൽ ആക്രമണം': ഇറാന് മുന്നറിയിപ്പ് നൽകി ട്രംപ്
ഇറാന് നേരെ യുദ്ധം ആസന്നമാണെന്ന് പെന്‍റഗൺ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

- Published:
21 Feb 2026 8:03 AM IST

തെഹ്റാന്‍: ആണവ കരാറിന് പ്രേരിപ്പിക്കാൻ ഇറാനുമേൽ പരിമിത തോതിലുള്ള ആക്രമണം അനിവാര്യമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്. കരാറിലെത്തുക മാത്രമാണ് യുദ്ധം ഒഴിവാക്കാൻ ഇറാന് മുന്നിലുള്ള വഴിയെന്നും ട്രംപ് ഓർമിപ്പിച്ചു.
പത്ത് മുതൽ 15 ദിവസം വരെ ഇറാന് അനുവദിച്ചതായി വ്യാഴാഴ്ച ട്രംപ് പ്രതികരിച്ചിരുന്നു. ഇറാന് നേരെ യുദ്ധം ആസന്നമാണെന്ന് പെന്‍റഗൺ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വൻതോതിലുള്ള യുദ്ധ സന്നാഹങ്ങളാണ് ഇറാന് ചുറ്റുമായി അമേരിക്ക ഒരുക്കിയിരിക്കുന്നത്. സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും യുദ്ധം അടിച്ചേൽപിച്ചാൽ ശക്തമായ പ്രത്യാക്രമണം ഉണ്ടാകുമെന്നും ഇറാൻ ആവർത്തിച്ചു.
അമേരിക്കയുടെ സൈനിക മുന്നൊരുക്കങ്ങളും പ്രകോപന നടപടികളും പശ്ചിമേഷ്യയില്‍ അപകടകരമായ സാഹചര്യം ഒരുക്കിയിരിക്കെ ശക്തമായി രംഗത്തു വരണമെന്ന് യു.എൻ സെക്രട്ടറി ജനറലിന് കൈമാറിയ കത്തിൽ ഇറാൻ ആവശ്യപ്പെട്ടു. റഷ്യൻ വിദേശകാര്യ മന്ത്രിയും ഇറാൻ വിദേശകാര്യ മന്ത്രിയും ആശയവിനിമയം നടത്തി.
അതിനിടെ, ആക്രമണത്തിനായി ബ്രിട്ടന്റെ റാഫ് ബേസുകൾ വിട്ടുനൽകില്ലെന്ന് പ്രധാനമന്ത്രി കെയിർ സ്റ്റാർമർ അറിയിച്ചു. യുകെയുടെ ഡിയാഗോ ഗാർഷിയ മിലിറ്ററി കേന്ദ്രം ഉപയോഗിച്ച് ഇറാനെ ആക്രമിക്കാനാണ് യു.എസ് പദ്ധതിയിട്ടത്. ചാഗോസ് ദ്വീപിലാണ് ബ്രിട്ടന്റെ എയർബേസ് സ്ഥിതി ചെയ്യുന്നത്. യു.കെയുടെയും യു.എസിന്റേയും സംയുക്ത എയർബേസായ ഡിയാഗോ ഗാർഷിയ ഇറാൻ ആക്രമണത്തിന് ട്രംപിനെ സംബന്ധിച്ചടുത്തോളം നിർണായകമാണ്.
സ്വിൻഡന് സമീപമുള്ള ആർഎഎഫ് ഫെയർഫോഡിൽ നിന്നും ദീർഘദൂര മിസൈലുകൾ വിക്ഷേപിക്കാനുള്ള അനുമതിയും യുകെ നിഷേധിച്ചിട്ടുണ്ട്. റഷ്യ,ചൈന രാജ്യങ്ങളുടെ പങ്കാളിത്തത്തിൽ വൻതോതിലുള്ള നാവികാഭ്യാസം ഇറാൻ ഇന്നലെയും തുടർന്നു. വിവിധ സൈനിക വിഭാഗങ്ങളോട് തയാറായിരിക്കാൻ ഇസ്രായേൽ നിർദേശിച്ചതായും റിപ്പോർട്ടുണ്ട്.
Adjust Story Font
16
