Quantcast

സെക്‌സില്ല, കുട്ടികളില്ല, സ്ത്രീകളെ ഭയം; ജപ്പാനിലെ ജനസംഖ്യാ ഭീഷണിക്കു പിന്നിലെന്ത്?

അവിവാഹിതരായി തുടരാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം ജപ്പാനില്‍ ഇനിയും പതിന്മടങ്ങ് വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-08-19 16:01:49.0

Published:

19 Aug 2022 3:59 PM GMT

സെക്‌സില്ല, കുട്ടികളില്ല, സ്ത്രീകളെ ഭയം; ജപ്പാനിലെ ജനസംഖ്യാ ഭീഷണിക്കു പിന്നിലെന്ത്?
X

ടോക്യോ: സംസ്ഥാന സർക്കാർ സ്‌കൂളുകളിൽ നടപ്പാക്കാനിരിക്കുന്ന ജെൻഡർ ന്യൂട്രാലിറ്റി നയത്തിനെതിരെ മുസ്‍ലിം ലീഗും വിവിധ മതസംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. മുൻ മന്ത്രി എം.കെ മുനീർ തുടങ്ങിവച്ച പുതിയ ചർച്ചകളെ പിന്തുണച്ച് അവസാനമായി മുസ്‍ലിം ലീഗ് സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി പി.എം.എ സലാമും ഇന്ന് രംഗത്തെത്തി. ജെൻഡർ ന്യൂട്രാലിറ്റി നയത്തിനു വിമർശനമായി സലാം ഉന്നയിച്ച ഒരു വാദം ജപ്പാനിൽ ഇത്തരമൊരു നയം നടപ്പാക്കിയിട്ട് ജനസംഖ്യ കുറഞ്ഞെന്നായിരുന്നു. ജപ്പാനിൽ ജനസംഖ്യ കുത്തനെ ഇടിയുകയാണെന്നത് വ്യക്തമാണ്. എന്നാൽ, അതിനു പിന്നിലെ യഥാര്‍ത്ഥ കാരണമെന്തെന്നു പരിശോധിക്കാം.

കുത്തനെ ഇടിയുന്ന ജനനനിരക്ക്

ജപ്പാനിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്നാണ് കഴിഞ്ഞ മാസം ജാപ്പനീസ് ലിംഗനീതി, ശിശു വകുപ്പു മന്ത്രി സൈകോ നോഡ 'ദ അസോഷ്യേറ്റഡ് പ്രസി'നു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. രാജ്യം നിലനിൽപ്പു ഭീഷണിയാണെന്നാണ് അവർ സമ്മതിച്ചത്. ഇതേ പ്രവണത തുടരുകയാണെങ്കിൽ വരും വർഷങ്ങളിൽ രാജ്യത്തിന്റെ സമ്പദ്ഘടനയെ മാത്രമല്ല, സൈനിക-ക്രമസമാധാനനിലയടക്കം താളംതെറ്റുമെന്ന ഭീതിയും അവർ പങ്കുവച്ചിട്ടുണ്ട്.

8,10,000 ആണ് കഴിഞ്ഞ വർഷം ജപ്പാനിൽ പുതുതായി ജനിച്ച കുഞ്ഞുങ്ങളുടെ കണക്ക്. രണ്ടാം ലോകയുദ്ധത്തിനുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2.7 മില്യൻ ആയിരുന്നു ഇതുവരെയുള്ള കുറഞ്ഞ നിരക്ക്.

സെക്‌സിനെ പേടിക്കുന്ന യുവതലമുറ

ജനസംഖ്യയുടെ കുത്തനെയുള്ള ഇടിവിന്റെ കാരണം പരിശോധിച്ചുപോയാൽ കൂടുതൽ കൗതുകമുണർത്തുന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ജാപ്പനീസ് ജനസംഖ്യയുടെ മൂന്നിലൊന്നു വരുന്ന 30ലേക്ക് പ്രവേശിക്കുന്ന യുവാക്കളും ജീവിതത്തിൽ ലൈംഗികബന്ധത്തിലേർപ്പെടാത്തവരാണ്. ഭൂരിഭാഗം യുവാക്കളും ലൈംഗികബന്ധങ്ങളിൽനിന്നും പ്രണയബന്ധങ്ങളിൽനിന്നും വിട്ടുനിൽക്കുന്നവരാണ്. എന്നുമാത്രമല്ല, അത്തരം ബന്ധങ്ങളെ ഭയത്തോടെയാണ് നോക്കിക്കാണുന്നത്.

