കിഴക്കൻ ചൈനയെ ഉലച്ച് 'ഡോള്‍ഫിന്‍' ചുഴലിക്കാറ്റ്; 10 ലക്ഷം ആളുകളെ ഒഴിപ്പിച്ചു
ഞായറാഴ്ച വൈകീട്ട് സെജിയാങ് പ്രവിശ്യയിലെ യുഹുവാനിലാണ് ആദ്യം ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്

ബീജിങ്: കിഴക്കന്‍ ചൈനയില്‍ കനത്ത നാശനഷ്ടം വിതച്ച് 'ഡോള്‍ഫിന്‍' ചുഴലിക്കാറ്റ്. മഴ ശക്തമായതോടെ 10 ലക്ഷത്തിലധികം പേരെ ഒഴിപ്പിച്ചു. ബുധനാഴ്ച വരെ അതിശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഞായറാഴ്ച വൈകീട്ട് സെജിയാങ് പ്രവിശ്യയിലെ യുഹുവാനിലാണ് ആദ്യം ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ഒരു മണിക്കൂറിന് ശേഷം വെന്‍ഷോ നഗരത്തിലും ചുഴലിക്കാറ്റ് കരതൊട്ടു.
മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച കാറ്റില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. മേഖലയില്‍ ഗതാഗത സംവിധാനങ്ങള്‍ താറുമാറായി. ഷാങ്ഹായില്‍ മാത്രം 1,400 വിമാന സര്‍വീസുകള്‍ റദ്ദാക്കി. മുന്നോറോളം ഫെറി സര്‍വീസുകളും റദ്ദാക്കി.
നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതിനാല്‍ ദുരന്തത്തിന്റെ വ്യാപ്തി കുറഞ്ഞു. ഇന്ന് രാവിലെയോടെ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായാണ് നിഗമനം. നിലവില്‍ ചുഴലിക്കാറ്റ് ചൈനയുടെ ഉള്‍പ്രദേശങ്ങളിലേക്ക് നീങ്ങുകയാണ്.
ഷാന്‍ഡോങ്, ഹെനാന്‍, ഹുബെയ്, അന്‍ഹുയി, ജിയാങ്‌സു, സെജിയാങ് പ്രവിശ്യകളിലും ഷാങ്ഹായ് നഗരത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
ചൈനയ്ക്ക് പുറമെ തായ്‌വാന്‍, ജപ്പാന്‍, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലും ഡോള്‍ഫിന്‍ ചുഴലിക്കാറ്റ് കാരണം വന്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Adjust Story Font
16

