Quantcast

അധിനിവേശം മൂലം ഫലസ്തീന് ശ്വാസംമുട്ടുന്നു, ഗസ്സയിൽ നിയമലംഘനം: യുഎൻ സെക്രട്ടറി ജനറൽ

യുഎൻ രക്ഷാസമിതിയിൽ യുഎൻ സെക്രട്ടറി ജനറൽ നടത്തിയ പ്രസംഗത്തിന്റെ പൂർണ രൂപം

MediaOne Logo

Web Desk

  • Updated:

    2023-10-25 11:42:11.0

Published:

25 Oct 2023 10:33 AM GMT

UN Secretary-General Antonio Guterres speech in support of Palestine at the UN Security Council
X

ഫലസ്തീനെ പിന്തുണച്ച്‌ യുഎൻ രക്ഷാസമിതിയിൽ യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറസിന്റെ പ്രസംഗം. ഹമാസിന്റെ ആക്രമണങ്ങൾ ശൂന്യതയിൽ നിന്ന് സംഭവിച്ചതല്ലെന്ന് തിരിച്ചറിയണമെന്നും ഫലസ്തീൻ ജനത 56 വർഷമായി അധിനിവേശത്തിൽ ശ്വാസംമുട്ടുകയാണെന്നും ഗുട്ടറസ് പ്രസംഗത്തിൽ പറഞ്ഞു.

രക്ഷാസമിതിയിൽ ആന്റോണിയോ ഗുട്ടറസ് നടത്തിയ പ്രസംഗത്തിന്റെ പൂർണ രൂപം

ഹമാസിന്റെ ആക്രമണങ്ങൾ ശൂന്യതയിൽ നിന്ന് സംഭവിച്ചതല്ലെന്ന് തിരിച്ചറിയണം, ഫലസ്തീൻ ജനത 56 വർഷമായി അധിനിവേശത്തിൽ ശ്വാസംമുട്ടുകയാണ്. തങ്ങളുടെ ഭൂമിയെ തുടർച്ചയായി കുടിയേറ്റക്കാർ കയ്യടക്കുന്നതും (നാട്ടുകാർ) അക്രമത്താൽ വലയുന്നതും കണ്ടവരാണ് അവർ. അവരുടെ സമ്പദ് വ്യവസ്ഥയുടെ വളർച്ച മുരടച്ചിരിക്കുകയാണ്. അവരുടെ ആളുകൾ കുടിയിറക്കപ്പെട്ടു, വീടുകൾ തകർക്കപ്പെട്ടു. തങ്ങളുടെ ദുരവസ്ഥയ്ക്ക് രാഷ്ട്രീയ പരിഹാരമുണ്ടാകുമെന്ന അവരുടെ പ്രതീക്ഷകൾ അസ്തമിച്ചിരിക്കുകയാണ്. എന്നാൽ ഫലസ്തീൻ ജനതയുടെ ആവലാതികൾ മുൻനിർത്തി ഹമാസിന്റെ ആക്രമണങ്ങളെ ന്യായീകരിക്കാനാവില്ല. എന്നാൽ ആ ഭയാനകമായ ആക്രമണങ്ങൾക്ക് ഫലസ്തീൻ ജനതയെ ഒന്നടങ്കം ശിക്ഷിക്കുന്നതും ന്യായീകരിക്കാനാവില്ല.

മിഡിൽ ഈസ്റ്റിൽ സ്ഥിതിഗതികൾ മണിക്കൂറുകൾ കഴിയുന്തോറും കൂടുതൽ വഷളാവുകയാണ്. ഗസ്സയിൽ നടക്കുന്നത് അന്താരാഷ്ട്ര മാനവിക നിയമങ്ങളുടെ നഗ്‌ന ലംഘനമാണ്. യുദ്ധം കൊടുങ്കാറ്റായി മേഖലയിലുടനീളം വ്യാപിക്കുകയാണ്. ഈ നിർണായക നിമിഷത്തിൽ സാധാരണക്കാരെ സംരക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്യുകയെന്ന അടിസ്ഥാന തത്വത്തിൽ നിന്ന് ആരംഭിക്കണം.

