Quantcast

രണ്ടാംഘട്ട സമാധാന ചർച്ച പുരോഗമിക്കുന്നു; യുക്രൈനിൽ ബോംബ് വർഷം തുടർന്ന് റഷ്യ, ചെർനിഹിവിൽ 21 പേർ കൊല്ലപ്പെട്ടു

യുക്രൈനെ സമ്പൂർണമായി നിരായുധീകരിക്കുകയെന്ന ലക്ഷ്യം കൈവരിക്കുംവരെ യുക്രൈനിൽ ആക്രമണം തുടരുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുടിൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനോട് വ്യക്തമാക്കിയിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    3 March 2022 5:02 PM GMT

രണ്ടാംഘട്ട സമാധാന ചർച്ച പുരോഗമിക്കുന്നു; യുക്രൈനിൽ ബോംബ് വർഷം തുടർന്ന് റഷ്യ, ചെർനിഹിവിൽ 21 പേർ കൊല്ലപ്പെട്ടു
X

യുക്രൈൻ-റഷ്യ സംഘർഷത്തിൽ രണ്ടാംഘട്ട സമാധാന ചർച്ചയ്ക്ക് തുടക്കം. ബെലറൂസ്-പോളിഷ് അതിർത്തി നഗരമായ ബ്രസ്റ്റിലാണ് ചർച്ച നടക്കുന്നത്. അതിനിടെ, യുക്രൈൻ നഗരങ്ങളിൽ റഷ്യയുടെ വ്യോമാക്രമണം മുടക്കമില്ലാതെ തുടരുകയാണ്. ചെർനിഹിവിൽ റഷ്യൻ വ്യോമാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. ആക്രമണം തുടരുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുടിൻ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

യുക്രൈൻ പ്രസിഡിന്റിന്റെ ഉപദേഷ്ടാവ് മിഖായേലോ പൊഡോലിയാക് ആണ് ചർച്ച ആരംഭിച്ച വിവരം അറിയിച്ച് ട്വീറ്റ് ചെയ്തത്. അടിയന്തര വെടിനിർത്തൽ, റഷ്യൻ സേനാപിന്മാറ്റം, യുദ്ധബാധിത മേഖലയിൽനിന്ന് നാട്ടുകാരെ ഒഴിപ്പിക്കാനായി സുരക്ഷിത പാത ആരംഭിക്കൽ തുടങ്ങിയ വിഷയങ്ങളാണ് ചർച്ചയിലെ പ്രധാന അജണ്ടകളെന്ന് ട്വീറ്റിൽ പൊഡൊലിയാക് സൂചിപ്പിച്ചു.

ലക്ഷ്യം കൈവരിക്കുംവരെ യുക്രൈനിൽ നടപടി തുടരുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുടിൻ വ്യക്തമാക്കിയിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് പുടിൻ ഇക്കാര്യം അറിയിച്ചത്. യുക്രൈനെ സമ്പൂർണമായി നിരായുധീകരിക്കുകയാണ് ലക്ഷ്യം. കിയവിലെ ഏതു പ്രതിരോധനീക്കവും തങ്ങളുടെ ആവശ്യങ്ങളുടെ പട്ടിക നീട്ടുക മാത്രമാണ് ചെയ്യുകയെന്നും പുടിൻ അറിയിച്ചിട്ടുണ്ട്.

ചെർനിഹിവിൽ വൻ നാശം; ഖേഴ്‌സനു പിന്നാലെ പുതിയ നഗരങ്ങളിലേക്ക്

സമാധാനചർച്ചയ്ക്കിടയിലും യുക്രൈന്റെ വിവിധ ഭാഗങ്ങളിൽ റഷ്യൻസേന ബോംബാക്രമണം തുടരുകയാണ്. വടക്കൻ യുക്രൈനിലെ ചരിത്രനഗരമായ ചെർനിഹിവിൽ നടത്തിയ വ്യോമാക്രമണത്തിൽ 22 പേരാണ് കൊല്ലപ്പെട്ടത്. നേരത്തെ, പ്രദേശത്തെ രണ്ട് സ്‌കൂളുകൾക്കും വീടുകൾക്കും നേരെ ആക്രമണമുണ്ടായതായി യുക്രൈൻ വൃത്തങ്ങൾ അറിയിച്ചിരുന്നു.

