ഗോതബയ രാജപക്‌സെക്ക് വിജയിക്കാൻ വേണ്ടിയോ സ്ഫോടനം? 2019ലെ കൊളംബോ സ്‌ഫോടനക്കേസിൽ മുൻ ഇന്റലിജൻസ് മേധാവി അറസ്റ്റിലാകുമ്പോൾ...
സല്ലെയുടെ അറസ്റ്റോടെ സ്ഫോടനവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ലോകം.

- Updated:
2026-02-26 12:09:20.0

കൊളംബോ: ലോകത്തെ തന്നെ നടുക്കിയ സ്ഫോടനമായിരുന്നു 2019ലെ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്നത്. 279 പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്. 500ലേറെ പേര്‍ക്ക് പരിക്കേറ്റു.
സ്ഫോടനവുമായി ബന്ധപ്പെട്ട് നിറംപിടിപ്പിച്ച കഥകളും വെറുപ്പും വിദ്വേഷവും വേണ്ടുവോളം പ്രചരിച്ചിരുന്നു. ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം സ്ഫോടനത്തില്‍ നിര്‍ണായകമായ അറസ്റ്റാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. അന്നത്തെ ഗോതബയ രാജപക്‌സെ സര്‍ക്കാരിന് കീഴിലെ ഐബി മേധാവിയും സുരേഷ് സല്ലെയേയാണ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് അറസ്റ്റ് ചെയ്തത്. സ്ഫോടനത്തെപ്പോലെ തന്നെ ഈ അറസ്റ്റും ഏവരെയും ഞെട്ടിച്ചു. 2019ലെ തെരഞ്ഞെടുപ്പില്‍ രാജപക്‌സെക്ക് വീണ്ടും അധികാരത്തിലേറാനായിരുന്നു സ്ഫോടന പരമ്പര ആസൂത്രണം ചെയ്തതെന്ന വിവരങ്ങളും പുറത്തുവരുന്നു.
നാഷണൽ തൗഹീദ് ജമാഅത്ത് എന്ന അത്രയൊന്നും അറിയപ്പെടാത്തൊരു സംഘടനയെയാണ് സ്ഫോടനത്തിന് ഉത്തരവാദികളായി അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. അന്ന് സംഘടനയുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മതിയായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ശ്രീലങ്കയിലെ ഭീകരവാദ വിരുദ്ധ നിയമപ്രകാരമാണ് സല്ലെയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്റ്റേറ്റ് ഇൻ്റലിജൻസ് സർവീസിന്റെ (എസ്ഐഎസ്) മുൻ മേധാവിയുടെ അറസ്റ്റ് ഈ കേസിലുണ്ടായ ഏറ്റവും വലിയ വഴിത്തിരിവാണ് അതും ഇരകളുടെ കുടുംബങ്ങൾ നീതിക്കായി നിരന്തരം പോരാടിക്കൊണ്ടിരിക്കെ. കഴിഞ്ഞ ഏഴ് വർഷത്തോളമായി ഈ കേസിന് പിന്നാലെയുണ്ട് അനുര കുമാര ദിസനായകെ സര്‍ക്കാര്‍. 2024ൽ പ്രസിഡന്റായി അനുര കുമാര ദിസനായകെ അധികാരമേറ്റ ശേഷമുള്ള ഈ കേസിലെ ആദ്യത്തെ ഉന്നതതല അറസ്റ്റാണിത്. ബോംബ് സ്‌ഫോടനത്തിന് ഇരയായവർക്ക് നീതി ഉറപ്പാക്കുക എന്നത് അദ്ദേഹത്തിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു.
