ജനീവയിൽ പുരോഗതി: നയതന്ത്ര ചർച്ചകൾ തുടരാനുറച്ച് ഇറാനും അമേരിക്കയും
അടുത്ത ആഴ്ച വിയന്നയിൽ കൂടുതൽ സാങ്കേതിക ചർച്ചകൾ നടക്കുമെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി

- Published:
27 Feb 2026 8:10 AM IST

ജനീവ: നയതന്ത്ര പ്രശ്നപരിഹാര നടപടികൾ തുടരാനുറച്ച് ഇറാനും അമേരിക്കയും. ജനീവയില്‍ നടന്ന ചര്‍ച്ചയില്‍ കാര്യമായ പുരോഗതി ഉണ്ടായതായി മധ്യസ്ഥൻ അവകാശപ്പെടുന്നുണ്ടെങ്കിലും, യുദ്ധം ഒഴിവാക്കാൻ ആവശ്യമായ വിട്ടുവീഴ്ചകൾക്ക് ഇരുപക്ഷവും തയ്യാറായോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല.
അടുത്ത ആഴ്ച വിയന്നയിൽ കൂടുതൽ സാങ്കേതിക ചർച്ചകൾ നടക്കുമെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഏറ്റവും ഗൗരവമേറിയതും ദൈർഘ്യമേറിയതുമായതെന്നായിരുന്നു ജനീവയിലെ ചര്‍ച്ചകളെക്കുറിച്ച് അബ്ബാസ് അരാഗ്ചി പ്രതികരിച്ചത്. എന്നാല്‍ അമേരിക്കയുടെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.
ഉപരോധം പിൻവലിച്ചാൽ യുറേനിയം സമ്പുഷ്ടീകരണ വിഷയത്തിൽ പരമാവധി ഇളവ് അനുവദിക്കാൻ ഇറാൻ സന്നദ്ധത അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. സമാധാനപരമായ ആവശ്യങ്ങൾക്കായി ആണവോർജ്ജം ഉപയോഗിക്കാൻ ഇറാനു അവകാശമുണ്ടെന്ന് ചർച്ചകളിൽ പങ്കെടുത്തവർ ഊന്നിപ്പറഞ്ഞെന്നാണ് ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാനിലെ യുറേനിയം സമ്പുഷ്ടീകരണം പൂർണ്ണമായും നിർത്തലാക്കണമെന്നും, കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം രാജ്യത്തിന് പുറത്തേക്ക് മാറ്റണമെന്നുമുള്ള അമേരിക്കയുടെ ആവശ്യങ്ങൾ അവർ തള്ളിക്കളയുകയും ചെയ്തു.
ഒമാൻ വിദേശകാര്യ മന്ത്രി ബ്ദ്ർ അൽ ബുസൈദിയെ ഇടനിലക്കാരനാക്കിയാണ് അമേരിക്കയും ഇറാനും ചർച്ചയിൽ പങ്കെടുത്തത്. യുഎസ് പശ്ചിമേഷ്യന്‍ ദൂതൻ സ്റ്റിവ് വിറ്റ്കോഫ്, വൈറ്റ്ഹൗസ് ഉപദേശകൻ ജാറെദ് കുഷ്നർ എന്നിവർ ചർച്ചയുടെ വിശദാംശങ്ങൾ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിനെ അറിയിക്കും. അതേസമയം സംഘർഷ സാഹചര്യം കുറക്കാൻ ജനീവ ചർച്ചയിലെ പുരോഗതി സഹായകമായെന്ന് യുഎൻ സെക്രട്ടറി ജനറൽ ആന്‍റണിയോ ഗുട്ടറസ് പറഞ്ഞു.
Adjust Story Font
16