2017ൽ ജപ്പാൻ ജനസംഖ്യയിൽ 50 വയസ് പിന്നിട്ടവരിൽ കാൽഭാഗവും അവിവാഹിതരാണെന്നാണ് 'ദ ഇൻഡിപെൻഡെന്റ്' പുറത്തുവിട്ട ഒരു റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ജപ്പാനിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപുലേഷൻ ആൻഡ് സോഷ്യൽ സെക്യൂരിറ്റി റിസർച്ചിന്റെ(എൻ.ഐ.പി.എസ്.എസ്.ആർ) റിപ്പോർട്ട് പ്രകാരം 50 പിന്നിട്ട ജാപ്പനീസ് വനിതകളിൽ ഏഴിൽ ഒരാൾ അവിവാഹിതകളുമാണ്. 1920ൽ ജപ്പാനിൽ സെൻസസ് ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും ഉയർന്നനിരക്കാണിത്.

സാമ്പത്തിക ബാധ്യതയ്‌ക്കൊപ്പം വിവാഹം കഴിക്കാനുള്ള സാമൂഹിക സമ്മർദം വളരെ കുറവാണെന്നതും പ്രധാന കാരണമാണ്. അവിവാഹിതരായി തുടരാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം ഇനിയും കൂടുമെന്നന്നാണ് എൻ.ഐ.പി.എസ്.എസ്.ആർ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. വിവാഹത്തിൽ താൽപര്യമില്ലാത്ത യുവാക്കളുടെ എണ്ണം കുത്തനെ വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് മറ്റൊരു പഠനത്തിലും പറയുന്നു.

ഒരു സർവേയിൽ പങ്കെടുത്ത 18നും 34നും ഇടയിൽ പ്രായമുള്ളവരിൽ 31 ശതമാനം പേരും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാത്തവരാണ്. ഇതിൽ ഭൂരിഭാഗം പേരും സ്ത്രീകളെ ഭയത്തോടെയാണ് കാണുന്നതെന്ന് 'ദ ഇൻഡിപെൻഡെന്റ്' റിപ്പോർട്ടിൽ പറയുന്നു.

പ്രണയാഭ്യർത്ഥന നടത്തുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലാത്തതിനാലാണ് അധികം പുരുഷന്മാരും ലൈംഗികബന്ധത്തിൽ ഏർപ്പെടാത്തതെന്നാണ് സർവേയിൽ പങ്കെടുത്ത ഒരു സ്ത്രീ നൽകിയ മറുപടി. അതിനാൽ കൂടുതൽ പേരും ഇന്റർനെറ്റിൽ അശ്ലീല വിഡിയോ കണ്ട് തങ്ങളുടെ ലൈംഗികതാൽപര്യങ്ങൾ അടക്കുകയാണ് ചെയ്യുന്നതെന്നും ഇവർ പറയുന്നു.

ജനസംഖ്യാ ടൈംബോംബ്

12.58 കോടിയാണ് നിലവിൽ ജപ്പാന്റെ ജനസംഖ്യ. എന്നാൽ, 40 വർഷംകൊണ്ട് അത് ഞെട്ടിക്കുന്ന തരത്തിലേക്ക് കുറയുമെന്നാണ് റിപ്പോർട്ട്. 2065 ആകുമ്പോഴേക്ക് ജപ്പാൻ ജനസംഖ്യ നാല് കോടിയായി ചുരുങ്ങുമെന്നാണ് എൻ.ഐ.പി.എസ്.എസ്.ആർ മുന്നറിയിപ്പ് നൽകുന്നത്.

കഴിഞ്ഞ ഏതാനും വർഷമായി ജപ്പാനിലെ ജനസംഖ്യ കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ജനനനിരക്കിനെ മറികടന്നാണ് മരണനിരക്ക് കുതിക്കുന്നത്. 'ജനസംഖ്യാ ടൈംബോംബ്' എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ പ്രവണത ജപ്പാന്റെ തൊഴിൽ, വാണിജ്യ രംഗങ്ങളെയെല്ലാം വലിയ തോതിൽ ബാധിക്കുന്നുണ്ട്. ഉൽപാദന, ഉപഭോക്തൃരംഗവും നിക്ഷേപമേഖലയുമെല്ലാം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

Summary: What is Japanese population crisis?

TAGS :

Next Story