Quantcast

അമേരിക്കൻ പതാക കത്തിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യവും ഇസ്രായേൽ പതാക കത്തിക്കുന്നത് 'വംശീയ വിദ്വേഷവും'; വിധിയുമായി യുഎസ് ഫെഡറൽ കോടതി

ഒന്നാം ഭേദഗതി പ്രകാരം അമേരിക്കൻ പതാക കത്തിക്കുന്നത് യുഎസ് സുപ്രിം കോടതി വളരെക്കാലമായി അഭിപ്രായ സ്വാതന്ത്ര്യമായി സംരക്ഷിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    17 Aug 2025 11:08 AM IST

അമേരിക്കൻ പതാക കത്തിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യവും ഇസ്രായേൽ പതാക കത്തിക്കുന്നത് വംശീയ വിദ്വേഷവും; വിധിയുമായി യുഎസ് ഫെഡറൽ കോടതി
X

വാഷിംഗ്‌ടൺ: അമേരിക്കയിലെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അതിരുകൾ പുനർനിർവചിക്കുന്ന ഒരു വിധി പുറപ്പെടുവിച്ചിരിക്കുകയാണ് ഫെഡറൽ കോടതി. ഇസ്രായേലി പതാകയെ 'അപമാനിക്കുന്നത്' രാഷ്ട്രീയ പ്രകടനമല്ല മറിച്ച് വംശീയ വിവേചനമാണെന്ന് ജഡ്ജി ട്രെവർ എൻ. മക്ഫാഡൻ വിധിച്ചു. ഇസ്രായേലി പതാക കത്തിക്കുകയോ, കീറുകയോ, പിടിച്ചെടുക്കുകയോ ചെയ്യുന്നത് വിദ്വേഷ പെരുമാറ്റമായി കണക്കാക്കി കേസെടുക്കാമെന്ന് ഈ വിധിയിൽ പറയുന്നു. ഇതിനു വിപരീതമായി ഒന്നാം ഭേദഗതി പ്രകാരം അമേരിക്കൻ പതാക കത്തിക്കുന്നത് യുഎസ് സുപ്രിം കോടതി വളരെക്കാലമായി അഭിപ്രായ സ്വാതന്ത്ര്യമായി സംരക്ഷിച്ചിട്ടുണ്ട്. എന്ന് മാത്രമല്ല അമ്പത് യുഎസ് സംസ്ഥാനങ്ങളുടെയും എന്നപോലെ മറ്റെല്ലാ രാഷ്ട്രങ്ങളുടെയും പതാകകൾ കത്തിക്കാൻ പൗരന്മാർക്ക് സ്വാതന്ത്ര്യമുണ്ട്. ഇസ്രായേലിന്റെ പതാകക്ക് മാത്രമേ ഇപ്പോൾ നിയമപരമായ സംരക്ഷണം ഉള്ളൂ.

കഴിഞ്ഞ ആഴ്ചയിൽ വാഷിംഗ്ടണിൽ നടന്ന പ്രതിഷേധത്തിനിടെ ഇസ്രായേലി പതാക തോളിൽ ചുറ്റിയിരുന്ന സയണിസ്റ്റ് ആക്ടിവിസ്റ്റ് കിമ്മറ സമ്മാലിൽ നിന്നും വംശഹത്യക്കെതിരായ ഒരു പ്രകടനക്കാരി അത് വലിച്ചെറിഞ്ഞതോടെയാണ് ഈ കേസ് ആരംഭിച്ചത്. പൊലീസ് പ്രകടനക്കാരിയെ അറസ്റ്റ് ചെയ്‌തെങ്കിലും ക്രിമിനൽ കോടതി അവരെ കുറ്റവിമുക്തയാക്കി. തുടർന്ന് പതാക വലിക്കുന്നത് വംശീയ വിവേചനത്തിന് തുല്യമാണെന്ന് വാദിച്ച് നാഷണൽ ജൂത അഡ്വക്കസി സെന്ററിന്റെ പിന്തുണയോടെ സമ്മാൽ ഒരു പൗരാവകാശ കേസ് ഫയൽ ചെയ്തു. സമ്മാലിന്റെ വധത്തെ യുഎസ് ജഡ്ജി മക്ഫാഡൻ അംഗീകരിക്കുകയും ചെയ്തു.

'ഒരു ജൂത വ്യക്തിയുടെ കഴുത്തിൽ കെട്ടിയിരിക്കുന്ന ഇസ്രായേലി പതാക മനഃപൂർവ്വം വലിച്ചുകീറുന്നത് വംശീയ വിവേചനത്തിന്റെ നേരിട്ടുള്ള തെളിവാണ്.' മക്ഫാഡൻ വിധിയിൽ പ്രസ്താവിച്ചു. പതാകയിലെ ഡേവിഡിന്റെ നക്ഷത്രത്തെ 'ജൂത വംശത്തിന്റെ' പ്രതീകമായും ജഡ്ജി വിശേഷിപ്പിച്ചു. മാത്രമാണ് പതാകയെ ആക്രമിക്കുന്നത് കറുത്തവർഗക്കാർക്കെതിരെ വംശീയ അധിക്ഷേപം ഉപയോഗിക്കുന്നത് പോലെയാണെന്നും ജഡ്ജി പറഞ്ഞു.

ഇസ്രായേൽ രാഷ്ട്രത്തിന്റെ രാഷ്ട്രീയ ചിഹ്നത്തെ ലോകമെമ്പാടുമുള്ള ജൂത സ്വത്വവുമായി ഫലപ്രദമായി ലയിപ്പിക്കുകയാണ് ഈ വിധിയിലൂടെ ചെയ്യുന്നത്. യുഎസ് കോടതികളിൽ മറ്റൊരു ദേശീയ പതാകക്കും ഈ പദവി ഇതുവരെ ലഭിച്ചിട്ടില്ല. രാഷ്ട്രീയ ആവിഷ്കാരത്തെ സംരക്ഷിക്കുന്നതിനുള്ള പതിറ്റാണ്ടുകളുടെ കീഴ്വഴക്കത്തെ ഈ വിധി ദുർബലപ്പെടുത്തുന്നുവെന്ന് പൗരസ്വാതന്ത്ര്യ വക്താക്കൾ മുന്നറിയിപ്പ് നൽകുന്നു. അമേരിക്കൻ മണ്ണിൽ പ്രതിഷേധത്തെ കുറ്റകൃത്യമാക്കുന്നതിനും വിയോജിപ്പുകളെ നിശബ്ദമാക്കുന്നതിനുമുള്ള വാതിൽ ഇത് തുറക്കുന്നുവെന്ന് വിമർശകർ പറയുന്നു.

TAGS :

Next Story