എപ്സ്റ്റീനിൽ പുതിയ വഴിത്തിരിവ്; ട്രംപിനെ കുടുക്കുന്നത് ആ അശ്ലീല കത്തോ?
എപ്സ്റ്റീന്റെ ബാലപീഡന പരമ്പരയിൽ ട്രംപ് പങ്കുകാരനാണെന്ന് പലതരം അഭ്യൂഹങ്ങളും പുറത്തുവന്നുവെങ്കിലും കഴിഞ്ഞദിവസം അമേരിക്കൻ മാധ്യമമായ ദി വാൾ സ്ട്രീറ്റ് ജേർണൽ പുറത്തുവിട്ട എക്‌സ്‌ക്ലുസീവ് റിപ്പോർട്ട് അമേരിക്കൻ പ്രസിഡന്റിന് എതിരായ വിവാദങ്ങളുടെ മൂർച്ച കൂട്ടിയിരിക്കുകയാണ്

കഴിഞ്ഞ കുറച്ചുദിവസങ്ങളായി അമേരിക്കൻ രാഷ്ട്രീയം ഒരു പേരിനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുകയാണ്. യുഎസ് ജയിലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനും അയാളുടെ പേരിൽ അറിയപ്പെടുന്ന എപ്സ്റ്റീൻ ഫയൽസ് എന്ന രഹസ്യ രേഖകളുമാണ് വൈറ്റ് ഹൗസിനെ പോലും പിടിച്ചുലച്ചിരിക്കുന്നത്. ആ വിവാദകൊടുങ്കാറ്റിലെ മുഖ്യ പേരുകാരനാകട്ടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും.
എപ്സ്റ്റീന്റെ ബാലപീഡന പരമ്പരകളിൽ ട്രംപ് പങ്കുകാരനാണെന്ന് പലതരം അഭ്യൂഹങ്ങളും പുറത്തുവന്നുവെങ്കിലും കഴിഞ്ഞദിവസം അമേരിക്കൻ മാധ്യമമായ ദി വാൾ സ്ട്രീറ്റ് ജേർണൽ പുറത്തുവിട്ട എക്‌സ്‌ക്ലുസീവ് റിപ്പോർട്ട് അമേരിക്കൻ പ്രസിഡന്റിന് എതിരായ വിവാദങ്ങളുടെ മൂർച്ച കൂട്ടിയിരിക്കുകയാണ്. അതെ കുറിച്ചാണ് ഇന്ന് ഇൻഡെപ്ത് സംസാരിക്കുന്നത്... സ്വാഗതം
ആദ്യം എപ്സ്റ്റീനെ കുറിച്ച് പറയാം. ഒരു സാധാരണ കുടിയേറ്റ ജൂതകുടുംബത്തിൽ ജനിച്ച ജെഫ്രി എപ്സ്റ്റീനെ ആദ്യമായി ലോകം ശ്രദ്ധിക്കുന്നത് അയാളുടെ പണത്തിന്റെയും സ്വാധീനത്തിന്റെയും പേരിലായിരുന്നു. കോളേജ് വിദ്യാഭ്യാസം പോലും പൂർത്തിയാക്കാത്ത എപ്സ്റ്റീന് ശതകോടികളുടെ ആസ്തിയും നാനാതുറയിലുള്ള ഉന്നതരുമായി അടുപ്പവുമുണ്ടായിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ, എലിസബത്ത് രാഞ്ജിയുടെ മകൻ ആൻഡ്രൂ രാജകുമാരൻ ഉൾപ്പെടെയുള്ളർ ആ പട്ടികയിലെ പ്രമുഖരാണ്.
എന്നാൽ 2005 ആയപ്പോഴേക്കും കാര്യങ്ങൾ മാറിമറിഞ്ഞു. അതുവരെയുണ്ടായിരുന്ന പ്രശസ്തി കുപ്രസിദ്ധിയായി മാറി. അന്ന് ഫ്‌ലോറിഡ പൊലീസിന് മുൻപാകെ ഒരു 14 വയസുകാരിയുടെ മാതാപിതാക്കൾ രജിസ്റ്റർ ചെയ്ത കേസാണ് എല്ലാം മാറ്റിമറിച്ചത്. ഒരുപരാതിയിൽ തുടങ്ങിയ കേസന്വേഷണത്തിൽ അഴിഞ്ഞുവീണത് ജെഫ്രി എപ്സ്റ്റീന്റെ മുഖം മുടിയായിരുന്നു. അയാൾ നടത്തിയിരുന്ന ബാലപീഡനങ്ങങ്ങളും ലൈംഗിക കുറ്റകൃത്യങ്ങളും പുറത്തുവന്നു.
