Quantcast

സുരക്ഷിതപാത ഒരുക്കുംവരെ ഗസ്സയില്‍ കരയുദ്ധം അരുതെന്ന് യു.എസ്; അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് യൂനിസെഫ്

24 മണിക്കൂറിനുള്ളിൽ മാത്രം ഗസ്സയിൽ 20 കുട്ടികൾ ഉൾപ്പെടെ 256 ഫലസ്തീനികൾ കൊല്ലപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2023-10-14 11:41:09.0

Published:

14 Oct 2023 6:44 AM GMT

US asks Israel not to move to ground assault in Gaza until a safe road is prepared for fleeing, UNICEF calls for immediate ceasefire in Israel-Palestine war, US asks No to ground assault in Gaza, UNICEF calls for immediate ceasefire
X

ഗസ്സ: വടക്കൻ ഗസ്സയിൽനിന്നു പലായനം ചെയ്യുന്ന ഫലസ്തീനികൾക്ക് സുരക്ഷിതപാത ഒരുക്കണമെന്ന ആവശ്യവുമായി യു.എസ്. അതുവരെ കരയുദ്ധം പാടില്ലെന്നും യു.എസ് നിർദേശിച്ചിട്ടുണ്ട്. ഗസ്സയിലെ സ്ഥിതിഗതികൾ അതീവ സങ്കീർണമാണെന്നും അടിയന്തരമായി വെടിനിർത്തണമെന്നും യൂനിസെഫ് ആവശ്യപ്പെട്ടു. അതിനിടെ, പലായനം ചെയ്യുന്ന ഫലസ്തീനികൾക്കുനേരെയും ഇസ്രായേൽ വ്യോമാക്രമണം നടത്തിയെന്നും ഇതിൽ 70 പേർ കൊല്ലപ്പെട്ടതായും ഹമാസ് ആരോപിച്ചു. ഗസ്സയിൽ ഇസ്രായേൽ സേന റെയ്ഡ് തുടരുന്നതായും റിപ്പോർട്ടുണ്ട്.

സാധാരണക്കാർക്ക് സുരക്ഷിതപാത ഒരുക്കുംവരെ കരയുദ്ധം പാടില്ലെന്നാണ് അമേരിക്ക ഇസ്രായേലിനെ അറിയിച്ചത്. ഇസ്രായേൽ ബ്രോഡ്കാസ്റ്റിങ് കോർപറേഷനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഉച്ചയ്ക്കുശേഷം ഈജിപ്ത് റഫാ അതിർത്തി തുറക്കും. ഗസ്സയിലുള്ള യു.എസ് പൗരന്മാർ ഉൾപ്പെടെയുള്ള വിദേശികളെ ഇതുവഴി രക്ഷിക്കുമെന്നാണ് അറിയുന്നത്.

അടിയന്തര വെടിനിർത്തൽ ഒട്ടും വൈകരുതെന്നാണ് യൂനിസെഫ് ആവശ്യം. യുദ്ധക്കെടുതി അനുഭവിക്കുന്നവർക്ക് അടിയന്തരമായി മാനുഷികസഹായങ്ങൾ എത്തിക്കണം. ഗസ്സയിൽ സ്ഥിതിഗതികൾ അതീവ സങ്കീർണമെന്നും യൂനിസെഫ് ചൂണ്ടിക്കാട്ടുന്നു. അവിരാമ ആക്രമണവും പലായനവും തുടരുമ്പോൾ സുരക്ഷിത ഇടം നഷ്ടപ്പെട്ടതായും യൂനിസെഫ് പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം ഗസ്സയിൽ 256 ഫലസ്തീനികളാണു കൊല്ലപ്പെട്ടത്. 1,758 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ 20 കുട്ടികളും ഉൾപ്പെടും.

വടക്കൻ ഗസ്സയിൽനിന്ന് പലായനം ചെയ്യുന്നവർക്കുനേരെയാണ് ഇസ്രായേൽ ആക്രമണം നടന്നത്. ജനങ്ങളെ ഗസ്സയിൽനിന്നു നിർബന്ധിച്ച് ഒഴിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സൗദി അറേബ്യയും മുസ്‌ലിം വേൾഡ് ലീഗും വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേൽ മാനുഷിക ഇടനാഴി തുറക്കണമെന്ന് ഖത്തർ അമീർ ആവശ്യപ്പെട്ടു. അതിനിടെ, ഓപറേഷൻ അജയ് ദൗത്യത്തിന്റെ ഭാഗമായി ഇസ്രായേലിൽനിന്നുള്ള രണ്ടാമത്തെ വിമാനം ഇന്നെത്തും.

ഗസ്സ സിറ്റിയിൽനിന്ന് പലായനം ചെയ്യുന്ന വാഹനവ്യൂഹങ്ങൾക്കുനേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നൂറോളം പേരാണു കൊല്ലപ്പെട്ടത്. എന്നാൽ, ഇസ്രായേൽ ഇതിനോട് പ്രതികരിച്ചിട്ടില്ല. എന്നാൽ, ഗസ്സ മുനമ്പിൽ സൈന്യം ഗ്രൗണ്ട് റെയ്ഡ് ആരംഭിച്ചതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. അതേസമയം, വെടിനിർത്തൽ ആവശ്യപ്പെട്ട റഷ്യ, ഇരു രാജ്യങ്ങൾക്കുമിടയിൽ മാധ്യസ്ഥം വഹിക്കാൻ തയാറാണെന്ന് വ്യക്തമാക്കി രംഗത്തെത്തി.

അടിയന്തരമായി ഒഴിഞ്ഞുപോകണമെന്ന ഇസ്രായേൽ അന്ത്യശാസനത്തിനു പിന്നാലെ ആയിരക്കണക്കിന് ഫലസ്തീൻ പൗരന്മാർ വടക്കൻ ഗസ്സയിൽനിന്നു പലായനം ചെയ്തതായാണ് റിപ്പോർട്ട്. ഇതിനിടയിലേക്കാണ് ഇസ്രായേൽ വ്യോമാക്രമണം നടന്നതെന്ന് ഹമാസ് ആരോപിച്ചു. കൊല്ലപ്പെട്ടവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. അതേസമയം, ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന ഉത്തരവ് പിൻവലിക്കണമെന്ന് ഐക്യരാഷ്ട്രസഭ ഇസ്രായേലിനോട് ആവശ്യപ്പെട്ടു. നിരവധി അറബ് രാജ്യങ്ങളും ഉത്തരവിിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.

Summary: US asks Israel not to move to ground assault in Gaza until a safe road is prepared for fleeing; UNICEF calls for immediate ceasefire

TAGS :

Next Story