യുദ്ധം കൊണ്ട് ഇറാനിൽ ഭരണമാറ്റം സാധ്യമല്ലെന്ന് യുഎസ് രഹസ്യാന്വേഷണ റിപ്പോർട്ട്
അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കങ്ങൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ഈ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടത്

- Published:
9 March 2026 2:17 PM IST

വാഷിംഗ്ടൺ: വലിയ തോതിലുള്ള സൈനിക ആക്രമണങ്ങൾ നടത്തിയാൽ പോലും ഇറാനിലെ നിലവിലെ ഭരണകൂടത്തെ പുറത്താക്കാൻ സാധിക്കില്ലെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. യുഎസ് നാഷണൽ ഇന്റലിജൻസ് കൗൺസിൽ തയ്യാറാക്കിയ രഹസ്യ റിപ്പോർട്ടിലാണ് ഈ വിലയിരുത്തലുള്ളതെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ഇറാനിലെ ഭരണനേതൃത്വം കൊല്ലപ്പെട്ടാൽ പോലും ഭരണം നിലനിർത്തുന്നതിനായി കൃത്യമായ പ്രോട്ടോക്കോളുകൾ രാജ്യം രൂപീകരിച്ചിട്ടുണ്ട് എന്നതാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ, ഇറാനിലെ വിഘടിച്ചു നിൽക്കുന്ന പ്രതിപക്ഷ ഗ്രൂപ്പുകൾക്ക് അധികാരം പിടിച്ചെടുക്കാനുള്ള ശേഷിയില്ലെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.
അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കങ്ങൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ഈ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടത്. ഇറാനിലെ മിസൈൽ ഉൽപ്പാദന കേന്ദ്രങ്ങളും നാവികസേനയും തകർക്കുക, ആണവായുധങ്ങൾ നേടുന്നത് തടയുക തുടങ്ങിയ ലക്ഷ്യങ്ങളുമായി 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി' (Operation Epic Fury) എന്ന പേരിൽ വൈറ്റ് ഹൗസ് സൈനിക നീക്കം ശക്തമാക്കിയിരിക്കെയാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഈ കണ്ടെത്തൽ പുറത്തുവരുന്നത്.
അതേസമയം, ഇറാൻ ഭരണകൂടത്തെ പൂർണമായും ഇല്ലാതാക്കും നിലപാടിലാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ പരമാധികാരിയായിരുന്ന ആയത്തുല്ല അലി ഖാംനഈയുടെ മകൻ മുജ്തബ ഖാംനഈയെ അടുത്ത നേതാവാകുന്നത് അംഗീകരിക്കാനാവില്ലെന്നും, തനിക്ക് താല്പര്യമുള്ള ഒരാളെ ഭരണതലപ്പത്ത് കൊണ്ടുവരണമെന്നും ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ നീക്കത്തെ ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് ശക്തമായി എതിർത്തു. ഇറാന്റെ ഭാവി നിശ്ചയിക്കുന്നത് ഇറാനിലെ ജനങ്ങളായിരിക്കുമെന്നും പുറത്തുനിന്നുള്ളവരല്ലെന്നും അദേഹം പ്രതികരിച്ചു.
ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ അയൽരാജ്യങ്ങളോട് മാപ്പ് ചോദിച്ചതിന് പിന്നാലെ, ഇറാൻ പശ്ചിമേഷ്യയിലെ 'തോറ്റ കക്ഷി'യാണെന്ന് ട്രംപ് പരിഹസിച്ചിരുന്നു. ഇറാന്റെ നിരുപാധികമായ കീഴടങ്ങൽ മാത്രമാണ് യുദ്ധം അവസാനിപ്പിക്കാനുള്ള ഏക പോംവഴിയെന്നും ട്രംപ് ആവർത്തിച്ചു. എന്നാൽ സൈനികമായി ഭരണമാറ്റം കൊണ്ടുവരാൻ കഴിയില്ലെന്ന രഹസ്യാന്വേഷണ റിപ്പോർട്ട് ട്രംപ് ഭരണകൂടത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്
Adjust Story Font
16