ദക്ഷിണ യുക്രൈനിലെ സുപ്രധാന നഗരമായ ഖേഴ്‌സൻ ഇന്നു രാവിലെ റഷ്യൻസേന നിയന്ത്രണത്തിലാക്കിയിരുന്നു. കരിങ്കടൽ തീരത്തെ തുറമുഖ നഗരമായ ഖേഴ്‌സൻ കനത്ത പോരാട്ടത്തിനൊടുവിലാണ് റഷ്യൻസേനയ്ക്ക് കീഴിലാകുന്നത്. എട്ടുദിവസമായി തുടരുന്ന യുക്രൈനിലെ സൈനികനടപടിക്കിടയിൽ റഷ്യൻസേന പിടിയിലാക്കുന്ന ഏറ്റവും സുപ്രധാന നഗരമാണ് ഖേഴ്‌സൻ. തലസ്ഥാനമായ കിയവിലും രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിലും കടുത്ത ആക്രമണമാണ് തുടരുന്നത്. ചെർനിഹിവിനു പുറമെ മാരിയോപോളും റഷ്യൻസൈന്യം വളഞ്ഞിരിക്കുകയാണ്.

ഖേഴ്‌സനിൽ നഗരസഭാ കാര്യാലയം പിടിച്ചടക്കിയ റഷ്യൻസൈന്യം നഗരത്തിൽ കർഫ്യു പ്രഖ്യാപിക്കുകയു ചെയ്തിട്ടുണ്ടെന്ന് ഖേഴ്‌സൻ മേയർ ഇഗോർ കൊലിഖേവ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. മൂന്നു ലക്ഷത്തോളമാണ് നഗരത്തിലെ ജനസംഖ്യ. റഷ്യൻസൈന്യത്തെ അനുസരിക്കാൻ മേയർ നാട്ടുകാരോട് നിർദേശിച്ചിട്ടുണ്ട്. റഷ്യൻസൈന്യം മുന്നോട്ടുവയ്ക്കുന്ന നിബന്ധനകളെല്ലാം അനുസരിക്കണമെന്ന് ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.

രാത്രി എട്ടുമുതൽ പുലർച്ചെ ആറുവരെയാണ് റഷ്യൻസേന കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. രണ്ടുപേരിൽ കൂടുതൽ ആളുകൾ കൂടുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണവും മരുന്നുകളും മറ്റ് അവശ്യവസ്തുക്കളുമായി എത്തുന്ന വാഹനങ്ങളെമാത്രമേ നഗരത്തിൽ പ്രവേശിപ്പിക്കൂ. കുറഞ്ഞ വേഗത്തിൽ മാത്രമേ നഗരത്തിൽ വാഹനം ഓടിക്കാനും പാടുള്ളൂവെന്നും സൈന്യത്തിന്റെ നിർദേശങ്ങളിൽ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിൽ സിവിലിയന്മാരെ വെടിവയ്ക്കരുതെന്ന് ഇഗോർ കൊലിഖോവ് റഷ്യൻ സൈന്യത്തോട് അപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. യുക്രൈൻ സൈന്യം സമ്പൂർണമായി നഗരത്തിൽനിന്ന് പിന്മാറിയിട്ടുണ്ടെന്നും ഇതിനാൽ ഇനി ആക്രമണം തുടരുന്നതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇനി പോരാട്ടം ഖേഴ്‌സൻ താവളമാക്കി

ഖേഴ്‌സൻ പിടിച്ചടക്കിയതോടെ രാജ്യത്തെ ഏറ്റവും വലിയ തുറമുഖ നഗരമായ ഒഡേസയിലേക്കുള്ള പാത റഷ്യൻസൈന്യത്തിന് എളുപ്പമായിരിക്കുകയാണ്. കരിങ്കടലിൽ ചെന്നുചേരുന്ന നീപർ നദിയുടെ തീരത്തായാണ് ഖേഴ്‌സൻ സ്ഥിതി ചെയ്യുന്നത്. നഗരം കീഴടങ്ങിയതോടെ മറ്റു ഭാഗങ്ങളിലേക്ക് സൈനിക നടപടി വ്യാപിപ്പിക്കാൻ റഷ്യയ്ക്ക് കൂടുതൽ എളുപ്പമാകും. ഖേഴ്‌സനിൽ സൈനികതാവളമൊരുക്കിയായിരിക്കും മറ്റു മേഖലകളിൽ ഇനി റഷ്യ ആക്രമണം ശക്തമാക്കുക.

അതേസമയം, തലസ്ഥാനമായ കിയവും പ്രധാന നഗരങ്ങളായ ഖാർകിവും ചെർനിഹിും മരിയോപോളുമെല്ലാം യുക്രൈൻ നിയന്ത്രണത്തിൽ തന്നെ തുടരുകയാണ്. ശക്തമായ പോരാട്ടമാണ് റഷ്യൻ-യുക്രൈൻ സൈന്യങ്ങൾ തമ്മിൽ ഇവിടങ്ങളിൽ നടക്കുന്നത്. നഗരങ്ങളിൽ റഷ്യ കനത്ത ഷെല്ലാക്രമണവും തുടരുകയാണ്.

