'സൈനിക നടപടിയും നയതന്ത്ര നീക്കങ്ങളും ഉണ്ടാകും'; ഇറാന് നേരെ ആക്രമണ ഭീഷണി തുടർന്ന് അമേരിക്ക
യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ അടിച്ചേൽപ്പിച്ചാൽ ഏതറ്റം വരെയും തിരിച്ചടിക്കുമെന്ന് ഇറാനും വ്യക്തമാക്കി.

വാഷിങ്ടൺ: ഇറാനെ പിടിച്ചുകുലുക്കിയ ജനകീയ പ്രക്ഷോഭം തുടരുന്നതിനിടെ, ആക്രമണ ഭീഷണി ആവർത്തിച്ച് അമേരിക്ക. സൈനിക നടപടിയും നയതന്ത്ര നീക്കങ്ങളും പരിഗണനയിലെന്ന് യുഎസ് നേതൃത്വം അറിയിച്ചു. യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ അടിച്ചേൽപ്പിച്ചാൽ ഏതറ്റം വരെയും തിരിച്ചടിക്കുമെന്ന് ഇറാനും വ്യക്തമാക്കി. രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങൾക്കു പിന്നിൽ അമേരിക്കയും പുറം ശക്തികളുമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞു.
സമാധാനപരമായ പ്രതിഷേധങ്ങളെ രക്തരൂക്ഷിതമാക്കി മാറ്റിയതിനു പിന്നിൽ ഈ ശക്തികളാണെന്നും മന്ത്രി കുറ്റപ്പെടുത്തി. ഇറാൻ ഭരണകൂടത്തിനെതിരെ ശക്തമായ സൈനിക നടപടി പരിഗണനയിലാണെന്നാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞത്. ഇറാൻ ചർച്ചകൾക്ക് ആവശ്യപ്പെട്ടെങ്കിലും ചില നടപടികൾ വേണ്ടി വരുമെന്നും ട്രംപ് ചൂണ്ടിക്കാട്ടി. അതിനിടെ, ഇറാൻ പ്രസിഡന്റ് ആഹ്വാനം ചെയ്ത 'ദേശീയ പ്രതിരോധ മാർച്ചി'ൽ ഭരണകൂടത്തിന് പിന്തുണ അറിയിച്ച് പതിനായിരങ്ങൾ അണിചേർന്നു.
അമേരിക്കയുമായി ചർച്ചകൾക്ക് ചാനലുകൾ തുറന്നെങ്കിലും അവ പരസ്പര താത്പര്യങ്ങളുടെ അടിസ്ഥാനത്തിൽ വേണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് പ്രതികരിച്ചു. ഏതു സാഹചര്യവും നേരിടാൻ സജ്ജമായിരിക്കണമെന്ന് വിവിധ സൈനിക വിഭാഗങ്ങൾക്ക് ഇറാൻ ഭരണകൂടം നിർദേശം നൽകി.
അടിയന്തര സാഹചര്യം മുൻനിർത്തി എല്ലാ സംവിധാനവും ഒരുക്കാൻ ആശുപത്രികളോട് ഇസ്രായേൽ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. പ്രക്ഷോഭകർക്ക് നേരെയുള്ള അതിക്രമം ഒഴിവാക്കണമെന്ന് വിവിധ യൂറോപ്യൻ രാജ്യങ്ങൾ ഇറാന് താക്കീത് നൽകി. സംഘർഷ സാഹചര്യം മുൻനിർത്തി തെഹ്റാൻ ഫ്രഞ്ച് എംബസിയിൽ നിന്നുള്ള ഭൂരിഭാഗം പ്രതിനിധികളും ഇറാൻ വിട്ടതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
Adjust Story Font
16

