റഷ്യ-യുക്രൈൻ യുദ്ധം അവസാനിക്കുന്നു: ട്രംപിന്റെ സമാധാന കരാറിന് യുക്രൈൻ അംഗീകാരം നൽകിയതായി റിപ്പോർട്ട്
യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കി ഈ മാസം യുഎസ് സന്ദർശിച്ചേക്കും

വാഷിങ്ടണ്‍: നാലു വർഷത്തോളമായി തുടരുന്ന റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഡൊണാൾഡ് ട്രംപ് ഭരണകൂടം മുന്നോട്ടുവെച്ച സമാധാന കരാറിന് യുക്രൈൻ സർക്കാർ അംഗീകാരം നൽകിയതായി റിപ്പോർട്ട്.
കരാറിലെ പ്രധാന വ്യവസ്ഥകളിൽ ധാരണയായെന്നും ഇനി ചില ചെറിയ കാര്യങ്ങൾ കൂടി മാത്രമേ തീരുമാനിക്കാനുള്ളൂവെന്നും യുഎസ് ഉദ്യോഗസ്ഥരും യുക്രൈൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റുസ്തം ഉമറോവും വ്യക്തമാക്കിയതായി സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ നടത്താൻ യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കി ഈ മാസം യുഎസ് സന്ദർശിച്ചേക്കുമെന്നും റുസ്തം ഉമറോവ് വ്യക്തമാക്കുന്നു. ഏറ്റവും അനുയോജ്യമായ ആദ്യ തീയതിയിൽ സന്ദർശനം നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ആദ്ദേഹം പറഞ്ഞു.
അതേസമയം ട്രംപ്-സെലെൻസ്‌കി ചർച്ചകളെക്കുറിച്ച് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. യുദ്ധം അവസാനിപ്പിക്കുന്നതിനായി ട്രംപ് മുന്നോട്ടുവെച്ച 28 ഇന സമാധാന പദ്ധതി പ്രകാരം യുക്രൈൻ തങ്ങളുടെ അധീനതയിലുള്ള കൂടുതൽ പ്രദേശങ്ങൾ വിട്ടുനൽകേണ്ടി വരും. കൂടാതെ സൈനിക നിയന്ത്രണങ്ങൾ അംഗീകരിക്കുകയും നാറ്റോ അംഗത്വം എന്നന്നേക്കുമായി ഉപേക്ഷിക്കുകയും വേണം. നേരത്തെ കീഴടങ്ങലിന് തുല്യമാണെന്ന് വിശേഷിപ്പിച്ച് യുക്രൈൻ തള്ളിക്കളഞ്ഞ വ്യവസ്ഥകളായിരുന്നു ഇവ.
Adjust Story Font
16