എട്ടുദിവസത്തിനിടെ റഷ്യൻ ആക്രമണത്തിൽ 2,000 സിവിലിയന്മാർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് യുക്രൈൻ കണക്കാക്കുന്നത്. 227 സാധാരണക്കാർ കൊല്ലപ്പെട്ടതായി യു.എൻ സംഘവും സ്ഥിരീകരിച്ചിട്ടുണ്ട്. തങ്ങളുടെ 498 സൈനികർ കൊല്ലപ്പെട്ടതായി റഷ്യയും സമ്മതിച്ചിട്ടുണ്ട്. 1,597 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ഫലം കാണാതെ പോയ ആദ്യ ചർച്ച

ബെലറൂസിൽ നടന്ന ആദ്യഘട്ട ചർച്ച കാര്യമായ പുരോഗതിയില്ലാതെയാണ് പിരിഞ്ഞത്. എന്നാൽ, രണ്ടാംഘട്ട ചർച്ചയ്ക്കുള്ള സാധ്യത ഇരുവിഭാഗവും തള്ളിക്കളഞ്ഞിരുന്നില്ല. അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കണം, റഷ്യൻസേന പൂർണമായി യുക്രൈനിൽനിന്ന് പിന്മാറണം എന്നീ രണ്ട് ആവശ്യങ്ങളായിരുന്നു യുക്രൈൻ മുന്നോട്ടുവച്ചിരുന്നത്. ഇക്കാര്യം അംഗീകരിക്കാൻ റഷ്യൻസംഘം തയാറാകാതിരുന്നതോടെയാണ് ചർച്ച ഫലമില്ലാതെ പിരിഞ്ഞത്.

റഷ്യയുടെ സഖ്യരാജ്യം കൂടിയായ ബെലാറൂസിൽ സമാധാന ചർച്ചയ്ക്ക് നേരത്തെ യുക്രൈൻ സന്നദ്ധമായിരുന്നില്ല. ബെലാറൂസിലുള്ള റഷ്യൻ വ്യോമതാളവങ്ങളിൽനിന്നു കൂടി ആക്രമണം നേരിടുന്ന സാഹചര്യത്തിൽ മറ്റേതെങ്കിലും രാജ്യത്ത് വച്ചാകാം ചർച്ച എന്ന നിലപാടിലായിരുന്നു യുക്രൈൻ. ബെലാറൂസ് പ്രസിഡൻറ് അലെക്‌സാണ്ടർ ലുകാഷെങ്കോ റഷ്യയ്ക്ക് സഹായവുമായി സൈന്യത്തെ അയക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു.

പിന്നീട് നയതന്ത്ര ഇടപെടലുകൾക്കൊടുവിൽ തങ്ങളുടെ പ്രതിനിധികളെ അയക്കാൻ യുക്രൈൻ സമ്മതിക്കുകയായിരുന്നു. കൂടിക്കാഴ്ചയിൽ അനുകൂലമായ ഫലമുണ്ടാകുമെന്ന് വിശ്വാസമില്ലെങ്കിലും ചർച്ച നടക്കട്ടെയെന്നാണ് യുക്രൈൻ പ്രസിഡൻറ് വ്‌ള്ദാമിർ സെലൻസ്‌കി വ്യക്തമാക്കിയിരുന്നത്.

പ്രതിരോധ മന്ത്രി ഒലെക്‌സി റെസ്‌നികോവ്, പ്രസിഡന്റിന്റെ ഉപദേഷ്ടാവ് മിഖായേൽ പോഡൊലിയാക്ക് അടക്കമുള്ള പ്രമുഖർ റഷ്യൻ സംഘത്തിലുണ്ടായിരുന്നു. അടിയന്തരമായ വെടിനിർത്തലും റഷ്യയുടെ സേനാപിന്മാറ്റവുമാണ് ചർച്ച ചെയ്യാൻ പോകുന്ന പ്രധാന വിഷയങ്ങളെന്ന് യുക്രൈൻ വാർത്താകുറിപ്പിലൂടെ നേരത്തെ അറിയിച്ചിരുന്നു. യുക്രൈൻ-ബെലാറൂസ് അതിർത്തിയിലാണ് ചർച്ചാവേദി ഒരുക്കിയിരുന്നത്. ചർച്ചയ്ക്കായി ഒരുക്കിയ വേദിയുടെ ചിത്രം ബെലാറൂസ് വിദേശകാര്യ മന്ത്രാലയം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. ചർച്ചയ്ക്കായി റഷ്യൻ സംഘമാണ് ആദ്യമെത്തിയത്. പ്രസിഡന്റ് വ്‌ള്ദാമിർ പുടിൻറെ പ്രതിനിധികളും സംഘത്തിലുണ്ടായിരുന്നു.

Summary: Ukraine-Russia second round talks under way; 22 Killed In Air Strikes In Chernihiv

TAGS :

Next Story