പരമോന്നത നേതാവായി 36 വര്‍ഷം, വധത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണം; ആരാണ് ആയത്തുല്ല അലി ഖാംനഈ?
യുഎസ്-ഇസ്രായേൽ സംയുക്ത ഭീകരാക്രമണത്തിൽ ഖാംനഈ രക്തസാക്ഷിത്വം വരിച്ചെന്ന് ഇറാൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചിരുന്നു

- Published:
1 March 2026 9:53 AM IST

യുഎസുമായി ചേര്‍ന്ന് ഇസ്രായേല്‍ നടത്തിയ ഭീകരാക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ രക്തസാക്ഷിത്വം വരിച്ചെന്ന ഇറാന്‍ തന്നെയും സ്ഥിരീകരിച്ച വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ആയത്തുല്ല റൂഹുല്ല ഖുമൈനിയുടെ പിന്‍ഗാമിയായി 1989 മുതല്‍ ഇറാന്‍ പരമോന്നത പദവിയിലെത്തിച്ചേര്‍ന്ന അലി ഖാംനഈ ഇറാനിലെ ഇസ്‌ലാമിക വിപ്ലവത്തില്‍ മുഖ്യപങ്കുവഹിച്ച നേതാക്കളിലൊരാളാണ്.
40 വര്‍ഷത്തിലേറെയായി ഇറാന്റെ ആത്മീയ, രാഷ്ട്രീയ ജീവിതത്തിലെ പ്രധാന വ്യക്തിയായിരുന്ന ആയത്തുല്ല അലി ഖാംനഈ 1939 ഏപ്രില്‍ 19ന് ജനിച്ചു. ഇറാനിലെ മഷ്ഹദിലും ഇറാഖിലെ നജാഫിലും മതപരിശീലനം നേടി. ശേഷം, ഇറാനിലേക്ക് മടങ്ങിയ അദ്ദേഹം ഒടുവില്‍ കോമില്‍ സ്ഥിരതാമസമാക്കി. അവിടെ ആയത്തുല്ല ഹൊസൈന്‍ ബോറുജെര്‍ഡി, പില്‍ക്കാലത്ത് പരമോന്നത നേതാവായി മാറിയ ആയത്തുള്ള റുഹുല്ല ഖുമൈനി തുടങ്ങിയ പ്രഗത്ഭവ്യക്തികളുടെ കീഴില്‍ പഠനം തുടര്‍ന്നു. 1960 കളിലും 1970 കളിലും റെസ പഹ്ലവിക്കെതിരായ രഹസ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ SAVAK രഹസ്യ പൊലീസ് അദ്ദേഹത്തെ പലതവണ അറസ്റ്റ് ചെയ്യുകയും തടവറയില്‍ മര്‍ദ്ദനത്തിന് ഇരയാക്കുകയും ചെയ്തു. 1979ല്‍ ഇറാന്‍ ഇസ്ലാമിക് വിപ്ലവത്തെ തുടര്‍ന്ന് റെസ പെഹ്ലവി സ്ഥാനഭ്രഷ്ടനായി.
വിപ്ലവാനന്തര ഇറാന്റെ ആദ്യകാലങ്ങളില്‍ അതിവേഗത്തിലുള്ള വളര്‍ച്ച സാധ്യമാക്കിയ ഖാംനഈ ഇസ്ലാമിക് റെവല്യൂഷണറി കൗണ്‍സിലില്‍ പ്രധാന പങ്കുവഹിച്ചു. നിയമനിര്‍മ്മാതാവ്, ഡെപ്യൂട്ടി പ്രതിരോധ മന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. തെഹ്റാനില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി. 1981ല്‍ പള്ളിയില്‍ പ്രസംഗിക്കുന്നതിനിടെ അടുത്തുള്ള ടേപ്പ് റെക്കോര്‍ഡറില്‍ ഒളിപ്പിച്ചുവെച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ച് വധശ്രമങ്ങള്‍ക്ക് ഇരയായ വിപ്ലവകാരികളില്‍ ഒരാളായിരുന്നു ഖാംനഈ.
