Quantcast

യുക്രൈൻ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി ഇന്ത്യയിലേക്ക്; മോദിയെ ക്ഷണിക്കും

യുക്രൈൻ യുദ്ധത്തിൽ നിഷ്പക്ഷ നിലപാടാണ് ഇന്ത്യ ഇതുവരെ സ്വീകരിച്ചിട്ടുള്ളത്

MediaOne Logo

Web Desk

  • Published:

    8 April 2023 9:06 AM GMT

Emine Dzhaparova
X

ന്യൂഡൽഹി: റഷ്യൻ അധിനിവേശം തുടരുന്നതിനിടെ യുക്രൈൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി എമിനെ ദപറോവ ഇന്ത്യ സന്ദർശിക്കുന്നു. നാലു ദിവസത്തെ സന്ദർശനത്തിനായി അവർ തിങ്കളാഴ്ച ന്യൂഡൽഹിയിലെത്തും. യുക്രൈനിലെ സ്ഥിതി വിശേഷം അടക്കം നിരവധി വിഷയങ്ങളിൽ അവർ ഇന്ത്യൻ അധികൃതരുമായി ചർച്ച നടത്തും. വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി, ദേശീയ സുരക്ഷാ സഹ ഉപദേഷ്ടാവ് വിക്രം മിസ്ത്രി എന്നിവരുമായി ഇവർ ചര്‍ച്ച നടത്തുന്നുണ്ട്.

സെപ്തംബറിലെ ജി 20 ഉച്ചകോടിയിൽ യുക്രൈൻ പ്രസിഡണ്ട് വ്‌ളാദിമിർ സെലൻസ്‌കിക്ക് സംസാരിക്കാൻ അവസരം ഉറപ്പാക്കുക എന്ന ലക്ഷ്യം കൂടി എമിനെയുടെ സന്ദർശനത്തിലുണ്ട്. സമ്മേളനത്തിലേക്ക് സെലൻസ്‌കിയെ ക്ഷണിക്കാൻ ഇന്ത്യയ്ക്കു മേൽ പടിഞ്ഞാറൻ രാഷ്ട്രങ്ങളുടെ സമ്മർദമുണ്ട്. എന്നാൽ ഇന്ത്യ ഇക്കാര്യത്തിൽ മനസ്സു തുറന്നിട്ടില്ല.

യുക്രൈൻ സന്ദർശിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇവർ ഔദ്യോഗികമായി ക്ഷണിക്കുമെന്നും റിപ്പോർട്ടുണ്ട്. യുക്രൈൻ യുദ്ധത്തിൽ നിഷ്പക്ഷ നിലപാടാണ് ഇന്ത്യ ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. പടിഞ്ഞാറൻ രാഷ്ട്രങ്ങൾ അധിനിവേശത്തെ നിശിതമായി വിമർശിക്കുമ്പോൾ പൊതുവേദിയിൽ ഇന്ത്യ ഇതുവരെ റഷ്യയെ തള്ളിപ്പറഞ്ഞിട്ടില്ല.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് യുക്രൈനിൽ റഷ്യൻ അധിനിവേശം ആരംഭിച്ചത്. യുദ്ധം ഒരു വർഷം പിന്നിടുമ്പോഴും തലസ്ഥാനമായ കിയവ് പിടിച്ചടക്കാൻ റഷ്യൻ സേനയ്ക്കായിട്ടില്ല. ഒരു വർഷത്തിനിടെ എട്ടായിരത്തിലേറെ സാധാരണക്കാരാണ് യുദ്ധത്തിൽ കൊല്ലപ്പെട്ടത്.





TAGS :

Next Story