വെനസ്വേലയെ യുഎസ് ആക്രമിക്കുമ്പോൾ മൂന്നരക്കോടി സമ്പാദിച്ച അജ്ഞാതനാര്?
പോളിമാർക്കറ്റിലെ ഈ നിഗൂഢമായ അക്കൗണ്ട് ഡിസംബർ 27 നാണ് സൃഷ്ടിക്കപ്പെട്ടതെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു

ന്യൂയോര്‍ക്ക്: വെനസ്വേലൻ പ്രസിഡന്‍റ് നിക്കോളസ് മദുറോയെയും ഭാര്യയെയും പിടികൂടി നാടുകടത്തിയിരിക്കുകയാണ് അമേരിക്ക. ഇരുവരും ഇപ്പോൾ ന്യൂയോര്‍ക്കിലെ ബ്രൂക്‌ലിനിലെ തടവറയിലാണ്. അധികാരക്കൈമാറ്റം സാധ്യമാകും വരെ വെനസ്വേലയുടെ ഭരണം യുഎസ് ഏറ്റെടുത്തെന്നാണ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രഖ്യാപനം. വെനസ്വേലയെ യുഎസ് ആക്രമിക്കുമ്പോൾ മറ്റൊരിടത്ത് അജ്ഞാതനായ ഒരു വാതുവെപ്പുകാരൻ 400,000 ഡോളർ ലാഭം നേടിയിരിക്കുകയാണ്. ഇത് ഒരു ഇൻസൈഡർ ട്രേഡിംഗ്(ഓഹരി വിവരങ്ങള്‍ ചോര്‍ത്തി നല്‍കൽ) ആണെന്ന് വ്യാപാരികൾ സംശയിക്കുന്നു.
ദി ന്യൂസ് റിപ്പബ്ലിക്കിന്‍റെ റിപ്പോർട്ട് അനുസരിച്ച് ഈ പുതിയ ഉപയോക്താവ് ലോകത്തിലെ ഏറ്റവും വലിയ പ്രവചന വിപണിയായ പോളിമാർക്കറ്റിൽ നേട്ടം കൊയ്യുകയായിരുന്നു. ക്രിപ്‌റ്റോ അടിസ്ഥാനപ്പെടുത്തി ചൂതാട്ടം നടത്തുന്ന വെബ്സൈറ്റാണ് പോളിമാർക്കറ്റ്.പോളിമാർക്കറ്റിലെ ഈ നിഗൂഢമായ അക്കൗണ്ട് ഡിസംബർ 27 നാണ് സൃഷ്ടിക്കപ്പെട്ടതെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. രണ്ട് കാര്യങ്ങളിൽ മാത്രമാണ് ഈ അക്കൗണ്ട് വാതുവെപ്പ് നടത്തിയത്. ഒന്ന് വെനസ്വേലയിലെ ബോംബാക്രമണവും രണ്ട് ജനുവരി 31 നകം മദുറോ അധികാരത്തിൽ നിന്നും പുറത്താക്കപ്പെടുമെന്നും.
വെനസ്വേലയിൽ യുഎസ് ബോംബാക്രമണം നടത്തുമെന്ന മാർക്കറ്റ് പ്രവചനങ്ങൾ 6% മാത്രമായിരുന്ന സമയത്ത്, ഈ രണ്ട് കാര്യങ്ങൾക്കായി പോളിമാർക്കറ്റിൽ ഈ അജ്ഞാതനായ ഉപയോക്താവ് 35,000 ഡോളർ വാതുവച്ചു. മറ്റ് ഉപയോക്താക്കളും സമാനമായ പന്തയങ്ങൾ നടത്തി ആയിരക്കണക്കിന് ഡോളർ സമ്പാദിച്ചുവെന്ന് അമേരിക്കൻ വാര്‍ത്താ വെബ്സൈറ്റായ ആക്സിയോസ് പറയുന്നു.വെള്ളിയാഴ്ച രാത്രിയിൽ, ശനിയാഴ്ച പുലർച്ചെ ട്രംപ് പ്രഖ്യാപനം നടത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, വാതുവെപ്പുകൾ ഉച്ചസ്ഥായിയിലെത്തി .മദുറോ പിടിക്കപ്പെട്ടതിന് ശേഷം ഈ അജ്ഞാതനായ അക്കൗണ്ട് വാതുവെപ്പിലൂടെ ആകെ $436,759.61 സമ്പാദിച്ചതായി ആക്സിയോസ് റിപ്പോർട്ട് ചെയ്തു. വിപണിയിൽ വൻതുക നിക്ഷേപിച്ച ഉപയോക്താവ് ഇപ്പോഴും അജ്ഞാതനായി തുടരുകയാണ്. ഇത് സംബന്ധിച്ച് പോളിമാര്‍ക്കറ്റ് ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല.
വെനസ്വേലയിലെ ബോംബാക്രമണത്തെക്കുറിച്ച് ട്രംപും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരും മൗനം പാലിച്ചപ്പോൾ, ബോംബാക്രമണത്തെക്കുറിച്ച് കൃത്യമായ സൂചന ലഭിച്ച ഒരാൾ സാഹചര്യം മുതലെടുത്ത് വൻതോതിൽ പണം സമ്പാദിച്ചിരിക്കാനാണ് സാധ്യത.
അതേസമയം വെനസ്വേലയിലെ യുഎസ് ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില കൂടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. സംഘര്‍ഷം യുദ്ധത്തിലേക്ക് നീണ്ടാൽ രാജ്യാന്തര വിപണിയിൽ സ്വര്‍ണം, വെള്ളി, ഭക്ഷ്യസാധനങ്ങൾ എന്നിവയുടെ വില വര്‍ധിച്ചേക്കുമെന്നും സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.
Adjust Story Font
16

