Quantcast

2016 മുതല്‍ യു.എസ് ഉദ്യോഗസ്ഥരെ പിന്തുടരുന്ന നിഗൂ‍ഢ രോഗം; 'ഹവാന സിന്‍ഡ്രോമി'നെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ക്യൂബയിലെ ഹവാനയില്‍ വെച്ച് 2016-ല്‍ യു.എസ് ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ് വിവരിക്കാനാവാത്ത ലക്ഷണങ്ങളോടെ ഹവാന സിന്‍ഡ്രോം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.

MediaOne Logo

Web Desk

  • Updated:

    2023-08-13 11:47:55.0

Published:

13 Aug 2023 5:00 PM IST

Havana syndrome
X

2016-ല്‍ ക്യൂബയിലെ യു.എസ് ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ബാധിച്ച ഹവാന സിന്‍ഡ്രോമിനെ കുറിച്ച് അന്വേഷണം നടത്താൻ കേന്ദ്രസര്‍ക്കാര്‍. ഈ ദുരൂഹമായ അസുഖത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ഉയര്‍ന്ന തരംഗദൈര്‍ഘ്യമുള്ള മൈക്രോവേവ് ഇന്ത്യയില്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ബെംഗളൂരു സ്വദേശിയായ എ അമര്‍നാഥ് ചഗു സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. ​ഹരജി പരി​ഗണിച്ച കര്‍ണാടക ഹൈക്കോടതി ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. അന്വേഷണം നടത്താനും റിപ്പോര്‍ട്ടു സമര്‍പ്പിക്കാനുമായി മൂന്ന് മാസത്തെ സമയവും കോടതി നല്‍കി.

ക്യൂബയിലെ ഹവാനയില്‍ വെച്ച് 2016-ല്‍ യു.എസ് ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ് വിവരിക്കാനാവാത്ത ലക്ഷണങ്ങളോടെ ഹവാന സിന്‍ഡ്രോം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. അതിനാല്‍ ഈ രോഗം ഹവാന സിന്‍ഡ്രോം എന്ന് അറിയപ്പെടുന്നു. ഇരുന്നൂറിലധികം അമേരിക്കന്‍ നയതന്ത്രജ്ഞരെയും ഉദ്യോഗസ്ഥരെയും ഹവാന സിന്‍ഡ്രോം ബാധിച്ചിട്ടുണ്ടെന്ന് സി.ഐ.എ ഡയറക്ടര്‍ വില്യം ബേര്‍ണ്‍സ് പറഞ്ഞു.

ഹവാന സിന്‍ഡ്രോമിന്റെ ലക്ഷണങ്ങള്‍

ചെവിയില്‍ തുടര്‍ച്ചയായ മുഴക്കം, ചെവിയില്‍ വിചിത്രമായ ശബ്ദങ്ങള്‍ കേള്‍ക്കുക, കേള്‍വി നഷ്ടം, ഛര്‍ദ്ദി, തലകറക്കം, മൂക്കില്‍ നിന്ന് രക്തം വരിക, ഹ്രസ്വകാലത്തേക്ക് ഓര്‍മനഷ്ടമാകുക എന്നിവയാണ് ഹവാന സിന്‍ഡ്രോമിന്റെ ലക്ഷണങ്ങള്‍. ഒരു കേസില്‍ കാഴ്ച നഷ്ടമായ റിപ്പോര്‍ട്ടുമുണ്ട്.

ലോകത്ത് വിവിധ രാജ്യങ്ങളില്‍ ഹവാന സിന്‍ഡ്രോം കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. ഏകദേശം 1000 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നതായി സി.ഐ.എ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ പലർക്കും രോ​ഗം ഭേദമായെങ്കിലും അപൂര്‍വം ചിലരില്‍ തലവേദന, ഓര്‍മക്കുറവ്, ഉറക്കമില്ലായ്മ, വിഷാദരോഗം തുടങ്ങിയ ലക്ഷണങ്ങള്‍ തുടരുകയും ചെയ്തു. ഇതിനെ തുടർന്ന് പലരും ജോലി രാജിവെച്ച സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്.

2021ല്‍ സി.ഐ.എ ഡയറക്ടര്‍ക്കൊപ്പം ഡല്‍ഹിയിലേക്ക് യാത്ര ചെയ്ത ഒരു അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനും ഹവാനാ സിന്‍ഡ്രോമിന്റെ സമാനമായ ലക്ഷണങ്ങള്‍ കണ്ടത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്റെ ഒരു ഉദ്യോഗസ്ഥനു സിൻഡ്രോമിന്റെ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് 2021 ഓഗസ്റ്റില്‍ സിംഗപ്പൂരില്‍ നിന്ന് വിയറ്റ്നാമിലേക്കുളള അവരുടെ യാത്ര മൂന്ന് മണിക്കൂറോളം വൈകിയിട്ടുണ്ട്.

എന്താണ് ഹവാനാ സിന്‍ഡ്രോമിന് പിന്നിലെ കാരണം?

ഹവാനാ സിന്‍ഡ്രോമിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമായ ഉത്തരം ഇതുവരെയും ആര്‍ക്കും കണ്ടുപിടിക്കാൻ ആയിട്ടില്ല. ക്യൂബയില്‍ ആദ്യമായി ഇത് റിപ്പോര്‍ട്ടു ചെയ്തപ്പോള്‍ അത് സോണിക് അറ്റാക്ക് എന്നാണ് ആദ്യം സ്ഥീരികരിച്ചത്. എന്നാൽ പിന്നീട് ഈ രോഗം സൂക്ഷ്മതരംഗങ്ങളില്‍ നിന്ന് ഉണ്ടായതാകാമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ഇല്യനോയിസിലെ പ്രൊഫസര്‍ ജെയിംസ് ലിന്നിനെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ചില തരം ഊര്‍ജ്ജ തരംഗങ്ങളാകാം ഹവാന സിന്‍ഡ്രോമിന് കാരണമാകുന്നതെന്ന് അമേരിക്കയിലെ നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് 2020 ഡിസംബറില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

TAGS :
Next Story