വ്യാപാര കരാർ പാലിച്ചില്ല: ദക്ഷിണ കൊറിയൻ ഉത്പന്നങ്ങളുടെ തീരുവ 25 ശതമാനമാക്കി ഉയർത്തി ട്രംപ്
അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന ആദ്യ 10 രാജ്യങ്ങളിൽ ദക്ഷിണ കൊറിയയും ഉൾപ്പെടുന്നുണ്ട്.

- Published:
27 Jan 2026 8:31 AM IST

സോള്‍: ദക്ഷിണ കൊറിയയിൽ നിന്നുള്ള ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്ന് 25 ശതമാനമായി യുഎസ് വര്‍ധിപ്പിച്ചു. കഴിഞ്ഞ വർഷം ഒപ്പുവെച്ച വ്യാപാര കരാർ പാലിക്കാൻ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് ട്രംപ് പറഞ്ഞു.
"കൊറിയൻ നിയമനിര്‍മാണ സഭ നമ്മുടെ ചരിത്രപരമായ വ്യാപാര കരാർ നടപ്പിലാക്കാത്തതിനാൽ ഓട്ടോമൊബൈൽസ്, തടി, ഫാർമ ഉൽപ്പന്നങ്ങൾ എന്നിവയടക്കമുള്ള വ്യാപാര തീരുവകള്‍ 15 ശതമാനത്തിൽ നിന്ന് 25 ശതമാനമായി വർദ്ധിപ്പിക്കുന്നു"- ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
അമേരിക്കൻ ഐക്യനാടുകളുടെ പ്രധാനപ്പെട്ട വ്യാപാര പങ്കാളികളിലൊന്നാണ് ദക്ഷിണ കൊറിയ. അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന ആദ്യ 10 രാജ്യങ്ങളിൽ ദക്ഷിണ കൊറിയയും ഉൾപ്പെടുന്നുണ്ട്. ദക്ഷിണ കൊറിയയിൽ നിന്ന് ഏകദേശം 150 ബില്യൺ ഡോളർ മൂല്യമുള്ള സാധനങ്ങൾ ഓരോ വർഷവും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഇതില്‍ 27 ശതമാനവും ഓട്ടോമൊബൈൽ വ്യവസായവുമായി ബന്ധപ്പെട്ടതാണ്.
കഴിഞ്ഞ ജൂലൈയിലാണ് ദക്ഷിണകൊറിയൻ പ്രസിഡന്റുമായി വ്യാപാര കരാറിൽ എത്തിയതായി ട്രംപ് അറിയിച്ചിരുന്നത്. എന്നാൽ, അമേരിക്ക മുന്നോട്ടുവെച്ച നിക്ഷേപ വാഗ്ദാനത്തെച്ചൊല്ലി ഇരുപക്ഷവും തര്‍ക്കത്തിലായിരുന്നു. ഇതോടെ തുടര്‍ചര്‍ച്ചകള്‍ വഴിമുട്ടുകയും ചെയ്തിരുന്നു. തീരുവ ഉയർത്താനുള്ള നീക്കം ദക്ഷിണ കൊറിയയ്ക്ക് കനത്ത തിരിച്ചടിയാകും.
അതേസമയം ജീവിതച്ചെലവും താങ്ങാനാനാവാത്ത വിലക്കയറ്റവും കാരണം കടുത്ത പ്രതിഷേധം ഇപ്പോൾ തന്നെ ട്രംപ് രാജ്യത്ത് നേരിടുന്നുണ്ട്. അദ്ദേഹം ഏർപ്പെടുത്തിയ ഇറക്കുമതി നികുതികൾ വിലക്കയറ്റം കുറച്ചിട്ടില്ല. ഈ നികുതിഭാരത്തിന്റെ ഏതാണ്ട് മുഴുവൻ ആഘാതവും ഉപഭോക്താക്കളാണ് നേരിടേണ്ടി വന്നതെന്ന് സമീപകാല പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു.
Adjust Story Font
16
