Quantcast

ഇനിയും തിരിച്ചറിയാനാകാതെ നൂറുകണക്കിനു മൃതദേഹങ്ങൾ; നീളൻ കുഴിയില്‍ കൂട്ടമായി ഖബറടക്കി ഗസ്സക്കാര്‍

അൽശിഫ ആശുപത്രി ഡയരക്ടർ അബൂ സൽമിയയെ ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തതായാണു പുറത്തുവരുന്ന വിവരം

MediaOne Logo

Web Desk

  • Published:

    23 Nov 2023 10:28 AM GMT

Dozens of unidentified bodies buried in ‘mass grave’ in Gazas Khan Yunis, Unidentified bodies buried in ‘mass grave’ in Gaza, Israels attack on Gaza
X

ഖാൻ യൂനിസ്: ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട നൂറുകണക്കിന് അജ്ഞാത മൃതദേഹങ്ങള്‍ കൂട്ടമായി ഖബറടക്കി. ദക്ഷിണ ഗസ്സ മുനമ്പിലുള്ള ഖാൻ യൂനിസിലെ ഖബറിസ്ഥാനിലാണ് തിരിച്ചറിയാനാകാത്ത നിരവധി മൃതദേഹങ്ങൾ അടക്കംചെയ്തത്. നിരവധി കുട്ടികളും ഇക്കൂട്ടത്തിലുണ്ട്.

വടക്കൻ ഗസ്സ മുനമ്പിലെ അൽശിഫ-ഇന്തൊനേഷ്യൻ ആശുപത്രികളിൽനിന്നാണ് ഈ മൃതദേഹങ്ങൾ എത്തിച്ചത്. മണൽക്കൂനയിൽ വലിയ കുഴി കുഴിച്ച് എല്ലാവരെയും കൂട്ടമായി അടക്കുകയാണു ചെയ്തിരിക്കുന്നത്. ടാർപോളിനിൽ പൊതിഞ്ഞാണ് മൃതദേഹങ്ങൾ ഖബറടക്കിയത്.

തിരിച്ചറിയാനാകാത്തതിനാൽ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ ആരും എത്തിയിരുന്നില്ലെന്ന് ഗസ്സ മതവകുപ്പിലെ അടിയന്തര വിഭാഗത്തിൽനിന്നുള്ള ബാസിം ദബാബിഷ് പറഞ്ഞു. അതുകൊണ്ടാണ് എല്ലാവരെയും കൂട്ടമായി അടക്കംചെയ്തത്. തിരിച്ചറിയാത്ത രക്തസാക്ഷികളാണ് ഇവരെന്നും അദ്ദേഹം വാർത്താ ഏജൻസിയായ 'എ.എഫ്.പി'യോട് പറഞ്ഞു.

ജബാലിയ അഭയാർത്ഥി ക്യാംപിനോടു ചേർന്നുള്ള ഇന്തോനേഷ്യൽ ആശുപത്രിക്കുനേരെ ഇസ്രായേലിന്റെ വൻ വ്യോമാക്രമണം നടന്നിരുന്നു. ആശുപത്രിയിൽനിന്ന് കഴിഞ്ഞ തിങ്കളാഴ്ചയ്ക്കകം രോഗികളെ ഭാഗികമായി ഒഴിപ്പിച്ചിരുന്നുവെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു. ആശുപത്രിയിൽ ആകെ മൃതദേഹങ്ങൾ ചിന്നിച്ചിതറിക്കിടക്കുകയായിരുന്നുവെന്നാണ് ഇവിടെനിന്ന് ഒഴിപ്പിച്ച ഒരു രോഗി മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ആക്രമണത്തിൽ പരിക്കേറ്റവർ രക്തം വാർന്നു മുന്നിൽ മരിച്ചുവീഴുന്ന കാഴ്ചയായിരുന്നു. ആശുപത്രി നിറയെ മരണത്തിന്റെ ഗന്ധമായിരുന്നു. പരിക്കേറ്റവർ വേദനാസംഹാരികൾക്കായി ആർത്തലക്കുന്നു. എന്നാൽ, എല്ലാ കൈയിലുള്ളതെല്ലാം തീർന്ന് നിസ്സഹായരായ അവസ്ഥയിലായിരുന്നു ഡോക്ടർമാരെന്നും ഇവർ പറയുന്നു.

ഗസ്സ നഗരത്തിലെ അൽശിഫ ആശുപത്രിയിലെ സ്ഥിതിയും മറ്റൊന്നായിരുന്നില്ല. നവംബർ 14നു മാത്രം ആശുപത്രി സമുച്ചയത്തിൽ വലിയ കുഴി കുഴിച്ച് 179 പേരെയാണ് ഖബറടക്കിയതെന്ന് അൽശിഫ ഡയരക്ടർ മുഹമ്മദ് അബൂ സൽമിയ പറഞ്ഞു. ഇൻക്യൂബേറ്ററിലെ വൈദ്യുതിബന്ധം മുറിച്ച് മരിച്ച ശിശുക്കളും കുഞ്ഞുങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു. അബൂ സൽമിയയെ ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തതായാണു പുറത്തുവരുന്ന വിവരം.

ഒക്ടോബർ ഏഴിന് ആരംഭിച്ച ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 14,500 ആയിട്ടുണ്ട്. പരിക്കേറ്റു മരണവുമായി മല്ലിടുന്നവരും നിരവധിയാണ്. ഇസ്രായേലിലെ ഹമാസ് ആക്രമണത്തിൽ 1,200 പേരും കൊല്ലപ്പെട്ടു.

Summary: Dozens of unidentified bodies buried in ‘mass grave’ in Gaza's Khan Yunis

TAGS :

Next Story