തീരുവ 19 ശതമാനമാക്കി കുറച്ചു, ടെക്‌സ്റ്റൈല്‍ മേഖലക്ക് പ്രത്യേക പരിഗണന; യുഎസ്-ബംഗ്ലാദേശ് വ്യാപാരക്കരാറായി
യുഎസില്‍ നിന്നുള്ള പരുത്തി, സിന്തറ്റിക് ഫൈബര്‍ എന്നിവ ഉപയോഗിച്ച് നിര്‍മിക്കുന്ന തുണിത്തരങ്ങള്‍ ഉള്‍പ്പെടെ ഏതാനും ഉല്‍പ്പന്നങ്ങളെ തീരുവയില്‍ നിന്ന് ഒഴിവാക്കി

- Published:
10 Feb 2026 1:14 PM IST

ധാക്ക: യുഎസും ബംഗ്ലാദേശുമായി വ്യാപാരക്കരാര്‍ ഒപ്പുവെച്ചു. ബംഗ്ലാദേശിനു മേല്‍ ചുമത്തിയിരുന്ന പകരം തീരുവ 19 ശതമാനമായി കുറച്ചു. അതേസമയം, യുഎസില്‍ നിന്നുള്ള പരുത്തി, സിന്തറ്റിക് ഫൈബര്‍ എന്നിവ ഉപയോഗിച്ച് നിര്‍മിക്കുന്ന തുണിത്തരങ്ങള്‍ ഉള്‍പ്പെടെ ഏതാനും ഉല്‍പ്പന്നങ്ങളെ തീരുവയില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. ഒമ്പത് മാസത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാരക്കരാറില്‍ ധാരണയായത്. ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാറിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസാണ് കരാര്‍ വിവരങ്ങള്‍ പങ്കുവെച്ചത്.
നേരത്തെ യുഎസ് ബംഗ്ലാദേശിനു മേല്‍ 37 ശതമാനം പകരം തീരുവ ചുമത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ 19 ശതമാനമായി കുറച്ചിരിക്കുന്നത്. ബംഗ്ലാദേശിന്റെ സമ്പദ്ഘടനയില്‍ വലിയ പങ്കുള്ള ടെക്‌സ്റ്റൈല്‍ മേഖലയ്ക്ക് ലഭിച്ച നികുതിയിളവ് നിര്‍ണായകമാണ്. ബംഗ്ലാദേശ് ടെക്‌സ്റ്റൈല്‍ ഉല്‍പ്പന്നങ്ങളുടെ ഏറ്റവും വലിയ വിപണിയാണ് യുഎസ്. ബംഗ്ലാദേശിന്റെ ഫാര്‍മ, മത്സ്യ ഉല്‍പ്പന്നങ്ങള്‍ക്കും യുഎസില്‍ തീരുവയില്ല. അതേസമയം, ഇന്ത്യക്ക് ലഭിക്കാത്ത ഇളവ് ബംഗ്ലാദേശിന് ലഭിച്ചത് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലുകളുണ്ട്.
ആഗോള ടെക്‌സ്റ്റൈല്‍ ശൃംഖലയില്‍ ബംഗ്ലാദേശിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും തൊഴിലവസരങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള ചുവടുവെപ്പാണ് കരാര്‍ എന്ന് മുഹമ്മദ് യൂനുസ് പറഞ്ഞു. വ്യാഴാഴ്ച ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കരാര്‍ യാഥാര്‍ഥ്യമായിരിക്കുന്നത്.
Adjust Story Font
16