ലോകപൊലീസ് ചമഞ്ഞ് ദുര്‍ബലരാക്കപ്പെട്ട രാജ്യങ്ങള്‍ക്ക് നേരെ അക്രമവാസനയോടെ പാഞ്ഞടുത്ത അമേരിക്കന്‍ സാമ്രാജ്യത്വശക്തിക്കെതിരെ കടുത്ത നിലപാടുകള്‍ക്ക് പേരുകേട്ടയാളാണ് ഖാംനഈ. അമേരിക്കയുടെ പശ്ചിമേഷ്യന്‍ മേഖലയിലെ ഇടപെടലുകള്‍, ഇറാനെതിരായ ഉപരോധങ്ങള്‍ എന്നിവയാണ് അമേരിക്ക-വിരുദ്ധതയുടെ പ്രധാന കാരണങ്ങള്‍. അമേരിക്കയെ വിശ്വസിക്കരുതെന്നും, അവരുമായി വിട്ടുവീഴ്ച ചെയ്യരുതെന്നും ഖാംനഈ നിരന്തരം ഇറാനികളോടും ലോകത്തോടും ആഹ്വാനം ചെയ്യുമായിരുന്നു.
1979-ലെ ഇറാന്‍ വിപ്ലവം അമേരിക്ക-വിരുദ്ധ വികാരത്തിന്റെ ശക്തമായ പ്രകടനമായിരുന്നു. ആയത്തുല്ല റൂഹുല്ല ഖുമൈനി ഷായുടെ ഭരണത്തിനെതിരെ ജനങ്ങളെ ഒന്നിപ്പിച്ചു. അമേരിക്കയെ 'ദി ഗ്രേറ്റ് സാത്താന്‍' എന്നാണ് ഖുമൈനി അന്ന് വിശേഷിപ്പിച്ചത്. ഷായുടെ വിദേശനയം വിശേഷിച്ച് അമേരിക്കയുമായുള്ള ബന്ധം ജനങ്ങളുടെ അസംതൃപ്തിയുടെ കേന്ദ്രമായി. പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് 1979ല്‍ ഷാ രാജ്യം വിട്ട് പോവുകയും തുടര്‍ന്ന് ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന്‍ സ്ഥാപിതമാവുകയും ചെയ്തു. വിപ്ലവത്തിന് പിന്നാലെ 1980ല്‍ ഇറാന്റെ പ്രസിഡന്റായി സ്ഥാനമേല്‍ക്കുകയും ചെയ്തു.
സയണിസ്റ്റ് രാജ്യമായ ഇസ്രായേലിന്റെ അജണ്ടകള്‍ നടപ്പിലാക്കുന്നതിനോടും അതിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച അമേരിക്കന്‍ നയങ്ങളോടുമുള്ള വ്യക്തമായ എതിര്‍പ്പ് തന്നെയാണ് ഏറ്റവും ഒടുവിലെ യുഎസ്-ഇസ്രായേല്‍ സംയുക്ത ഭീകരാക്രമണത്തിന്റെ പ്രഥമലക്ഷ്യമായി ഖാംനഈയെ മാറ്റിത്തീര്‍ത്തത്. ഖാംനഈയുടെ രക്തസാക്ഷിത്വം ഇറാന്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചിരുന്നു. പരമോന്നത നേതാവിന്റെ മരണത്തില്‍ ഇറാനില്‍ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഏഴ് ദിവസം ഓഫീസുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ നടന്ന ആക്രമണങ്ങളില്‍ ഖാംനഈ കൊല്ലപ്പെട്ടുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമിലൂടെ സ്ഥിരീകരിച്ചിരുന്നു. ഖാംനഈയുടെ മകളും ഭര്‍ത്താവും കൊച്ചുമകനും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
Adjust Story Font
16
