Quantcast

വിദേശികൾക്കുള്ള യാത്രാനിയന്ത്രണം ഒഴിവാക്കി അമേരിക്ക; വാക്‌സിൻ എടുത്തവർക്കു മാത്രം പ്രവേശനം

വാക്‌സിൻ രേഖകൾ ഹാജരാക്കുകയും വിമാനക്കമ്പനികൾ പേരും ജനനത്തിയ്യതിയും ഒത്തുനോക്കി സ്ഥിരീകരിക്കുകയും ചെയ്തതിനു ശേഷം മാത്രമേ യു.എസ്സിലേക്കുള്ള വിമാനം കയറാനാവൂ

MediaOne Logo

Web Desk

  • Published:

    8 Nov 2021 7:35 AM GMT

വിദേശികൾക്കുള്ള യാത്രാനിയന്ത്രണം ഒഴിവാക്കി അമേരിക്ക; വാക്‌സിൻ എടുത്തവർക്കു മാത്രം പ്രവേശനം
X

കോവിഡ് വാക്‌സിൻ പൂർണമായും സ്വീകരിച്ച വിദേശ സന്ദർശകർക്കായി യു.എസ് അതിർത്തികൾ വീണ്ടും തുറന്നു. 20 മാസത്തെ യാത്രാ നിരോധനത്തിന് ശേഷമാണ് ജോ ബൈഡൻ ഭരണകൂടം ഇന്നു മുതൽ വിദേശ സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. വാക്‌സിനേഷൻ തെളിയിക്കുന്ന ഔദ്യോഗിക രേഖകൾ സമർപ്പിക്കുകയും യാത്രയ്ക്ക് മൂന്നു ദിവസം മുമ്പ് ടെസ്റ്റ് നടത്തി നെഗറ്റീവാവുകയും ചെയ്യുന്നവർക്കായിരിക്കും യു.എസിലേക്ക് പ്രവേശനാനുമതിയെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി.

വാക്‌സിൻ രേഖകൾ ഹാജരാക്കുകയും വിമാനക്കമ്പനികൾ പേരും ജനനത്തിയ്യതിയും ഒത്തുനോക്കി സ്ഥിരീകരിക്കുകയും ചെയ്തതിനു ശേഷം മാത്രമേ യു.എസ്സിലേക്കുള്ള വിമാനം കയറാനാവൂ എന്ന് വൈറ്റ് ഹൗസ് അധികൃതർ വ്യക്തമാക്കുന്നു. വിദേശത്തുള്ള യു.എസ് പൗരന്മാരും സ്ഥിരതാമസ രേഖയുള്ളവരുമടക്കം വാക്‌സിനേഷനിൽ ഇളവ് നൽകപ്പെട്ടിട്ടുള്ളവർ പുറപ്പെടുന്നതിന്റെ 24 മണിക്കൂറിനുള്ളിൽ ടെസ്റ്റ് ചെയ്ത് നെഗറ്റീവാകണം.

18 വയസ്സിൽ താഴെയുള്ളവർക്ക് വാക്‌സിനേഷൻ നിർബന്ധമില്ല. എന്നാൽ, 12-17 പ്രായപരിധിയിലുള്ളവർ 24 മണിക്കൂറിനുള്ളിൽ ടെസ്റ്റ് ചെയ്ത് നെഗറ്റീവാണെന്ന് ഉറപ്പുവരുത്തണം. നിബന്ധനകൾ നടപ്പിലാകുന്നുവെന്ന് ഉറപ്പാക്കാൻ യു.എസ് ഭരണകൂടം വിമാനക്കമ്പനികളുമായി യോജിച്ചു പ്രവർത്തിക്കുമെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപാണ് ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അമേരിക്കയിലേക്കുള്ള പ്രവേശനം നിഷേധിച്ച് ഉത്തരവിറക്കിയത്. തുടക്കത്തിൽ ചൈനയിൽ നിന്നുള്ളവർക്ക് മാത്രം ഏർപ്പെടുത്തിയ വിലക്ക് പിന്നീട് ഇന്ത്യ, ഇറാൻ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾക്കും ബാധകമാക്കുകയായിരുന്നു. കുടുംബങ്ങൾക്കും വിനോദസഞ്ചാരികൾക്കും പ്രവേശനം നിഷേധിച്ചപ്പോൾ തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും പ്രവേശനനാനുമതി നൽകിയിരുന്നു.

വാക്‌സിനെടുക്കാത്ത വിദേശികൾക്ക് യു.എസ്സിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നും 'മതപരമായ കാരണങ്ങളാലോ മറ്റ് ധാർമ്മിക ബോധ്യങ്ങളാലോ' ആർക്കെങ്കിലും ഇളവ് നൽകില്ലെന്നും യു.എസിലെ ദേശീയ പൊതുജനാരോഗ്യ ഏജൻസിയായ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു.

TAGS :

Next Story