Quantcast

പഹൽഗാം ആക്രമണത്തിന് പിന്നിലെ ടിആര്‍എഫിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക

മുംബൈ ആക്രമണത്തിനുശേഷം ഇന്ത്യയിൽ സാധാരണക്കാർക്കെതിരെ നടന്ന ഏറ്റവും മാരകമായ ഭീകരാക്രമണമെന്നാണ് പഹൽഗാം ആക്രമണത്തെ യുഎസ് ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചത്

MediaOne Logo

Web Desk

  • Published:

    18 July 2025 12:49 PM IST

പഹൽഗാം ആക്രമണത്തിന് പിന്നിലെ ടിആര്‍എഫിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക
X

വാഷിംഗ്ടൺ: പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത ദി റെസിസ്റ്റന്‍റ് ഫ്രണ്ടിനെ (ടിആര്‍എഫ്) ഭീകര സംഘടനയായി അമേരിക്ക പ്രഖ്യാപിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പുറത്തിറക്കിയ പ്രസ്താവനയിലാണ് ടി ആര്‍എഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചത്.

2008-ൽ ലഷ്കർ നടത്തിയ മുംബൈ ആക്രമണത്തിനുശേഷം ഇന്ത്യയിൽ സാധാരണക്കാർക്കെതിരെ നടന്ന ഏറ്റവും മാരകമായ ഭീകരാക്രമണമെന്നാണ് പഹൽഗാം ആക്രമണത്തെ യുഎസ് ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചത്. ടിആർഎഫിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച യുഎസ് നടപടിയെ ഇന്ത്യ സ്വാഗതം ചെയ്തു. ഇന്ത്യ- യു.എസ് ഭീകരവിരുദ്ധ നടപടികളുടെ ശക്തി വ്യക്തമാക്കുന്നതാണ് ഇതെന്ന് വിദേശകാര്യ മന്ത്രി എസ് .ജയശങ്കർ പറഞ്ഞു. "ഭീകരതക്കെതിരായ പോരാട്ടത്തിലും ഭീകരവാദ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുന്നതിലും ആഗോള സഹകരണത്തിന്‍റെ ആവശ്യകത ഇന്ത്യ നിരന്തരം ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഭീകരതക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആഴത്തിലുള്ള സഹകരണത്തെ പ്രതിഫലിപ്പിക്കുന്ന സമയോചിതവും പ്രധാനപ്പെട്ടതുമായ ഒരു ചുവടുവയ്പ്പാണിത്." വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

പഹൽഗാം ആക്രമണത്തിന്‍റെ ഉത്തരവാദിത്തം കശ്മീർ റെസിസ്റ്റൻസ് എന്നും അറിയപ്പെടുന്ന റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ഏറ്റെടുത്തിരുന്നു. എന്നിരുന്നാലും, കുറച്ച് ദിവസങ്ങൾക്ക് ശേഷം, സംഘടന പ്രസ്താവന പിൻവലിക്കുകയും പങ്കില്ലെന്ന് നിഷേധിക്കുകയും ചെയ്തു. ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ഈയിടെ അറസ്റ്റ് ചെയ്തിരുന്നു. ഭീകരരെ സഹായിച്ച പഹൽഗാം സ്വദേശികളാണ് അറസ്റ്റിലായത്. പാക് പൗരന്മാരായ മൂന്ന് ലഷ്കറെ ത്വയിബ ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് ഇരുവരുടെയും മൊഴി.

TAGS :

Next Story