Quantcast

സിറിയയിലെയും ഇറാഖിലെയും ഇറാൻ അനുകൂല സൈനികവിഭാഗത്തിനെതിരെ അമേരിക്കൻ ആക്രമണം; 6 പേർ കൊല്ലപ്പെട്ടു

യുദ്ധം തുടങ്ങി വെക്കില്ലെന്നും തങ്ങൾക്കെതിരെ ആക്രമണം ഉണ്ടായാൽ തിരിച്ചടി കനത്തതായിരിക്കു​മെന്നും ഇറാൻ പ്രതികരിച്ചു

MediaOne Logo

Web Desk

  • Published:

    3 Feb 2024 12:49 AM GMT

US aircraft
X

തെല്‍ അവിവ്: സിറിയയിലെയും ഇറാഖിലെയും ഇറാൻ അനുകൂല സൈനിക വിഭാഗത്തിനെതിരെ അമേരിക്കൻ ആക്രമണം. 6 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. യുദ്ധം തുടങ്ങി വെക്കില്ലെന്നും തങ്ങൾക്കെതിരെ ആക്രമണം ഉണ്ടായാൽ തിരിച്ചടി കനത്തതായിരിക്കു​മെന്നും ഇറാൻ പ്രതികരിച്ചു. താൽക്കാലിക വെടിനിർത്തൽ സ്വീകാര്യമല്ലെന്നും യുദ്ധം അവസാനിപ്പിച്ച് ഇസ്രായേൽ സൈന്യം ഗസ്സയിൽനിന്ന് പൂർണമായി പിൻവാങ്ങണമെന്നും ഹമാസ്​ അറിയിച്ചതോടെ വെടിനിർത്തൽ ചർച്ചകൾക്ക്​ തിരിച്ചടി.യുദ്ധം നിർത്തിയാൽ ശക്​തമായ പ്രക്ഷോഭം ഉറപ്പാണെന്ന മുന്നറിയിപ്പുമായി ഇസ്രായേലിലെ വലതുപക്ഷ നേതാക്കൾ രംഗത്തെത്തി. അതിനിടെ ഗസ്സയിലെ റഫക്കു നേരെ ശക്​തമായ കരയാക്രമണം ആരംഭിക്കുമെന്ന്​ ഇസ്രായേൽ മുന്നറിയിപ്പ് നൽകി.

ഇന്ന്​ വെളുപ്പിനാണ്​​ സിറിയയിൽ 12 ഇടങ്ങളിൽ യു.എസ്​ പോർവിമാനങ്ങളുടെ ആക്രമണം നടന്നത്​. ഇറാഖ്​ അതിർത്തി മേഖലയിലും ആക്രമണം നടന്നതായാണ്​ റിപ്പോർട്ട്​. 6 പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക്​ പരിക്കേറ്റതായും സിറിയൻ അധികൃതർ. കൊല്ലപ്പെട്ടവരിൽ 3 ഇറാഖികളും ഉൾപ്പെടും. അയ്യാശ്​ നഗരത്തിലും ദേർ എസ്സർ പ്രവിശ്യയിലുമാണ്​ ആക്രമണം നടന്നത്. സിറിയൻ സേനയുടെയും ഇറാൻ അനുകൂല സായുധ വിഭാഗത്തിന്‍റെയും ശക്​തമായ സാന്നിധ്യമുള്ള കേന്ദ്രങ്ങൾ കൂടിയാണിത്​. ഇറാഖിലെയും സിറിയയിലെയും ഇറാൻ അനുകൂല സൈനിക വിഭാഗങ്ങളെ ആക്രമിക്കാൻ സൈന്യത്തിന് അമേരിക്കൻ പ്രസിഡന്‍റ്​ ഇന്നലെ പകലാണ്​ അനുമതി നൽകിയത്​. ആക്രമണം തുടക്കം മാത്രമാണെന്നും ഇറാൻ അനുകൂല സായുധ വിഭാഗങ്ങൾക്കെതിരെ ആക്രമണം തുടരുമെന്നുമാണ്​ റിപ്പോർട്ട്​.

