ഗൾഫ് - യുഎസ് ഉച്ചകോടിക്കായി ട്രംപ് ഇന്ന് സൗദിയിലെത്തും
ഗസ്സയിലെ വെടിനിർത്തലും തുടർഭരണവും ഉച്ചകോടിയിൽ ചർച്ചയാകും

റിയാദ്: ഗൾഫ് - യുഎസ് ഉച്ചകോടിക്കായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ന് സൗദിയിലെത്തും. ഇന്ന് ഉച്ചയോടെ എത്തുന്ന ട്രംപ് സൗദി കിരീടാവകാശിയുമായി വിവിധ ആയുധക്കരാറുകളും ആണവ സഹകരണ ധാരണാ പത്രങ്ങളും ഒപ്പുവെക്കും. ഗസ്സ, ഇറാൻ, യമൻ, സിറിയ എന്നിവ ചർച്ചയാകുന്ന സുപ്രധാന ഗൾഫ്-യുഎസ് ഉച്ചകോടി നാളെയാണ്. ഗസ്സയിലെ വെടിനിർത്തലും തുടർഭരണവും ഉച്ചകോടിയിൽ ചർച്ചയാകും. ഉച്ചകോടിയും സന്ദർശനവും മീഡിയവൺ നേരിട്ട് റിപ്പോർട്ട് ചെയ്യും.
അതിനിടെ ട്രംപിന്റെ പശ്ചിമേഷ്യൻ സന്ദർശനം ഇന്നാരംഭിക്കാനിരിക്കെ അവസാന അമേരിക്കൻ ബന്ദിയെയും ഹമാസ് വിട്ടയച്ചു. 583 ദിവസം ഹമാസ് ബന്ദിയാക്കിയ സൈനികൻ ഐഡൻ അലക്സാണ്ടറെയാണ് മോചിപ്പിച്ചത്. ഗസ്സ റീമിൽവെച്ച് റെഡ് ക്രോസ് പ്രതിനിധികൾ ബന്ദിയെ ഏറ്റുവാങ്ങി. ഐഡൻ അലക്സാണ്ടർ പൂർണ ആരോഗ്യവാനാണെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. ഇയാളെ സ്വീകരിക്കാൻ കുടുംബം ഇസ്രായേലിൽ എത്തിയിട്ടുണ്ട്. നിരവധി ഇസ്രായേലി ബന്ദികൾ ഹമാസ് പിടിയിലിരിക്കെയാണ് സമാധാന നീക്കങ്ങൾക്ക് അവസരമാകുന്ന നടപടിയുണ്ടായത്.
വെടിനിർത്തൽ നടപ്പാക്കാനും അതിർത്തികൾ തുറന്ന് സഹായ വിതരണം പുനഃസ്ഥാപിക്കാനും ലക്ഷ്യമിട്ടാണ് യു.എസ് ബന്ദിമോചനമെന്ന് ഹമാസ് വിശദീകരിച്ചു. നെതന്യാഹുവിന്‍റെ കഴിവുകേട് ബോധ്യപ്പെട്ടതാണ് സ്വന്തം നിലക്ക് ഹമാസുമായി ചർച്ച നടത്താൻ അമേരിക്കയെ പ്രേരിപ്പിച്ചതെന്ന് ഇസ്രായേൽ പ്രതിപക്ഷം വിമർശിച്ചു. ബാക്കിയുള്ള ബന്ദികളുടെ ജീവൻ രക്ഷിക്കാൻ വെടിനിർത്തൽ കരാർ വേണമെന്ന് പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ സൈനിക സമ്മർദം ശക്തമാക്കി മറ്റു ബന്ദികളുടെ മോചനവും ഉറപ്പാക്കുമെന്ന് നെതന്യാഹു പ്രതികരിച്ചു.
എന്നാൽ ഗസ്സയിൽ ആക്രമണം വിപുലീകരിക്കാനുള്ള സാധ്യതയില്ലെന്ന് ഇസ്രായേൽ ചാനൽ 13 റിപ്പോർട്ട് ചെയ്തു. യു.എസ് പശ്ചിമേഷ്യൻ ദൂതൻ സ്റ്റിവ് വിറ്റ്കോഫ് നെതന്യാഹുവുമായി നടത്തിയ ചർച്ചയെ തുടർന്ന് ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ പുതിയ സ്ഥിതിഗതികൾ വിലയിരുത്തി. ബന്ദിമോചനത്തിനായി ഹമാസുമായി ചർച്ചക്ക് തയാറാകാൻ സ്റ്റിവ് വിറ്റ്കോഫ് നിർദേശിച്ചതായാണ് റിപ്പോർട്ട്. ഇസ്രായേൽ സംഘത്തോട് ദോഹയിൽ തുടരാനും നെതന്യാഹു നിർദേശിച്ചു. ബന്ദി മോചന റിപ്പോർട്ടുകൾക്കിടെയും ഇസ്രായേൽ ഗസ്സയിൽ കനത്ത ആക്രമണം തുടരുകയാണ്. അഭയാർഥികൾ തിങ്ങിക്കഴിയുന്ന ജബാലിയ ക്യാമ്പിലെ സ്കൂളിനുമേൽ ബോംബിട്ട് നിരവധി പേരെ ഇസ്രായേൽ സേന കൊലപ്പെടുത്തി.
Adjust Story Font
16

