മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് പഠിക്കാൻ യുഎസ് സംഘം ഇന്ത്യയിൽ
ഇന്ത്യയിൽ ജനാധിപത്യം ഭീഷണിയിൽ ആണെന്ന് അമേരിക്കൻ ജനപ്രതിനിധികൾ ആശങ്ക അറിയിച്ചതിനെ തുടർന്നാണ് അണ്ടർ സെക്രട്ടറി ഉൾപ്പടെയുള്ള സംഘം എത്തിയത്
ഇന്ത്യയിലെ ജനാധിപത്യം നേരിടുന്ന പ്രശ്നങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും കണ്ടെത്താൻ അമേരിക്കൻ സംഘം എത്തി. ഇന്ത്യയിൽ ജനാധിപത്യം ഭീഷണിയിൽ ആണെന്ന് അമേരിക്കൻ ജനപ്രതിനിധികൾ ആശങ്ക അറിയിച്ചതിനെ തുടർന്നാണ് അണ്ടർ സെക്രട്ടറി ഉൾപ്പടെയുള്ള സംഘം ഇന്ത്യയിൽ എത്തിയത്. ബംഗ്ലാദേശ്, ടിബറ്റ് സംസ്ഥാനങ്ങളും സംഘം സന്ദർശിക്കും.
75ഓളം പ്രതിനിധികളാണ് പ്രസിഡന്റ് ജോ ബൈഡന് പരാതി നൽകിയത്. ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങൾ അമേരിക്ക വേണ്ട രീതിയിൽ കൈകാര്യം ചെയ്യുന്നില്ല എന്നായിരുന്നു പരാതി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും പരാതിയിൽ പരാമർശമുണ്ട്. മോദിയുടെ അമേരിക്കൻ സന്ദർശനത്തിനിടെയാണ് യുഎസ് സെനറ്റിലെയും പ്രതിനിധി സഭയിലെയും അംഗങ്ങൾ ബൈഡന് കത്തയച്ചത്.
തുടർന്ന്, മോദി അമേരിക്കൻ പര്യടനം പൂർത്തിയാക്കിയതിന് പിന്നാലെ അമേരിക്ക മനുഷ്യാവകാശ പ്രവർത്തക സംഘത്തെ ഇന്ത്യയിലേക്ക് അയയ്ക്കുകയായിരുന്നു. വ്യക്തി സുരക്ഷ, ജനാധിപത്യം മനുഷ്യാവകാശം എന്നീ മേഖലകൾ കൈകാര്യം ചെയ്യുന്ന യുഎസ് അണ്ടർ സെക്രട്ടറി ഉസ്ര സെയയുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഇന്ത്യയിൽ ശനിയാഴ്ച എത്തിയത്. സർക്കാർ വൃത്തങ്ങളുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ച നടത്തുകയാണ് സംഘത്തിൻ്റെ ലക്ഷ്യം. മണിപ്പൂർ ഉൾപ്പടെയുള്ള വിഷയങ്ങളിൽ പ്രസ്താവനകൾ പുറപ്പെടുവിച്ച അമേരിക്കയുടെ നടപടിക്ക് എതിരെ ഇന്ത്യ നേരത്തെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യ ആവശ്യപ്പെട്ടാൽ മണിപ്പൂർ വിഷയത്തിൽ ഇടപെടാമെന്ന ഇന്ത്യയിലെ അമേരിക്കൻ അംബാസഡറുടെ പ്രസ്താവനയ്ക്ക് എതിരെ വിദേശകാര്യ മന്ത്രാലയം രംഗത്ത് വന്നിരുന്നു. രാജ്യത്തിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ബാഹ്യ ശക്തികളുടെ ഇടപെടൽ വേണ്ടെന്നാണ് പ്രസ്താവനയിൽ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. രാജ്യത്തിൻ്റെ പരമാധികാരത്തിലേക്ക് കടന്നുകയറ്റം നടത്തുന്ന അമേരിക്കൻ നടപടി, കേന്ദ്ര സർക്കാരിന് എതിരായ പ്രതിപക്ഷ വിമർശനങ്ങൾക്കും കാരണമായി.
ഇന്നലെ ഡൽഹിയിൽ എത്തിയ സംഘം ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുമായി ചർച്ച നടത്തും. പുതിയ വിസ നയം രൂപീകരിച്ച ശേഷം ഇതാദ്യമായാണ് അമേരിക്കൻ സംഘം ബംഗ്ലാദേശ് സന്ദർശിക്കുന്നതും. വെള്ളിയാഴ്ചയോടെ പര്യടനം പൂർത്തിയാക്കി ഉന്നതതല സംഘം മടങ്ങും.
Adjust Story Font
16