റഷ്യൻ വ്യോമാക്രമണത്തിൽ യുക്രൈന്റെ എഫ്- 16 യുദ്ധവിമാനം തകർന്ന് പൈലറ്റ് കൊല്ലപ്പെട്ടു
നാലാം വർഷത്തിലേക്ക് കടക്കുന്ന റഷ്യ- യുക്രൈൻ യുദ്ധത്തിൽ കനത്ത ആക്രമണമാണ് ഇപ്പോഴും നടക്കുന്നത്.

കിയവ്: റഷ്യൻ വ്യോമാക്രമണമത്തിൽ യുക്രൈന്റെ എഫ്- 16 യുദ്ധവിമാനം തകർന്ന് പൈലറ്റ് കൊല്ലപ്പെട്ടു. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു റഷ്യയുടെ ആക്രമണം. ഇത് ചെറുക്കുന്നതിനിടെയാണ് യുക്രൈൻ വിമാനം തകർന്നത്. നാലാം വർഷത്തിലേക്ക് കടക്കുന്ന റഷ്യ- യുക്രൈൻ യുദ്ധത്തിൽ കനത്ത ആക്രമണമാണ് ഇപ്പോഴും നടക്കുന്നത്. വെടിനിർത്തൽ ചർച്ചകളൊന്നും ഇതുവരെ ഫലം കണ്ടിട്ടില്ല.
''ഇന്ന് രാത്രി ശത്രുവിന്റെ ശക്തമായ വ്യോമാക്രമണത്തെ ചെറുക്കുന്നതിനിടെ ഒന്നാം ക്ലാസ് പൈലറ്റ് ലഫ്റ്റനന്റ് കേണൽ മാക്‌സിം ഉസ്റ്റിമെൻകോ എഫ്- 16 വിമാനത്തിൽ കൊല്ലപ്പെട്ടു''- യുക്രൈൻ വ്യോമസേന പ്രസ്താവനയിൽ പറഞ്ഞു.
ഷഹീദ് ഡ്രോണുകൾ, ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകൾ എന്നിവയുൾപ്പെടെ 537 പ്രൊജക്ടൈലുകൾ റഷ്യ തങ്ങൾക്കെതിരെ പ്രയോഗിച്ചെന്നും ഇതിൽ 475 എണ്ണം തടഞ്ഞെന്നും യുക്രൈൻ സൈന്യം അവകാശപ്പെട്ടു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആക്രമണത്തിന്റെയും സ്‌ഫോടനത്തിന്റെയും ശബ്ദം കേട്ടതായി യുക്രൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആക്രമണത്തിൽ ആറുപേർക്ക് പരിക്കേറ്റുവെന്നും വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചുവെന്നും യുക്രൈനിലെ ചെർകാസി മേഖലയിലെ ഗവർണർ ഇഹോർ ടാബുറെറ്റ്‌സ് പറഞ്ഞു. ആക്രമണത്തിൽ മൂന്ന് ബഹുനില കെട്ടിടങ്ങൾക്കും ഒരു കോളജിനും കേടുപാടുണ്ടായി.
Adjust Story Font
16

