Quantcast

പാക് സൈനിക മേധാവിയുമായി കൂടിക്കാഴ്ച നടത്താൻ ട്രംപ്; ഉച്ചഭക്ഷണത്തിനും ക്ഷണം

യുഎസ് സൈന്യത്തിന്റെ വാർഷികാഘോഷത്തിലേക്ക് അസിം മുനീറിനെ ക്ഷണിച്ചെന്ന വാർത്ത വൈറ്റ് ഹൗസ് നിഷേധിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    18 Jun 2025 2:05 PM IST

പാക് സൈനിക മേധാവിയുമായി കൂടിക്കാഴ്ച നടത്താൻ ട്രംപ്; ഉച്ചഭക്ഷണത്തിനും ക്ഷണം
X

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പാകിസ്താൻ സൈനിക മേധാവി അസിം മുനീറുമായി കൂടിക്കാഴ്ച നടത്തും. ബുധാനാഴ്ച വൈറ്റ് ഹൗസിൽ വെച്ചായിരിക്കും കൂടിക്കാഴ്ച. ഉച്ചഭക്ഷണത്തിനും ക്ഷണമുണ്ടെന്നും വൈറ്റ്ഹൗസ്. പാകിസ്താൻ ആർമി തലവനോടൊപ്പം വൈറ്റ് ഹൗസിലെ കാബിനറ്റ് റൂമിൽ യുഎസ് പ്രസിഡന്റ് ഉച്ചഭക്ഷണം കഴിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു. ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമായതോടെ കാനഡയിൽ നടക്കുന്ന ജി 7 ഉച്ചകോടി വെട്ടിച്ചുരുക്കി ചൊവ്വാഴ്ച രാവിലെയാണ് ട്രംപ് വാഷിങ്ടണിലേക്ക് മടങ്ങിയെത്തിയത്.

നിലവിൽ അമേരിക്കൻ സന്ദർശനത്തിലാണ് ആർമി തലവൻ അസിം മുനീർ. കഴിഞ്ഞദിവസം അമേരിക്കയിലെ പാകിസ്താൻ ജനങ്ങളുമായി അദ്ദേഹം സംവദിച്ചിരുന്നു. പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്താനാണെന്ന വാദം അദ്ദേഹം നിഷേധിക്കുകയും ചെയ്തിരുന്നു.അന്താരാഷ്ട്ര അതിർത്തികൾ ലംഘിക്കുന്ന അപകടകരമായ ഒരു പുതിയ രീതി സ്ഥാപിക്കാൻ ഇന്ത്യ ശ്രമിക്കുകയാണെന്ന് മുനീർ ആരോപിക്കുകയും ചെയ്തു.

അതേസമയം, യുഎസ് സൈന്യത്തിന്റെ 250 ാം വാർഷികാഘോഷത്തിലേക്ക് അസിം മുനീറിനെ ക്ഷണിച്ചെന്ന വാർത്ത വൈറ്റ് ഹൗസ് നിഷേധിച്ചിരുന്നു. ഒരു വിദേശ സൈനിക നേതാക്കളെയും പരേഡിന് ക്ഷണിച്ചിട്ടില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കിയിരുന്നു.

അതേസമയം, ഇന്ത്യാ-പാക് സംഘർഷം അവസാനിപ്പിക്കുന്നതിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അവകാശവാദത്തെ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. മധ്യസ്ഥത സ്വീകരിക്കില്ലെന്നും വിഷയത്തിൽ പൂർണമായ രാഷ്ട്രീയ സമവായമുണ്ടെന്നും ട്രംപിനോട് പ്രധാനമന്ത്രി പറഞ്ഞു.മോദിയും ട്രംപും 35 മിനിറ്റ് സമയം ഫോണിൽ സംസാരിച്ചു. ഇസ്രായേൽ- ഇറാൻ സംഘർഷത്തെക്കുറിച്ചും ഇരുവരും സംസാരിച്ചു. അടുത്ത ക്വാഡ് യോഗത്തിൽ പങ്കെടുക്കാനുള്ള പ്രധാനമന്ത്രിയുടെ ക്ഷണം ട്രംപ് സ്വീകരിച്ചുവെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി അറിയിച്ചു. കാനഡയിൽനിന്ന് മടങ്ങുമ്പോൾ അമേരിക്കൻ സന്ദർശനം സാധ്യമാകുമോ എന്ന് ട്രംപ് മോദിയോട് ചോദിച്ചു. എന്നാൽ നേരത്തെ തീരുമാനിച്ച പരിപാടികൾ ഉണ്ടെന്ന അസൗകര്യം ട്രംപിനെ മോദി അറിയിച്ചു.

TAGS :

Next Story