Quantcast

പോർവിമാനങ്ങളുമായി ചൈന; മുന്നറിയിപ്പ് ലംഘിച്ച് പെലോസി തായ്‌വാനിൽ-ഏഷ്യയില്‍ യുദ്ധഭീതി

യു.എസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി തായ്‌വാനിലെത്തിയാൽ അത് തീക്കളിയാകുമെന്ന് ചൈന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    2 Aug 2022 4:38 PM GMT

പോർവിമാനങ്ങളുമായി ചൈന; മുന്നറിയിപ്പ് ലംഘിച്ച് പെലോസി തായ്‌വാനിൽ-ഏഷ്യയില്‍ യുദ്ധഭീതി
X

തായ്‌പെയ്: ചൈനീസ് മുന്നറിയിപ്പുകൾ ലംഘിച്ച് യു.എസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി തായ്‌വാനിൽ. തായ്‌വാൻ കടലിനെ വിഭജിക്കുന്ന അതിർത്തിക്കടുത്തുവരെ യുദ്ധവിമാനങ്ങളും പടക്കപ്പലുകളുമായി എത്തി ചൈന പ്രകോപനം സൃഷ്ടിച്ചിരുന്നു. പെലോസി എത്തിയാൽ അത് തീക്കളിയാകുമെന്ന് ചൈന നേരത്തെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

എന്നാൽ, കനത്ത സുരക്ഷയിലാണ് പെലോസി ഇന്ന് തായ്‌പെയ് രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയത്. 25 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഉയർന്ന യു.എസ് വൃത്തം തായ്‌വാനിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നത്. തായ്‌വാന്റെ യുദ്ധവിമാനങ്ങൾ പെലോസിയുടെ പ്രത്യേക വിമാനത്തിന് അകമ്പടി നൽകിയതായി റിപ്പോർട്ടുണ്ട്.

ഏഷ്യൻ സന്ദർശനത്തിന്റെ ഭാഗമായാണ് പെലോസി തായ്‌വാനിലെത്തിയത്. എന്നാൽ, പെലോസി തായ്‌വാനിലെത്തിയാൽ കടുത്ത നടപടികളുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ചൈന മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ചൈനീസ് യുദ്ധവിമാനങ്ങളും പടക്കപ്പലുകളും അതിർത്തിവരെ എത്തി പ്രകോപനം സൃഷ്ടിച്ചത്. ഇതിനിടെ, നാല് വിമാനവാഹിനി അടക്കമുള്ള നാല് യുദ്ധക്കപ്പലുകൾ തായ്‌വാൻ അതിർത്തിയിൽ അമേരിക്ക വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.

ചൈന തങ്ങളുടേതെന്ന് അവകാശവാദം ഉന്നയിക്കുന്ന സ്വയംഭരണ പ്രദേശമാണ് തായ്‌വാൻ. ദ്വീപിനെ സൈനികശക്തി ഉപയോഗിച്ച് പിടിച്ചടക്കുമെന്ന് ചൈന നിരന്തരം മുന്നറിയിപ്പ് നൽകുന്നതാണ്. ഇവിടെ ഒരു വിദേശ ഭരണകൂടത്തിന്റെ പ്രതിനിധി എത്തുന്നത് തായ്‌വാന്റെ പരമാധികാരത്തിനുള്ള അംഗീകാരമായാണ് കണക്കാക്കപ്പെടുന്നത്. ഇതിനാലാണ് പെലോസിയുടെ സന്ദർശനത്തിന് ചൈന കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകിയത്.

Summary: US House Speaker Nancy Pelosi arrives in Taiwan, defying China's warning

TAGS :

Next Story