ഒക്ടോബർ ഏഴിന് ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തെ അപലപിക്കുന്നു. സാധാരണക്കാരെ ബോധപൂർവം കൊല്ലുകയോ പരിക്കേൽപ്പിക്കുകയോ തട്ടിക്കൊണ്ടുപോകുകയോ ചെയ്യുന്നതിനെയോ സാധാരണക്കാരെ ലക്ഷ്യമിട്ട് റോക്കറ്റുകൾ വിക്ഷേപിക്കുന്നതിനെയോ ഒന്നും ന്യായീകരിക്കാൻ കഴിയില്ല. എല്ലാ ബന്ദികളോടും മാനുഷികമായി പെരുമാറുകയും വ്യവസ്ഥകളില്ലാതെ ഉടനടി വിട്ടയക്കുകയും ചെയ്യണം.

യുദ്ധത്തിനുപോലും നിയമങ്ങളുണ്ട്. എല്ലാ കക്ഷികളും അന്താരാഷ്ട്ര നിയമത്തിന് കീഴിലുള്ള ബാധ്യതകൾ നിർവഹിക്കണം. സാധാരണക്കാരെ ഒഴിവാക്കിയുള്ള സൈനികനടപടികൾക്കായി നിരന്തരമായ ശ്രദ്ധ പുലർത്തണം, ആശുപത്രികൾക്ക് സുരക്ഷയുറപ്പാക്കണം, ഇന്ന് ആറ് ലക്ഷത്തിലധികം ഫലസ്തീൻകാർക്ക് അഭയം നൽകുന്ന യുഎൻ സംവിധാനങ്ങളെ ബഹുമാനിക്കണം.

ഗസ്സയിൽ ഇസ്രായേൽ സേന നടത്തുന്ന നിരന്തര ബോംബാക്രമണം സാധാരണക്കാരുടെ നാശനഷ്ടങ്ങളുടെ തോത്, ജനവാസ കേന്ദ്രങ്ങളുടെ നാശം എന്നിവ വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അത് വളരെ ഭയാനകമാണ്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഗസ്സയിലെ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട 35 ഓളം വരുന്ന യുഎൻആർഡബ്ല്യുഎ പ്രവർത്തകരെ അനുസ്മരിക്കുന്നു. ഇവരുടെയും സമാന സംഭവങ്ങളിൽ കൊല്ലപ്പെട്ടവരുടെയും കുടുംബങ്ങളോട് അനുശോചനം അറിയിക്കുന്നു.

ഏതൊരു സായുധ പോരാട്ടത്തിലും സാധാരണക്കാരുടെ സംരക്ഷണം പരമപ്രധാനമാണ്. സാധാരണക്കാരെ സംരക്ഷിക്കുക എന്നതിനർത്ഥം അവരെ മനുഷ്യകവചമായി ഉപയോഗിക്കുക എന്നല്ല. പാർപ്പിടമോ ഭക്ഷണമോ വെള്ളമോ മരുന്നുകളോ ഇന്ധനമോ ഇല്ലാത്ത തെക്ക് ഭാഗത്തേക്ക് ഒരു ദശലക്ഷത്തിലധികം ആളുകളെ ഒഴിപ്പിക്കാൻ ഉത്തരവിടുന്നതും തുടർന്ന് തെക്ക് തന്നെ ബോംബാക്രമണം തുടരുന്നതുമല്ല സാധാരണക്കാരെ സംരക്ഷിക്കൽ.

ഗസ്സയിലെ അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനങ്ങളിൽ ഞാൻ അതീവ ഉത്കണ്ഠാകുലനാണ്. ഞാൻ വ്യക്തമായി പറയട്ടെ: ഒരു സായുധ പോരാട്ടത്തിലെ ഒരു കക്ഷിയും അന്താരാഷ്ട്ര മാനവിക നിയമത്തിന് അതീതരല്ല.