പ്രായപൂർത്തിയാകാത്ത നിരവധി പെൺകുട്ടികളെ തന്റെ കൊട്ടാരസമാനമായ മാളികയിലെത്തിച്ച് എപ്സ്റ്റീൻ ലൈംഗികമായി പീഡിപ്പിക്കുകയും ഉന്നതർക്ക് കാഴ്ചവയ്ക്കുകയും ചെയ്യുമായിരുന്നു എന്ന് അന്വേഷണത്തിൽ കണ്ടെത്തി. ലിറ്റിൽ സെന്റ് ജെയിംസ് ദ്വീപിലെ വസതിയിൽ എത്തിച്ചായിരുന്നു ഈ കുറ്റകൃത്യങ്ങളെല്ലാം നടത്തിയിരുന്നത്. എപ്സ്റ്റീന് സഹായിയായി സുഹൃത്തായിരുന്ന ഗിലൈൻ മാക്‌സ്വെല്ലുമുണ്ടായിരുന്നു. 2001 മുതൽ 2006 വരെ ഇരകളാക്കപ്പെട്ടത് എൺപതോളം പെൺകുട്ടികളായിരുന്നു എന്നും അന്വേഷണത്തിൽ കണ്ടെത്തി.
2005 ലെ കേസുകളെല്ലാം തന്റെ സ്വാധീനം ഉപയോഗിച്ച് എപ്സ്റ്റീൻ അട്ടിമറിച്ചെങ്കിലും 2018-ൽ വീണ്ടും പിടിമുറുകി. മയാമി ഹെറാൾഡ് എന്ന പത്രം പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോർട്ട് എപ്സ്റ്റീന്റെ ലൈംഗികാതിക്രമ ചരിത്രം മുഴുവൻ തെളിവുകളടക്കം പുറത്തെത്തിച്ചു. എലിസബത്ത് രാഞ്ജിയുടെ മകൻ ആൻഡ്രൂ രാജകുമാരൻ ഉൾപ്പെടെയുള്ളവർക്കെതിരെ അന്ന് ആരോപണങ്ങളും ഉയർന്നു. പിന്നാലെ 2019 ജൂലൈയിൽ എപ്സ്റ്റീൻ അറസ്റ്റിലായി. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമവും മനുഷ്യക്കടത്തും അടക്കമുള്ള കുറ്റങ്ങളായിരുന്നു ചുമത്തപ്പെട്ടത്. അറസ്റ്റോടുകൂടി, എപ്സ്റ്റീന്റെ ലൈംഗിക കുറ്റകൃത്യത്തിൽ പങ്കാളികളായ ഉന്നതരെയും നിയമത്തിന് മുന്നിലെത്തിക്കണമെന്ന ആവശ്യം അമേരിക്കയിൽ ഉയർന്നു. എപ്സ്റ്റീന്റെ വിചാരണയ്ക്കായി എല്ലാവരും കാത്തു. പക്ഷെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരുദിവസം ജയിൽമുറിക്കുള്ളിൽ എപ്സ്റ്റീനെ മരിച്ച നിലയിൽ കണ്ടെത്തി. സ്വയം ജീവനൊടുക്കിയതാണ് എന്നായിരുന്നു അന്വേഷണത്തിൽ കണ്ടെത്തൽ. പക്ഷെ ലോകം അത് വിശ്വസിച്ചില്ല.
എപ്സ്റ്റീന്റെ മരണം സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചു. ബിൽ ക്ലിന്റണും ഡൊണാൾഡ് ട്രംപും അടക്കമുള്ള പ്രമുഖരുടെ പേരുകൾ പുറത്തുവരാതിരിക്കാൻ എപ്സ്റ്റീനെ കൊലപ്പെടുത്തിയതാണ് എന്നായിരുന്നു അതിൽ പ്രധാനം. പിന്നാലെ എപ്സ്റ്റീൻ കേസിന്റെ അന്വേഷണത്തിനിടെ സമാഹരിച്ച രേഖകൾ അടങ്ങിയ എപ്സ്റ്റീൻ ഫയൽസ് പുറത്തുവിടണമെന്നും ആവശ്യം ഉയർന്നു. എപ്സ്റ്റീന്റെ കുറ്റകൃത്യത്തിൽ പങ്കാളികളായ പ്രമുഖരുടെ ലിസ്റ്റ് ഉൾപ്പെടെ എപ്സ്റ്റീൻ ഫയൽസിൽ ഉണ്ടെന്നാണ് കരുതപ്പെടുന്നത്.
