ഇറാൻ-ഇസ്രായേൽ സംഘർഷം: നയതന്ത്ര പ്രശ്‌ന പരിഹാരമാണ് ട്രംപ് ലക്ഷ്യമിടുന്നതെന്ന് വൈറ്റ് ഹൗസ്
ഫോർദോ ആണവ നിലയത്തിന് നേരെയുള്ള ആക്രമണം മാറ്റിവെക്കണമെന്ന് ട്രംപ് നിർദേശിച്ചതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേൽ ബ്രോഡ്കാസ്റ്റിങ് അതോറിറ്റി വ്യക്തമാക്കി.

വാഷിങ്ടൺ: ഇറാൻ- ഇസ്രായേൽ സംഘർഷത്തിൽ നയതന്ത്ര പരിഹാരമാണ് ട്രംപ് ലക്ഷ്യമിടുന്നതെന്ന് വൈറ്റ് ഹൗസ് വക്താവ്. ആവശ്യമെങ്കിൽ സൈനിക നടപടിക്കും മടിക്കില്ല. സമവായത്തിന് സാധ്യതയുണ്ട്. വിഷയത്തിൽ രണ്ടാഴ്ചക്കകം ട്രംപ് തീരുമാനമെടുക്കുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
ഫോർദോ ആണവ നിലയത്തിന് നേരെയുള്ള ആക്രമണം മാറ്റിവെക്കണമെന്ന് ട്രംപ് നിർദേശിച്ചതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേൽ ബ്രോഡ്കാസ്റ്റിങ് അതോറിറ്റി വ്യക്തമാക്കി. നിലവിൽ ഇറാൻ ആണവായുധം വികസിപ്പിക്കുന്ന ഘട്ടത്തിൽ എത്തിയിട്ടില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു. ഇറാൻ- ഇസ്രായേൽ സംഘർഷം തങ്ങൾ സസൂക്ഷം നിരീക്ഷിച്ചുവരികയാണെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അടക്കമുള്ളവരുമായി പ്രസിഡന്റ് ട്രംപ് നിരന്തരം സംസാരിക്കുന്നുണ്ടെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
അതേസമയം ഇറാൻ- ഇസ്രായേൽ സംഘർഷം നീളുമെന്ന സൂചനയാണ് യുഎസ് നിലപാട് നൽകുന്നത്. രണ്ടാഴ്ചക്കകം ട്രംപ് തീരുമാനമെടുക്കുമെന്ന വൈറ്റ് ഹൗസ് നിലപാട് ഇതിന് തെളിവാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നേരിട്ട് യുദ്ധത്തിനിറങ്ങിയാൽ മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് യുഎസ് വിലയിരുത്തൽ.
Adjust Story Font
16

