Quantcast

അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരായ യുഎസ് ഉപരോധം അംഗീകരിക്കാനാവില്ല: നൊബേൽ പുരസ്‌കാര ജേതാവ് നവി പിള്ള

ഗസ്സയിൽ യുദ്ധക്കുറ്റങ്ങളും കുറ്റകൃത്യങ്ങളും നടത്തിയെന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ ഐസിസി അറസ്റ്റ് വാറന്റുകൾ പുറപ്പെടുവിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    11 Oct 2026 5:27 PM IST

അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരായ യുഎസ് ഉപരോധം അംഗീകരിക്കാനാവില്ല: നൊബേൽ  പുരസ്‌കാര ജേതാവ് നവി പിള്ള
X

ഹേഗ്: അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങളെ രൂക്ഷമായി വിമർശിച്ച് 2026ലെ നൊബേൽ സമാധാന പുരസ്‌കാര ജേതാവ് നവി പിള്ള. ജഡ്ജിമാർ അവരുടെ ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിന്റെ പേരിൽ ഉപരോധം ഏർപ്പെടുത്തുന്നത് ‘കേട്ടുകേൾവിയില്ലാത്തതും അംഗീകരിക്കാനാവാത്തതുമാണെന്ന്’ ദക്ഷിണാഫ്രിക്കൻ നിയമവിദഗ്ധയായ നവി പിള്ള പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച ഓസ്ലോയിലെ നോബൽ പീസ് സെന്റർ സംഘടിപ്പിച്ച പരിപാടിയിൽ ന്യൂറംബർഗിൽനിന്ന് വിഡിയോ ലിങ്കിലൂടെ സംസാരിക്കുകയായിരുന്നു നവി പിള്ള.അന്താരാഷ്ട്ര കോടതികളുടെ നിലനിൽപ്പിനെക്കുറിച്ചുള്ള ആശങ്കകൾ വർധിക്കുന്നതായും കോടതിയിലെ ജീവനക്കാരുടെ സുരക്ഷ ഭീഷണിയിലാണെന്നും അവർ മുന്നറിയിപ്പ് നൽകി.

അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ ഭാവിയെക്കുറിച്ച് വലിയ ആശങ്കയും പിരിമുറുക്കവും നിലനിൽക്കുന്നുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. കോടതിയിലെ നൂറുകണക്കിന് ജീവനക്കാർ ഭീഷണി നേരിടുന്നതായും അവർ വ്യക്തമാക്കി.നവി പിള്ളയെ 2026ലെ നോബൽ സമാധാന പുരസ്‌കാര ജേതാവായി നോർവീജിയൻ നോബൽ കമ്മിറ്റി പ്രഖ്യാപനത്തിന് പിന്നാലെ അമേരിക്കയും ഇസ്രായേലും തീരുമാനത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഐസിസിനെയും കോടതിയുടെ നടപടികളെയും ഇരു രാജ്യങ്ങളും നേരത്തേ എതിർത്തിരുന്നു.

പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ അമേരിക്ക കോടതിക്കെതിരെ കൂടുതൽ ഉപരോധങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെതിരെ ഐസിസിലെ അംഗരാജ്യങ്ങളും ഐക്യരാഷ്ട്രസഭയും വിമർശനമുന്നയിച്ചു.കൂടാതെ അന്താരാഷ്ട്ര നിയമത്തിന് നേരെയുള്ള ആക്രമണമാണ് യുഎസ് ഉപരോധങ്ങളെന്ന് ഐസിസി പ്രതികരിച്ചു.

ഗസ്സയിൽ യുദ്ധക്കുറ്റങ്ങളും കുറ്റകൃത്യങ്ങളും നടത്തിയെന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ ഐസിസി അറസ്റ്റ് വാറന്റുകൾ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ പേരിലും കോടതിക്കെതിരെ അമേരിക്ക നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ഗസ്സയിലെ ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ വംശഹത്യ നടത്തിയെന്ന നിഗമനത്തിലെത്തിയ ഐക്യരാഷ്ട്രസഭാ അന്വേഷണത്തിന് നേതൃത്വം നൽകിയതും നവി പിള്ളയുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.

റുവാണ്ടയ്ക്കായുള്ള അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണലിലും അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലും ജഡ്ജിയായി സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് നവി പിള്ള. 2008 മുതൽ 2014 വരെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറായും പ്രവർത്തിച്ചു. മ്യാൻമറിലെ റോഹിങ്ക്യൻ ജനതയ്ക്കെതിരായ വംശഹത്യയുമായി ബന്ധപ്പെട്ട നടപടികളിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ താൽക്കാലിക ജഡ്ജിയായും അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

നോബൽ പുരസ്‌കാര പ്രഖ്യാപനത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും വിമർശിച്ചു. തനിക്ക് തന്നെ നൊബേൽ സമാധാന പുരസ്‌കാരം ലഭിക്കണമെന്ന് പലതവണ ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ള ട്രംപ്, സമിതിയുടെ തീരുമാനത്തെ ‘അപമാനകരവും നാണക്കേടുണ്ടാക്കുന്നതുമായ തീരുമാനം’ എന്നാണ് വിശേഷിപ്പിച്ചത്. നൊബേൽ കമ്മിറ്റിക്ക് ധാർമിക ബോധം നഷ്ടപ്പെട്ടുവെന്നായിരുന്നു ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രതികരണം.

TAGS :

Next Story