അമേരിക്കയിൽ ഇന്ത്യൻ വംശജരുടെ ഗൃഹപ്രവേശന ചടങ്ങിലെ പൂജ; പുക കണ്ട് ഓടിയെത്തി അഗ്നിശമന രക്ഷാസേന
പൂജയുടെ ഭാഗമായി പുക ഉയര്‍ന്നതിനാല്‍ തീപ്പിടുത്തമാണെന്ന് തെറ്റിദ്ധരിച്ചാണ് ഫയര്‍ഫോഴ്സ് സ്ഥലത്ത് എത്തിയത്.

ടെക്സാസ്: ഗൃഹപ്രവേശനത്തിന്റെ ഭാഗമായി അമേരിക്കയിലെ ടെക്സസില്‍ ഇന്ത്യന്‍ വംശജര്‍ നടത്തിയ പൂജാ ചടങ്ങിലേക്ക് പാഞ്ഞെത്തി അഗ്നിശമന രക്ഷാസേന. പൂജയുടെ ഭാഗമായി പുക ഉയര്‍ന്നതിനാല്‍ തീപ്പിടുത്തമാണെന്ന് തെറ്റിദ്ധരിച്ചാണ് ഫയര്‍ഫോഴ്സ് സ്ഥലത്ത് എത്തിയത്.
ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. അയല്‍വാസികളാണ് ഫയര്‍ഫോഴ്സിനെ വിളിച്ചത്. വീടിൻ്റെ ഗ്യാരേജിലാണ് വീട്ടുടമസ്ഥർ പൂജ നടത്തിയത്. ഗൃഹപ്രവേശനം നടക്കുന്ന വീടിന്റെ മുന്നില്‍ ഫയര്‍ഫോഴ്സ് ടീമിന്റെ വണ്ടി നിറുത്തിയിട്ടിരിക്കുന്നതും അവിടെ നടക്കുന്ന ചടങ്ങുകളുമാണ് വീഡിയോയിലുള്ളത്. വീട്ടുകാരുമായി ഉദ്യോഗസ്ഥര്‍ സംസാരിക്കുന്നതും കാണാം.
'സാംസ്കാരികമായൊരു തെറ്റിദ്ധാരണ' എന്നാണ് വീഡിയോക്ക് നല്‍കിയിരിക്കുന്ന കുറിപ്പില്‍ പറയുന്നത്. എന്നിരുന്നാലും, കുടുംബത്തിനെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചോ അതോ കുടുംബം പ്രാദേശിക അഗ്നി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചോ എന്നൊന്നും വ്യക്തമല്ല. അതേസമയം വീഡിയോ സമൂഹമാധ്യമങ്ങളെ 'പിടിച്ചുകുലുക്കി'. അമേരിക്ക പോലുള്ള സ്ഥലങ്ങളില്‍ വീട്ടിൽ പൂജ നടത്തുമ്പോള്‍ പാലിക്കേണ്ട മര്യാദകളൊന്നും പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് ചിലര്‍ കുടുംബത്തെ വിമർശിച്ചപ്പോൾ, മറ്റുള്ളവർ അവരുടെ മതപരമായ ആചാരങ്ങൾ പാലിക്കാനുള്ള അവകാശത്തെ ന്യായീകരിച്ചുകൊണ്ടും രംഗത്ത് എത്തി.
Adjust Story Font
16

