Quantcast

ഗസ്സയ്ക്കു വേണ്ടി ശബ്ദമുയർത്തിയതിന് അറസ്റ്റിലായ വിദ്യാർഥിനിക്ക് പിന്തുണയുമായി അമേരിക്കൻ യൂണിവേഴ്‌സിറ്റി

ഇതാദ്യമായാണ് ഇത്തരത്തിൽ നടപടി നേരിടുന്ന വിദേശ വിദ്യാർഥിക്കു വേണ്ടി ഒരു അമേരിക്കൻ യൂണിവേഴ്‌സിറ്റി രംഗത്തുവരുന്നത്.

MediaOne Logo

Web Desk

  • Published:

    4 April 2025 6:42 PM IST

ഗസ്സയ്ക്കു വേണ്ടി ശബ്ദമുയർത്തിയതിന് അറസ്റ്റിലായ വിദ്യാർഥിനിക്ക് പിന്തുണയുമായി അമേരിക്കൻ യൂണിവേഴ്‌സിറ്റി
X

മസാച്ചുസെറ്റ്‌സ്: ഫലസ്തീൻ അനുകൂല നിലപാടിന്റെ പേരിൽ വിദേശ വിദ്യാർത്ഥികളെ നാടുകടത്തുന്ന ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ അമേരിക്കയിലെ ടുഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റി. നാടുകടത്തുന്നതിനായി ഇമിഗ്രേഷൻ അധികൃതർ അറസ്റ്റ് ചെയ്ത തുർക്കിഷ് വംശജയായ റുമൈസ ഒസ്തുർക്ക് എന്ന വിദ്യാർഥിനിക്ക് നിയമസഹായവുമായി യൂണിവേഴ്‌സിറ്റി രംഗത്തുവന്നു. ടുഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റിയുടെ ഇന്ത്യൻ വംശജനായ പ്രസിഡണ്ട് സുനിൽ കുമാർ ആണ് തങ്ങളുടെ കീഴിൽ ഡോക്ടറൽ പഠനം നടത്തുന്ന വിദ്യാർഥിനിക്കു വേണ്ടി മസാച്ചുസെറ്റ്‌സ് ജില്ലാ കോടതിയെ സമീപിച്ചത്. ഇതാദ്യമായാണ് ഇത്തരത്തിൽ നടപടി നേരിടുന്ന വിദേശ വിദ്യാർഥിക്കു വേണ്ടി ഒരു അമേരിക്കൻ യൂണിവേഴ്‌സിറ്റി രംഗത്തുവരുന്നത്.

യൂണിവേഴ്‌സിറ്റിയിലെ മൂന്നാം വർഷ ഡോക്ടറൽ വിദ്യാർഥിനിയായ റുമൈസ ഒസ്തുർക്കിനെ കഴിഞ്ഞ മാസമാണ് യു.എസ് ഇമിഗ്രേഷൻ ഓഫീസർമാർ കസ്റ്റഡിയിലെടുത്തത്. ഫലസ്തീനിൽ വംശഹത്യ നടത്തുന്ന ഇസ്രായേലുമായുള്ള അക്കാദമിക ബന്ധങ്ങൾ വിച്ഛേദിക്കണമെന്നാവശ്യപ്പെട്ട് റുമൈസ അടക്കമുള്ള വിദ്യാർത്ഥികൾ യൂണിവേഴ്‌സിറ്റി പോർട്ടലിൽ എഴുതിയ ഓപ് എഡ് ലേഖനമാണ് നടപടിക്കു കാരണമായത്. സുഹൃത്തുക്കളെ കാണാനും നോമ്പുതുറക്കാനുമായി വീട്ടിൽ നിന്ന് ഇറങ്ങിയ റുമൈസയെ ഉദ്യോഗസ്ഥർ പിടികൂടുകയും അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയുമായിരുന്നു. 30-കാരിയായ റുമൈസയെ പല സ്റ്റേറ്റുകളിലേക്കും കൊണ്ടുപോയെന്നും ഇത് നിയമസഹായം ലഭ്യമാക്കാതിരിക്കാനാണെന്നും അവരുടെ അഭിഭാഷകർ ആരോപിച്ചു.

മസാച്ചുസെറ്റ്‌സ് ജില്ലാ കോടതിയിലെ നടപടികൾക്കിടയിലാണ് ടുഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റി പ്രസിഡണ്ട് സുനിൽ കുമാർ 30-കാരിയായ റുമൈസക്ക് അനുകൂലമായ നിലപാട് വ്യക്തമാക്കിയത്. മൂന്നാം വർഷ ഡോക്ടറൽ വിദ്യാർഥിനിയായ അവർ നല്ല അക്കാദമിക് മികവുള്ളയാളാണെന്നും എത്രയും വേഗം അവരെ വിട്ടയച്ച് പഠനം തുടരാൻ അനുവദിക്കണമെന്നും സുനിൽ കുമാറിനു വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചു.

'റുമൈസ ഓസ്തുർക്കിനെ എത്രയും വേഗം മോചിപ്പിക്കുകയും പഠനം തുടർന്ന് ഡിഗ്രി പൂർത്തിയാക്കാൻ അനുവദിക്കുകയും വേണം. മൂന്നാം വർഷ ഡോക്ടറൽ വിദ്യാർഥിനിയായ അവർ അക്കാദമിക്, അഡ്മിനിസ്‌ട്രേറ്റീവ് മേഖലകളിൽ മികവ് പുലർത്തുന്നയാളാണ്. പഠനത്തിനു വേണ്ടി സ്വയം സമർപ്പിച്ച കഠിനാധ്വാനിയായ വിദ്യാർഥിനി എന്നാണ് അവരെ ഫാക്കൽറ്റി വിശേഷിപ്പിക്കുന്നത്.' സുനിൽ കുമാർ പറഞ്ഞു. രാജ്യത്തു നിന്ന് പുറത്താക്കാൻതക്ക കുറ്റമൊന്നും അവർ ചെയ്തിട്ടില്ലെന്നും യൂണിവേഴ്‌സിറ്റി പോർട്ടലിൽ മറ്റു ചിലർക്കൊപ്പം എഴുതിയ ഓപ് എഡ് ആകാം അധികൃതരെ പ്രകോപിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. റുമൈസ എഴുത്തിൽ പങ്കാളിയായ ലേഖനം യൂണിവേഴ്‌സിറ്റിയുടെ നയങ്ങൾ ലംഘിക്കുന്നതല്ലെന്നും അതിനെതിരെ ആരും പരാതിപ്പെട്ടിട്ടില്ലെന്നും സുനിൽ കുമാർ കൂട്ടിച്ചേർത്തു.

TAGS :

Next Story