ആരാണ് ഗസ്സയിൽ ഹമാസുമായി ഏറ്റുമുട്ടുന്ന ദുഅ്‌മുഷുകൾ?
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ ഗസ്സയിൽ സ്ഥിരതാമസമാക്കിയ തുർക്കി വംശജരാണ് ദുഅ്‌മുഷ് കുടുംബം

ഹമാസ് | Photo: Al Jazeera
ഗസ്സ: ഗസ്സയിൽ ഇസ്രായേലും ഹമാസും തമ്മിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ഇസ്രായേലി വ്യോമാക്രമണങ്ങൾ നിലക്കുകയും ബന്ദികളെ പരസ്പരം കൈമാറുകയും ചെയ്തു. എന്നാൽ ഇതിനുപിന്നാലെ ഗസ്സയിൽ നിന്നുള്ള ഒരു സായുധ സംഘം ഹമാസുമായി ഏറ്റുമുട്ടൽ ആരംഭിച്ചിരിക്കുയാണ്. ഞായറാഴ്ച നടന്ന ഏറ്റുമുട്ടലിൽ എട്ട് ഹമാസ് അംഗങ്ങൾ ഉൾപ്പെടെ 27 പേർ കൊല്ലപ്പെട്ടതായി ഗസ്സയിലെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്നലെ ഗസ്സ നഗരത്തിലെ സാബ്ര പരിസരത്ത് വെച്ച് നടന്ന ഹമാസും സായുധ സംഘവും തമ്മിലുള്ള ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഫലസ്തീൻ മാധ്യമപ്രവർത്തകൻ സാലിഹ് അൽജഫറാവി കൊല്ലപ്പെട്ടത്. ഗസ്സ സിറ്റിയിൽ ഹമാസിനെതിരെ ഏറ്റുമുട്ടൽ നടത്തിയ സായുധ സംഘം ദുഅ്‌മുഷ് വംശമാണെന്ന് മാധ്യമ റിപ്പോർട്ടുകളും മറ്റ് സ്രോതസ്സുകളും വെളിപ്പെടുത്തുന്നു.
2025 ഒക്ടോബർ 10-11 തീയതികളിൽ തെക്കൻ ഗസ്സ നഗരത്തിൽ ദുഅ്‌മുഷിന്റെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന തെൽ അൽ ഹവയിൽ ഹമാസ് സുരക്ഷാ സേന ഓപ്പറേഷൻ ആരംഭിച്ചതിനെ തുടർന്നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഹമാസിന്റെ വിവരണമനുസരിച്ച് ദുഅ്‌മുഷ് അംഗങ്ങൾ ഹമാസ് പട്രോളിംഗ് നടത്തിയ സ്ഥലത്ത് പതിയിരുന്ന് ആക്രമണം നടത്തുകയും മുതിർന്ന ഹമാസ് ഇന്റലിജൻസ് കമാൻഡറുടെ മകൻ ഉൾപ്പെടെ രണ്ടുപേരെ വധിക്കുകയും ചെയ്തു. ഇതിനുമറുപടിയായി, ഇസ്സുദ്ധീൻ അൽ ഖസ്സാം ബ്രിഗേഡുകളുടെ പിന്തുണയോടെ ദുഅ്‌മുഷിന്റെ നിയന്ത്രണത്തിലുള്ള റെസിഡൻഷ്യൽ ഏരിയകളിൽ ആക്രമണം നടത്താൻ ഹമാസ് 300ലധികം സായുധ പ്രവർത്തകരെ വിന്യസിച്ചു. തുടർന്ന് നടന്ന സംഘർഷത്തിലാണ് ഇരുഭാഗത്ത് നിന്നും ആളുകൾ കൊല്ലപ്പെട്ടത്.
ആരാണ് ദുഅ്‌മുഷുകൾ?
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ ഗസ്സയിൽ സ്ഥിരതാമസമാക്കിയ തുർക്കി വംശജരാണ് ദുഅ്‌മുഷ് കുടുംബം. ഫത്താഹ്, ഹമാസ്, പോപ്പുലർ റെസിസ്റ്റൻസ് കമ്മിറ്റികൾ ഉൾപ്പെടെയുള്ള വിവിധ ഫലസ്തീൻ ദേശീയ, ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പുകളുമായി ബന്ധമുള്ളവരാണ് ദുഅ്‌മുഷ് കുടുംബം. ദുഅ്‌മുഷ് കുടുംബത്തിന് ഹമാസുമായി ഏറ്റുമുട്ടലിന്റെ ഒരു നീണ്ട ചരിത്രമുണ്ട്. ദുഅ്‌മുഷുകൾ ഫത്താഹ് മുൻ നേതാവ് മുഹമ്മദ് ദഹ്‌ലാനുമായി ബന്ധം സ്ഥാപിച്ചത് ഹമാസിന്റെ എതിർപ്പിന് കാരണമായി. മാത്രമല്ല 2006ൽ ഹമാസിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ഗസ്സയിലെ ഹമാസ്-ഫതഹ് സംഘർഷത്തിൽ (Battle of Gaza, 2007) ദുഅ്‌മുഷുകൾ ഫത്താഹിന്റെ കൂടെ നിന്നു.
ഇസ്രായേലി സൈനികൻ ഗിലാദ് ഷാലിത് (2006), ബ്രിട്ടീഷ് പത്രപ്രവർത്തകൻ അലൻ ജോൺസ്റ്റൺ (2007) എന്നിവരെ തട്ടിക്കൊണ്ടുപോയതുൾപ്പെടെയുള്ള സംഭവങ്ങളിൽ ദുഅ്‌മുഷുകൾക്ക് പങ്കുണ്ട്. 2000കളിലെ രണ്ടാം ഇൻതിഫാദ കാലത്ത് ദുഅ്‌മുഷുകൾ വിവിധ ഫലസ്തീൻ ഗ്രൂപ്പുകളിൽ ചേർന്നു പ്രവർത്തിച്ചു. കൂടാതെ നേതാക്കൾക്ക് ഇസ്രായേലുമായി ബന്ധമുള്ളതായും ആരോപിക്കുന്നുണ്ടെങ്കിലും നേതാക്കൾ അവ നിഷേധിക്കുന്നു. ഇസ്രായേൽ അധികാരികളുമായി ബന്ധം പുലർത്തിയതായി ആരോപിക്കപ്പെടുന്ന മുതിർന്ന നേതാവായ സാലിഹ് ദുഅ്‌മുഷിന്റെ വധശിക്ഷക്ക് ശേഷമാണ് സംഘർഷം രൂക്ഷമായത്. ആഭ്യന്തര സംഘർഷങ്ങൾ സൃഷ്ടിക്കുന്നതിനായി ഗസ്സയിലെ ഗ്രൂപ്പുകൾക്ക് ധനസഹായം നൽകുകയും പിന്തുണക്കുകയും ചെയ്ത ചരിത്രം ഇസ്രായേലിനുണ്ട്. 1993ലെ ഓസ്‌ലോ കരാറിനുശേഷം പിഎൽഒയെയും ഉയർന്നുവരുന്ന ഹമാസിന്റെ സ്വാധീനത്തെയും ചെറുക്കുന്നതിനായി ഇസ്രായേൽ ഗസ്സയിലെ ചില ഗ്രൂപ്പുകൾക്ക് ഫണ്ട് നൽകിയാതൊക്കെ ഇതിന്റെ ഉദാഹരണങ്ങളാണ്
Adjust Story Font
16

