യുക്രൈനുമായി രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവയ്ക്കുന്നത് താൽക്കാലികമായി നിർത്തി യുഎസ്
യുക്രൈനുള്ള സൈനിക സഹായം നിർത്തിവെച്ചതിന് പിന്നാലെയാണ് യുഎസിന്റെ പുതിയ നീക്കം

വാഷിംഗ്‌ടൺ: യുക്രൈനുമായി രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവയ്ക്കുന്നത് താൽക്കാലികമായി നിർത്തിയെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ എല്ലാ വശങ്ങളും താത്കാലികമായി നിർത്തി പരിശോധിച്ച് വരികയാണ്. യുക്രൈനെ ഇക്കാര്യങ്ങൾ അറിയിച്ചിട്ടുണ്ട്. ചർച്ചകൾ നടക്കുകയാണ്. വളരെ പെട്ടെന്ന് പുരോഗതി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വാൾട്ട്സ് മാധ്യമങ്ങളോട് പറഞ്ഞു.
യുക്രൈനുള്ള സൈനിക സഹായം നിർത്തിവെച്ചതിന് പിന്നാലെയാണ് യുഎസിന്റെ പുതിയ നീക്കം. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും യുക്രൈൻ പ്രസിഡൻറ് വോളോഡിമർ സെലൻസ്കിയും തമ്മിൽ കഴിഞ്ഞയാഴ്ച ട്രംപിെൻറ ഓവൽ ഓഫീസിൽ വെച്ച് വാഗ്വാദത്തിൽ ഏർപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്ക സൈനിക സഹായം അമേരിക്ക തൽക്കാലികമായി നിർത്താനുള്ള കടുത്ത നടപടി സ്വീകരിച്ചത്.
യുദ്ധവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെയാണ് ട്രംപും സെലൻസ്കിയും കഴിഞ്ഞായഴ്ച പരസ്പരം ഏറ്റുമുട്ടിയത്. വാഗ്വാദത്തിന് പിന്നാലെ ധാതു കരാറിൽ ഒപ്പുവെക്കാതെ സെലൻസ്കി വൈറ്റ് ഹൗസിൽനിന്ന് ഇറങ്ങിപ്പോയി. ഇരുവരും നടത്താനിരുന്ന സംയുക്ത വാര്‍ത്താസമ്മേളനവും റദ്ദാക്കിയിരുന്നു. റഷ്യയുമായുള്ള സമാധാന കരാരിൽ അമേരിക്ക നിർദേശിക്കുന്ന ഏത് നിബന്ധനയും അനുസരിക്കണമെന്ന ട്രംപിന്റെ ആവശ്യമാണ് സെലൻസ്കിയെ ചൊടിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. യുക്രൈൻ-റഷ്യ യുദ്ധം മൂന്ന് വർഷം പിന്നിടുമ്പോൾ അമേരിക്ക യുക്രൈന് കോടിക്കണക്കിന് ഡോളർ സഹായം നൽകിയിട്ടുണ്ട്.
അതേസമയം, യുക്രൈനുമായി വിവരങ്ങൾ പങ്കുവെക്കുന്നത് അവസാനിപ്പിക്കാൻ വൈറ്റ് ഹൗസ് യുകെയോട് നിർദ്ദേശിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് പ്രതികരിക്കാൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വക്താവ് തയായറായില്ല.
Adjust Story Font
16

