യുഎസ് ആക്രമണം: 'ആണവ നിർവ്യാപന കരാറിൽ നിന്ന് പിന്മാറാൻ ഇറാന് നിയമ സാധുത നൽകുന്നു'; ഇറാൻ വിദേശകാര്യ സമിതി തലവൻ
ആർട്ടിക്കിൾ 10 അനുസരിച്ച് ആണവ നിർവ്യാപന കരാറിൽ നിന്ന് പിൻമാറാൻ ഇറാന് അവകാശമുണ്ടെന്ന് അബ്ബാസ് ഗോൾറൂ എക്സിൽ കുറിച്ചു

തെഹ്റാൻ: ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെ ആണവ നിർവ്യാപന കരാറിൽ (എൻപിടി) നിന്ന് പിന്മാറാൻ ഇറാന് നിയമ സാധുത നൽകുന്നുവെന്ന് ഇറാൻ പാർലമെന്റ് വിദേശകാര്യ സമിതി തലവൻ അബ്ബാസ് ഗോൾറൂ പറഞ്ഞു. ആർട്ടിക്കിൾ 10 അനുസരിച്ച് ആണവ നിർവ്യാപന കരാറിൽ നിന്ന് പിൻമാറാൻ ഇറാന് അവകാശമുണ്ടെന്ന് അബ്ബാസ് ഗോൾറൂ എക്സിൽ കുറിച്ചു.
അസാധാരണ സംഭവങ്ങൾ തങ്ങളുടെ രാജ്യത്തിന്റെ പരമോന്നത താൽപ്പര്യങ്ങളെ അപകടത്തിലാക്കിയിട്ടുണ്ടെങ്കിൽ ഒരു എൻപിടി അംഗത്തിന് ഉടമ്പടിയിൽ നിന്ന് പിന്മാറാനുള്ള അവകാശമുണ്ടെന്നാണ് ആർട്ടിക്കിൾ 10ൽ പറയുന്നുത്.
ഇസ്രായേലുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ ആണവ നിർവ്യാപന കരാറിൽനിന്ന് പിന്മാറാനുള്ള നീക്കങ്ങൾ ആരംഭിക്കുന്നതായി ഇറാൻ വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ആണവായുധങ്ങളുടെ വ്യാപനം തടയുന്നതിനുള്ള ആഗോള ശ്രമങ്ങളിൽ സുപ്രധാന നാഴികക്കല്ലാണ് 1968ലെ ആണവ നിർവ്യാപന കരാർ.
സമീപകാല സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ പോകുകയാണ് എന്നാണ് ഇറാൻ വ്യക്തമാക്കിയത്. ആണവ നിർവ്യാപന കരാറിൽനിന്ന് പിന്മാറാൻ പാർലമെന്റിന്റെ അംഗീകാരം ആവശ്യമാണ്. അതിനുള്ള തയാറെടുപ്പുകൾ നടക്കുകയാണെന്ന് ഇറാനി വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗായ് പറഞ്ഞിരുന്നു.
ആണവായുധം ഉപേക്ഷിക്കുക, ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജൻസിയായ ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസിയുമായി സഹകരിക്കുക ഉൾപ്പെടെയുള്ള നിബന്ധനകളാണ് ആണവ നിർവ്യാപന കരാറിലുള്ളത്. ഈ കരാറിന് കീഴിൽ, അമേരിക്ക, യുകെ, ഫ്രാൻസ്, റഷ്യ, ചൈന എന്നിങ്ങനെ അഞ്ചു രാജ്യങ്ങളെ മാത്രമാണ് ആണവായുധ രാജ്യങ്ങളായി രേഖപ്പെടുത്തിയിട്ടുള്ളത്.
1968ൽ രൂപംകൊണ്ട കരാർ, 1970ലാണ് പ്രാബല്യത്തിൽ വരുന്നത്. ആ വർഷംതന്നെ ഇറാൻ കരാറിന്റെ ഭാഗമായിരുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം, 191 രാജ്യങ്ങൾ കരാറിന്റെ ഭാഗമാണ്. എന്നാൽ, ഇസ്രായേൽ കരാറിൽ ഒപ്പുവച്ചിട്ടില്ല.
Adjust Story Font
16