സന്തോഷകരമെന്നു പറയട്ടെ, ചില മാനുഷിക ആശ്വാസം ഒടുവിൽ ഗസ്സയിൽ എത്തിയിരിക്കുകയാണ്. എന്നാൽ അത് ആവശ്യങ്ങളുടെ മഹാസമുദ്രത്തിലേക്കുള്ള ഒരു തുള്ളി സഹായം മാത്രമാണ്. ഗസ്സയിലെ യുഎൻ ഇന്ധന വിതരണവും ദിവസങ്ങൾക്കുള്ളിൽ തീരും. അത് മറ്റൊരു ദുരന്തമായിരിക്കും. ഇന്ധനമില്ലാതെ, സഹായം എത്തിക്കാനാവില്ല, ആശുപത്രികൾക്ക് വൈദ്യുതി ലഭിക്കില്ല, കുടിവെള്ളം ശുദ്ധീകരിക്കാനോ പമ്പ് ചെയ്യാനോ കഴിയില്ല. ഗസ്സയിൽ ജനങ്ങളുടെ ആവശ്യങ്ങൾ നിർവഹിക്കാൻ കൂടുതൽ തുടർ സഹായ വിതരണം ആവശ്യമാണ്. നിയന്ത്രണങ്ങളില്ലാതെ ആ സഹായം എത്തിക്കണം.

അപകടകരമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന ഞങ്ങളുടെ യുഎൻ സഹപ്രവർത്തകരെയും പങ്കാളികളെയും ഞാൻ അഭിവാദ്യം ചെയ്യുന്നു. അവർ ഒരു പ്രചോദനമാണ്.

ദുരിതം ലഘൂകരിക്കുക, സഹായ വിതരണം എളുപ്പവും സുരക്ഷിതവുമാക്കുക, ബന്ദികളെ മോചിപ്പിക്കുന്നത് സുഗമമാക്കുക എന്നിവ സാധ്യമാക്കാൻ ഉടനടി വെടിനിർത്തൽ നടപ്പാക്കണമെന്ന അഭ്യർത്ഥന ഞാൻ ആവർത്തിക്കുന്നു.

പെട്ടെന്നുണ്ടായ ഈ ഗുരുതര നിമിഷത്തിൽ പോലും, സുസ്ഥിരതയ്ക്കും സമാധാനത്തിനുമായുള്ള കാര്യങ്ങൾ കാണാതിരിക്കരുത്. ഇസ്രായേലികളുടെ സുരക്ഷയെന്ന ആവശ്യവും ഫലസ്തീനികളുടെ സ്വതന്ത്ര രാഷ്ട്രമെന്ന ന്യായ അഭിലാഷവും ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങൾ, അന്താരാഷ്ട്ര നിയമം, മുൻ കരാറുകൾ എന്നിവയ്ക്ക് അനുസൃതമായി സാധ്യമാകുമെന്ന് വിശ്വസിക്കണം.

മാനവികത ഉയർത്തിപ്പിടിക്കണമെന്നും ധ്രുവീകരണത്തിനും മനുഷ്യത്വമില്ലായ്മയ്മക്കും തെറ്റായ വിവരങ്ങളുടെ സുനാമിയാണ് തീ കൊടുക്കുന്നത്. എല്ലാത്തരം യഹൂദ - മുസ്ലിം വിരുദ്ധ ശക്തികൾക്കെതിരെയും നാം നിലകൊള്ളണം. ഇന്ന് (ഒക്‌ടോബർ 24) യുഎൻ ചാർട്ടർ പ്രാബല്യത്തിൽ വന്നിട്ട് 78 വർഷം തികയുന്ന ഐക്യരാഷ്ട്ര ദിനമാണ്. യുഎൻ ചാർട്ടർ സമാധാനം, സുസ്ഥിര വികസനം, മനുഷ്യാവകാശങ്ങൾ എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ്. അക്രമം കൂടുതൽ ജീവൻ അപഹരിക്കുകയും കൂടുതൽ പ്രദേശങ്ങളിൽ വ്യാപിക്കുകയും ചെയ്യുന്നതിനുമുമ്പ് അതിൽനിന്ന് പിന്മാറാൻ എല്ലാവരോടും താൻ അഭ്യർത്ഥിക്കുന്നു.

UN Secretary-General Antonio Guterres' speech in support of Palestine at the UN Security Council

TAGS :

Next Story