2019 ഏപ്രിൽ 21ലെ ഈസ്റ്റർ ദിനത്തിലായിരുന്നു സ്ഫോടനം. ആഘോഷവുമായി വിശ്വാസികള്‍ ഒത്തുകൂടിയ സമയം. പൊടുന്നനെയായിരുന്നു പൊട്ടിത്തെറി. കൊളംബോയില്‍ എട്ടിടങ്ങളിലായിട്ടാണ് സ്ഫോടനമുണ്ടായത്. തെഹിവാലാ മൃഗശാലയ്ക്ക് സമീപത്തെ ഹോട്ടലിലാണ് അവസാനത്തെ സ്ഫോടനം നടന്നത്. കൊളംബോയിലെയും പരിസരത്തുമുള്ള ആഡംബര ഹോട്ടലുകളെയും പള്ളികളെയും ലക്ഷ്യമിട്ടായിരുന്നു സ്ഫോടനങ്ങളൊക്കെയും. ഭീകരമായ ഒരു ആഭ്യന്തരയുദ്ധം അവസാനിച്ച് ഒരു പതിറ്റാണ്ടിനുശേഷമുണ്ടായ സ്ഫോടനം ശ്രീലങ്കയെ വീണ്ടും തകര്‍ക്കുന്നതായിരുന്നു. ദ്വീപിന്റെ സുപ്രധാന വിനോദസഞ്ചാര മേഖലയ്ക്ക് ഇത് കനത്ത ആഘാതമേൽപ്പിക്കുകയും ചെയ്തിരുന്നു.
മൂന്ന് പള്ളികളിലെ ഈസ്റ്റർ പ്രാർത്ഥനകളിൽ പങ്കെടുത്തവർക്കും, മൂന്ന് ആഡംബര ഹോട്ടലുകളിൽ പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അതിഥികൾക്കും നേരെ ഒരേസമയമാണ് ആറ് ചാവേർ ബോംബ് ആക്രമണങ്ങൾ ഉണ്ടായത്.
സല്ലെയെ പൂട്ടിയത് 2023ലെ വെളിപ്പെടുത്തല്‍
2023ല്‍ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്ററായ ചാനൽ 4 പുറത്തുവിട്ട ഒരു ഡോക്യുമെന്‍ററിയിലെ വെളിപ്പെടുത്തലിലൂടെയാണ് സല്ലെ അന്വേഷണ റഡാറിലേക്ക് എത്തുന്നത്. ചില തീവ്രവാദ സംഘടനകളുമായി അദ്ദേഹത്തിന് ബന്ധമുണ്ടെന്നതായിരുന്നു വെളിപ്പെടുത്തല്‍. ആക്രമണത്തിന് മുമ്പ് ഈ സ്‌ഫോടനത്തിലെ ചാവേറുകളെ കണ്ടെന്നും വെളിപ്പെടുത്തലുണ്ടായി.
ആ വർഷത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ രാജപക്സെക്ക് അനുകൂലമായൊരു അന്തരീക്ഷമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ഈ ആക്രമണത്തിന് അനുമതി നൽകിയതെന്നാണ് വിവരങ്ങൾ പുറത്തുവിട്ടയാള്‍ വെളിപ്പെടുത്തിയത്. എന്നാല്‍ സല്ലെ ആരോപണം നിഷേധിച്ചിരുന്നു. സ്വാഭാവികമായും അന്നത്തെ ശ്രീലങ്കന്‍ പ്രതിരോധ മന്ത്രാലയവും സല്ലെയുടെ വാദം ശരിവെച്ചു.
ബോംബാക്രമണത്തിന് പിന്നാലെ അക്രമം അടിച്ചമർത്തുമെന്ന് വാഗ്ദാനം നൽകിക്കൊണ്ട് രാജപക്സെ തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുകയും നവംബറിൽ നടന്ന വോട്ടെടുപ്പിൽ വൻ വിജയം നേടുകയും ചെയ്തു. രാജപക്‌സെയുടെ വിജയത്തിന് പിന്നാലെയാണ് സാല്ലെക്ക് പ്രൊമോഷന്‍ കൊടുത്തു. ശ്രീലങ്കയിലെ പ്രധാന രഹസ്യാന്വേഷണ ഏജൻസിയായ എസ്ഐഎസ് മേധാവിയുടെ പോസ്റ്റാണ് അദ്ദേഹത്തിന് നല്‍കിയത്.
എന്നാൽ 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അനുര കുമാര ദിസനായകെ വിജയിച്ചതോടെ ആരോപണ വിധേയനായ സാല്ലെയെ എസ്ഐഎസ് മേധാവി സ്ഥാനത്ത് നിന്നും നീക്കി. ആക്രമണത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന വാഗ്ദാനാമയിരുന്നു അനുര കുമാര ദിസനായകെ നല്‍കിയിരുന്നത്. സാല്ലെയുടെ അറസ്റ്റോടെ സ്ഫോടനവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ലോകം.
Adjust Story Font
16
