Quantcast

'ഇറാൻ നേതൃത്വം ചർച്ചകൾക്കായി വിളിച്ചു, ശക്തമായ നടപടിയുണ്ടാകും': ട്രംപ്‌

യുഎസ് സൈന്യം ഇടപെട്ടാല്‍ നോക്കിനില്‍ക്കില്ലെന്ന് ഇറാന്‍ നേതാക്കളും മുന്നറിയിപ്പ് നല്‍കുന്നുണ്ട്

MediaOne Logo
ഇറാൻ നേതൃത്വം ചർച്ചകൾക്കായി വിളിച്ചു, ശക്തമായ നടപടിയുണ്ടാകും: ട്രംപ്‌
X

വാഷിങ്ടൺ: ഭരണകൂടവിരുദ്ധ പ്രക്ഷോഭം ശക്തമായ ഇറാനിൽ സൈനികമായ ഇടപെടൽ ആലോചിച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിനെതിരെ സൈനിക ഇടപെടൽ ഉൾപ്പെടെയുള്ള ശക്തമായ ഓപ്ഷനുകളാണ് വാഷിങ്ടണ്‍ പരിഗണിക്കുന്നത് എന്നാണ് ട്രംപ് വ്യക്തമാക്കിയത്.

ഞായറാഴ്ച വൈകുന്നേരം എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇറാൻ്റെ കാര്യം അമേരിക്ക ഗൗരവായി തന്നെ പരിഗണിക്കുന്നുണ്ടെന്ന് ട്രംപ് പറഞ്ഞത്. സൈനിക നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുകളെ തുടര്‍ന്ന് ഇറാൻ നേതൃത്വം ചർച്ചകൾക്കായി വിളിച്ചതായും ഇക്കാര്യവും പരിശോധിക്കുന്നുണ്ടെന്നും ട്രംപ് പറയുന്നു. എന്നാല്‍ ചര്‍ച്ചകള്‍ക്ക് മുന്നെ തന്നെ നടപടിയെടുക്കേണ്ടി വന്നേക്കാമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ട്രംപിന്റെ പ്രസ്താവനയില്‍ ഇറാന്റെ ഭാഗത്ത് നിന്നും പ്രതികരണങ്ങളൊന്നും വന്നിട്ടില്ല. എന്നാല്‍ യുഎസ് സൈന്യം ഇടപെട്ടാല്‍ നോക്കിനില്‍ക്കില്ലെന്ന് ഇറാന്‍ നേതാക്കളും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇറാനെതിരെ ആക്രമണമുണ്ടായാൽ, അധിനിവേശ പ്രദേശങ്ങളും (ഇസ്രായേൽ) യുഎസ് താവളങ്ങളും കപ്പലുകളുമായിരിക്കും ഞങ്ങള്‍ ലക്ഷ്യമിടുക എന്നാണ് പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബക്കർ ഖലീബാഫ് വ്യക്തമാക്കിയിരുന്നത്.

ഇറാനിയൻ റിയാലിന്റെ മൂല്യം ഇടിഞ്ഞതിൽ പ്രതിഷേധിച്ച് ഡിസംബർ 28 ന് തലസ്ഥാനമായ തെഹ്റാനിലെ ഗ്രാൻഡ് ബസാറിലെ വ്യാപാരികൾ കടകൾ അടച്ചിട്ടതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. പിന്നാലെ പ്രതിഷേധം വ്യാപിക്കുകയായിരുന്നു. ജീവിതച്ചെലവ് കുതിച്ചുയരുകയാണെന്നും എല്ലാത്തിനും വിലക്കയറ്റമാണെന്നും ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികളുള്‍പ്പെടെ തെരുവുകളിലേക്ക് ഇറങ്ങിയതോടെ പ്രക്ഷോഭമായി. സുരക്ഷാ സേനയുമായുള്ള വെടിവെപ്പില്‍ വരെ കാര്യങ്ങളെത്തി. പിന്നാലെ ഇന്റര്‍നെറ്റും നിരോധിച്ചു.

ഇറാനിയൻ സ്റ്റേറ്റ് മീഡിയയുടെ റിപ്പോർട്ട് പ്രകാരം, കലാപത്തിൽ കുറഞ്ഞത് 109 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടുവെന്നാണ്. എന്നാൽ രാജ്യത്തിന് പുറത്തുള്ള പ്രതിപക്ഷ നേതാക്കളും മനുഷ്യാവകാശപ്രവര്‍ത്തകരും പറയുന്നത് മരണസംഖ്യ കൂടുതലാണെന്നും നൂറുകണക്കിന് പ്രതിഷേധക്കാരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ്.

TAGS :

Next Story