Quantcast

മുസ്‌ലിം വിവേചനത്തെക്കുറിച്ച് ചോദ്യമുയര്‍ത്തി യു.എസ് ലേഖിക; ജനാധിപത്യത്തെക്കുറിച്ച് വിശദീകരിച്ച് മോദി

വൈറ്റ്ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിൽ ഇരുരാജ്യങ്ങളില്‍നിന്നുമായി രണ്ട് ചോദ്യങ്ങൾക്കു മാത്രമാണ് അനുമതിയുണ്ടായിരുന്നത്

MediaOne Logo

Web Desk

  • Updated:

    2023-06-23 06:11:40.0

Published:

23 Jun 2023 6:07 AM GMT

The Wall Street Journals Sabrina Siddiqui, Narendra Modi White House press conference with Joe Biden, Narendra Modi White House press conference, Muslim discrimination, US reporter questions Narendra Modi about Muslim discrimination in India
X

വാഷിങ്ടൺ: വൈറ്റ്ഹൗസിൽ യു.എസ് പ്രസിഡന്റ് ജോ ബൈഡനൊപ്പമുള്ള സംയുക്ത വാർത്താസമ്മേളനത്തിൽ ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ നേരിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുസ്‌ലിംകൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളോട് സർക്കാർ തുടരുന്ന വിവേചനം ഉയർത്തിക്കാട്ടിയായിരുന്നു ചോദ്യം. ഇതിനോട് രാജ്യത്ത് ഒരുതരത്തിലുമുള്ള വിവേചനമില്ലെന്നും ജനാധിപത്യം രാജ്യത്തിന്റെ ജീനിലും സിരകളിലുമുണ്ടെന്നും മോദി വ്യക്തമാക്കി.

2014ൽ അധികാരമേറ്റ ശേഷം ഇതാദ്യമായാണ് മോദി നേരിട്ട് മാധ്യമങ്ങൾക്കുമുന്നിലെത്തുന്നത്. എന്നാൽ, വൈറ്റ്ഹൗസിൽ ഇന്നലെ രാത്രി നടന്ന വാർത്താസമ്മേളനത്തിൽ രണ്ടേരണ്ട് ചോദ്യങ്ങൾക്കാണ് അവസരമുണ്ടായിരുന്നത്. ഇരുരാജ്യങ്ങളിൽനിന്നുമായി ഓരോ വീതം മാധ്യമപ്രവർത്തകർക്കായിരുന്നു അവസരം.

യു.എസ് മാധ്യമപ്രവർത്തകരെ പ്രതിനിധീകരിച്ച് 'വാൾസ്ട്രീറ്റ് ജേണലി'ന്റെ വൈറ്റ് ഹൗസ് റിപ്പോർട്ടർ സബ്രീന സിദ്ദീഖിയുടേതായിരുന്നു ആദ്യത്തെ ചോദ്യം. ഇവർക്ക് മോദി മറുപടി നൽകിയ ശേഷം ഇന്ത്യൻ വാർത്താ ഏജൻസി പി.ടി.ഐയുടെ റിപ്പോർട്ടർ ഇന്ത്യൻ മാധ്യമങ്ങളെയും പ്രതിനിധീകരിച്ച് ചോദ്യമുയർത്തി.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായാണ് ഇന്ത്യ ദീർഘകാലമായി അഭിമാനം കൊള്ളുന്നത്. എന്നാൽ, താങ്കളുടെ സർക്കാർ മതന്യൂനപക്ഷങ്ങൾക്കെതിരെ വിവേചനം നടത്തുന്നതായി ഒരുപാട് മനുഷ്യാവകാശ സംഘങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ടെന്ന് സൂചിപ്പിച്ചായിരുന്നു സബ്രീന ചോദ്യം തുടങ്ങിയത്. 'ജനാധിപത്യം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഒരുപാട് ലോകനേതാക്കൾ വ്യക്തമാക്കിയ വൈറ്റ്ഹൗസിലാണ് താങ്കളിപ്പോൾ നിൽക്കുന്നത്. മുസ്‌ലിംകൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ മെച്ചപ്പെടുത്താനും ആവിഷ്‌ക്കാര സ്വാതന്ത്ര്യം നിലനിർത്താനും എന്തു നടപടികൾ കൈക്കൊള്ളാനാണ് താങ്കളും സർക്കാരും താൽപര്യപ്പെടുന്നത്?'-അവർ ചോദിച്ചു.

ചോദ്യത്തോട് അൽപം സമയമെടുത്തായിരുന്നു മോദിയുടെ മറുപടി. ഇന്ത്യ ജനാധിപത്യരാജ്യമാണെന്ന് ആളുകൾ പറയുന്നുവെന്ന് പറഞ്ഞത് തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്നു പറഞ്ഞാണ് മോദി തുടങ്ങിയത്. ആളുകൾ പറയുന്നതല്ല, ഇന്ത്യ ജനാധിപത്യരാജ്യം തന്നെയാണെന്നും മോദി വ്യക്തമാക്കി.

'ഇന്ത്യയുടെയും അമേരിക്കയുടെയും ജീനിൽ ജനാധിപത്യമുണ്ട്. ജനാധിപത്യം നമ്മുടെ പ്രാണനാണ്. നമ്മുടെ സിരകളിലുമുണ്ടത്. അതിലാണ് നമ്മുടെ ജീവിതവും. നമ്മുടെ പൂർവികർ അതിനു ഭരണഘടനയുടെ രൂപത്തിൽ ശബ്ദംനൽകുകയും ചെയ്തിട്ടുണ്ട്.'-പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഭരണഘടനയുടെ മൗലികതത്വങ്ങൾ ആധാരമാക്കിയാണ് സർക്കാർ പ്രവർത്തിക്കുന്നത്. അവിടെ ജാതിയുടെയും വർഗത്തിന്റെയും ലിംഗത്തിന്റെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനങ്ങൾക്ക് സ്ഥാനമില്ല. അതുകൊണ്ടാണ് 'സബ് കാ സാത്ത്, സബ് കാ വികാസ്, സബ് കാ പ്രയാസ്' എന്ന മുദ്രാവാക്യത്തിൽ ഇന്ത്യ വിശ്വസിക്കുകയും അതിലൂടെ മുന്നോട്ടുപോകുകയും ചെയ്യുന്നത്. സർക്കാർ സേവനങ്ങളുടെ ഗുണം എല്ലാവർക്കും ലഭ്യമാണ്. ജനാധിപത്യത്തിൽ മാനുഷികമൂല്യങ്ങളും മാനവികതയുമില്ലെങ്കിൽ മനുഷ്യാവകാശങ്ങൾക്കു സ്ഥാനമില്ല. അതൊരിക്കലും ജനാധിപത്യവുമാകില്ല. നമ്മൾ ജനാധിപത്യത്തിലാണ് ജീവിക്കുന്നത്. അവിടെ ഒരിക്കലും വിവേചനത്തിനു സ്ഥാനമില്ലെന്നും മോദി കൂട്ടിച്ചേർത്തു.

Summary: The Wall Street Journal's Sabrina Siddiqui questions Narendra Modi about the government's discrimination to Muslims in India, and the Indian PM explains about the democracy in White House press conference with US president Joe Biden

TAGS :

Next Story