Quantcast

സൈനിക താവളത്തിന് നേരെയുള്ള ഇറാൻ ആക്രമണം സ്ഥിരീകരിച്ച് അമേരിക്ക

ആക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് യുഎസ്

MediaOne Logo

Web Desk

  • Published:

    24 Jun 2025 12:20 AM IST

സൈനിക താവളത്തിന് നേരെയുള്ള ഇറാൻ ആക്രമണം സ്ഥിരീകരിച്ച് അമേരിക്ക
X

വാഷിംങ്ടൺ: ഖത്തറിൽ യുഎസ് സൈനിക താവളത്തിന് നേരെയുണ്ടായ ഇറാന്റെ ആക്രമണം സ്ഥിരീകരിച്ച് അമേരിക്ക. ആക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് യുഎസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ഖത്തറിലെ അല്‍-ഉദൈദ് വ്യോമതാവളം ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകളാൽ ആക്രമിക്കപ്പെട്ടതായി യുഎസ് പ്രതിരോധ ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. യുഎസ് സൈനികർക്ക് നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും സ്ഥിതിഗതികൾ യുഎസ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

ആക്രമണത്തെ അപലപിച്ച് ​ഗൾഫ് രാജ്യങ്ങൾ രം​ഗത്തെത്തിയിട്ടുണ്ട്. യുഎഇയും സൗദി അറേബ്യയുമാണ് ആക്രമണത്തെ അപലപിച്ചത്. ഇറാന്റെ ആക്രമണം അന്തരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

യുഎസ് താവളങ്ങളിൽ ആക്രമണം നടത്താൻ ഇറാൻ തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ വന്നതിനു പിന്നാലെയാണ് ആക്രമണം. ദോഹയിൽ സ്‌ഫോടന ശബ്ദം കേട്ടതായാണ് റിപ്പോർട്ടുകളുള്ളത്. ഖത്തറിലെ അമേരിക്കയുടെ അല്‍-ഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ടാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. ഖത്തറിൽ യുഎസ് സൈനിക താവളത്തില്‍ ആക്രമണം നടത്തിയതായി ഇറാൻ സൈന്യം സ്ഥിരീകരിച്ചു.

ഇറാനിലെ ആണവകേന്ദ്രങ്ങൾക്ക് നേരെയുള്ള യുഎസിന്റെ ആക്രമണത്തിന് തിരിച്ചടിയായാണ് ദോഹയിലുള്ള യുഎസ് സൈനിക താവളം ഇറാൻ ആക്രമിച്ചത്. ആറോളം മിസൈലുകൾ അയച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മധ്യപൂർവദേശത്തുള്ള യുഎസ് സൈനിക താവളങ്ങൾ ആക്രമിക്കാൻ ഇറാൻ തയാറെടുപ്പ് നടത്തുകയാണെന്നും ഇതിനായി മിസൈൽ ലോഞ്ചറുകൾ സജ്ജമാക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

TAGS :

Next Story