അങ്ങനെയിരിക്കെയാണ്, അടുത്തിടെ ഡൊണാൾഡ് ട്രംപിന്റെ അടുത്ത സുഹൃത്ത് ആയിരുന്ന ശതകോടീശ്വരൻ ഇലോൺ മസ്‌ക്, എക്‌സിലൊരു പോസ്റ്റിടുന്നത്. എപ്സ്റ്റീൻ നടത്തിയ ബാലപീഡനങ്ങളിൽ ട്രംപിനും പങ്കുണ്ടെന്നായിരുന്നു മസ്‌കിന്റെ ആരോപണം. എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകൾ ട്രംപ് രഹസ്യമാക്കി വെച്ചിരിക്കുന്നത് അതുകൊണ്ടാണെന്നും മസ്‌ക് ആരോപിച്ചു. ഇതോടെ എപ്സ്റ്റീൻ ഫയൽസ് പുറത്തുവിടണമെന്ന് ആവശ്യം പൂർവാധികം ശക്തി പ്രാപിച്ചു.
2025 ഫെബ്രുവരിയിൽ യു എസ് അറ്റോർണി ജനറൽ, പാം ബോണ്ടി പുറത്തുവിട്ട എപ്സ്റ്റീൻ ഫയൽസ് PHASE വണ്ണിൽ, ട്രംപിന്റെ പേര് ഒൻപതിടത്ത് ഉണ്ടെന്നാണ് എ ബി സി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ഒപ്പം ട്രംപിന് എപ്സ്റ്റീനുമായി ഉണ്ടായിരുന്ന ബന്ധവും അവർ ഒരുമിച്ചുനിൽക്കുന്ന ചിത്രങ്ങളുമെല്ലാം നേരത്തെ തന്നെ പുറത്തുവന്നിട്ടുമുണ്ട്. അങ്ങനെ എല്ലാം കൊണ്ടും ഊഹാപോഹങ്ങൾക്ക് ശക്തി പകരുന്ന റിപോർട്ടുകൾ പുറത്തുവരുമ്പോഴാണ് കഴിഞ്ഞദിവസം വാൾ സ്ട്രീറ്റ് ജേർണലും ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 2003ൽ എപ്സ്റ്റീന്റെ അൻപതാം പിറന്നാളിന് ട്രംപയച്ചുവെന്ന് പറയുന്ന കത്തിലെ വിശദാംശങ്ങളാണ് അവർ പുറത്തുവിട്ടത്.
എപ്സ്റ്റീന് ജന്മദിനാശംസകൾ നേർന്നു കൊണ്ടായച്ച കത്തിൽ, ഒരു സ്ത്രീയുടെ നഗ്‌നചിത്രം വരച്ചിട്ടുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. അശ്ലീലമായ നിരവധി ഉള്ളടക്കങ്ങൾക്കൊപ്പം 'എല്ലാ ദിവസവും അത്ഭുതകരമായ രഹസ്യമായിരിക്കട്ടെ' എന്ന ആശംസയും ട്രംപ് നേരുന്നുണ്ടെന്നാണ് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ടിൽ പറയുന്നത്.
വാർത്ത ട്രംപ് നിഷേധിച്ചിരിക്കുകയാണ്. വാൾ സ്ട്രീറ്റ് ജേർണലിന്റെ മാതൃസ്ഥാപനമായ ഡൗ ജോൺസിനും ഉടമ റൂപർട്ട് മർഡോക്കിനുമെതിരെ പത്ത് ബില്യൺ ഡോളറിന്റെ മാനനഷ്ടക്കേസ് നൽകിയിട്ടുമുണ്ട്. എന്നാൽ തങ്ങളുടെ റിപ്പോർട്ടിൽ ഉറച്ചുനിൽക്കുന്നു എന്ന നിലപാടിലാണ് മാധ്യമസ്ഥാപനം. നിയമപോരാട്ടം നടത്തമെന്നും വ്യക്തമാക്കിയിട്ടുണ്ട്.. അതിനിടെ, എപ്സ്റ്റീൻ അന്വേഷണ പാനലിന് മുൻപാകെ നടത്തിയ വെളിപ്പെടുത്തൽ അടങ്ങിയ രേഖ പുറത്തുവിടാൻ ആവശ്യപ്പെടാൻ അറ്റോർണി ജനറൽ പാം ബോണ്ടിയോട് നിർദേശിച്ചിരിക്കുകയാണ് ട്രംപ്
Adjust Story Font
16