ജോർദാനിലെ യു.എസ് സൈനിക ക്യാമ്പിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെടുകയും മുപ്പതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.ഇറാഖിലെ ഇറാൻ അനുകൂല സൈനിക വിഭാഗങ്ങളാണ് പിന്നിലെന്നാരോപിച്ചാണ്​ യു.എസ് തിരിച്ചടി,. തങ്ങൾ യുദ്ധം തുടങ്ങിവെക്കില്ലെന്നും എന്നാൽ, ഭീഷണിപ്പെടുത്താൻ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ അവർക്ക് കനത്ത തിരിച്ചടി നൽകുമെന്നും ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം അൽ റഈസി താക്കീത്​ നൽകി.

അതിനിടെ, സമഗ്ര വെടിനിർത്തലും ഗസ്സയിൽ നിന്ന്​ സൈന്യത്തി​ന്‍റെ പിൻമാറ്റവും വേണമെന്ന നിലപാടിലാണ്​ ഹമാസ്​. ഉപരോധം അവസാനിപ്പിച്ച്​ ഗസ്സയിലേക്ക്​ കൂടുതൽ സഹായം ഉറപ്പു വരുത്താനും ഇസ്രാ​യേൽ തയാറാകണമെന്ന്​ ഹമാസ്​ രാഷ്​ട്രീയകാര്യ മേധാവി ഇസ്​മാഈൽ ഹനിയ്യ, ഇസ്​‍ലാമിക​ ജിഹാദ്​ നേതാവ്​ സിയാദ്​ അൽ നഖാലയും സംയുക്​ത പ്രസ്​താവനയിൽ അറിയിച്ചു. ഖത്തർ, ഈജിപ്ത്, യു.എസ് എന്നിവയുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ ചർച്ച പുരോഗമിക്കുന്നതിനിടെയാണ് ഹമാസിന്‍റെ പ്രതികരണം. അന്താരാഷ്ട്ര കരാറിന്‍റെ പിൻബലമുള്ള സ്ഥിരമായ യുദ്ധവിരാമത്തിന് മാത്രമേ തങ്ങൾ സന്നദ്ധമാകൂ എന്നാണ്​ ഹമാസ്​ മധ്യസ്​ഥ രാജ്യങ്ങളെ അറിയിച്ചിരിക്കുന്നത്​. എന്നാൽ വെടിനിർത്തൽ ചർച്ച തുടരുകയാണെന്നും വൈകാതെ കരാറിലെത്താനാകുമെന്നും അമേരിക്ക, ഈജിപ്​ത്​, ഖത്തർ എന്നീ രാജ്യങ്ങൾ അറിയിച്ചു. യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍റെ സന്ദർശന ലക്ഷ്യം തന്നെ കരാറിന്​ രൂപം നൽകുക എന്നതാണെന്നും വൈറ്റ്​ഹൗസ്​ പ്രതികരിച്ചു. യുദ്ധം നിർത്തരുതെന്നാവശ്യപ്പെട്ട്​ ഇസ്രായേലിലെ തീവ്ര വലതുപക്ഷ നേതാക്കൾ രംഗത്തുവന്നു. വെടിനിർത്തൽ ഉണ്ടായാൽ സൈനിക മേധാവികൾ രാജിവെക്കാൻ വരെ സാധ്യതയുണ്ടെന്ന്​ ധനകാര്യ മന്ത്രി സ്​മോട്രിക്​ മുന്നറിയിപ്പ്​ നൽകി.

തെക്കൻ ഗസ്സയിലെ റഫ ഭാഗത്ത് കരയാക്രമണം ശക്തമാക്കുമെന്ന്​ ഇസ്രായേൽ. ഏറ്റവും കൂടുതൽ അഭയാർഥികൾ താമസിക്കുന്ന ഇവിടെയും വ്യാപക കുരുതിയാണ്​ ഇസ്രായേൽ ലക്ഷ്യമിടുന്നതെന്ന്​ ഫലസ്​തീൻ നേതൃത്വം കുറ്റപ്പെടുത്തി. ഗസ്സയിൽ ഇതിനകം കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 27,131 ആയി. 66,287 പേർക്ക് പരിക്കേറ്റു.

TAGS :

Next Story