Quantcast

ആരാണ് ഫ്രാൻസസ് ഹോഗൻ? ഫേസ്ബുക്കിനെ കുറിച്ച് ഇവർ പുറത്തുവിട്ട രഹസ്യവും സക്കർബർഗിന്റെ മറുപടിയും

ഈ വിസിൽബ്ലോവറുടെ വെളിപ്പെടുത്തലുകൾ വന്ന ശേഷമാണ് ഫേസ്ബുക്കിന്റെയും സഹസ്ഥാപനങ്ങളുടെയും ചരിത്രത്തിലെ ഏറ്റവും വലിയ പണിമുടക്ക് തിങ്കളാഴ്ച നടന്നത്

MediaOne Logo

ഇജാസ് ബി.പി

  • Updated:

    2022-09-07 09:37:16.0

Published:

6 Oct 2021 4:55 PM GMT

ആരാണ് ഫ്രാൻസസ് ഹോഗൻ? ഫേസ്ബുക്കിനെ കുറിച്ച് ഇവർ പുറത്തുവിട്ട രഹസ്യവും സക്കർബർഗിന്റെ മറുപടിയും
X

ഫേസ്ബുക്കിന്റെയും സഹസ്ഥാപനങ്ങളുടെയും ചരിത്രത്തിലെ ഏറ്റവും വലിയ പണിമുടക്കിന് തൊട്ടുമുമ്പ് സ്ഥാപനത്തെ കുറിച്ച് വമ്പൻ വെളിപ്പെടുത്തലുകൾ നടത്തിയ വിസിൽബ്ലോവർ ഫ്രാൻസസ് ഹോഗൻ ആരാണ്?. അമേരിക്കൻ സെനറ്റിനോടും മാധ്യമങ്ങളോടും ഇവർ പങ്കുവെച്ച രഹസ്യങ്ങളെന്താണ്?. ഈ വെളിപ്പെടുത്തലുകളോട് ഫേസ്ബുക്ക് കോഫൗണ്ടറും സി.ഇ.ഒയുമായ മാർക് സക്കർബർഗ് എങ്ങനെയാണ് പ്രതികരിച്ചത്?

നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായ ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയവയുടെ പ്രവർത്തനരീതിയെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഈ മുൻഫേസ്ബുക്ക് ജീവനക്കാരി പുറത്തുവിട്ടിരിക്കുന്നത്. യു.എസിലെ ഫെഡറൽ വിസിൽബ്ലോവർ പ്രൊട്ടക്ഷന് അപേക്ഷിച്ചതിന് പിന്നാലെ ഇവരുടെ വ്യക്തിത്വം വെളിപ്പെടുത്തുകയായിരുന്നു.

ഇൻസ്റ്റഗ്രാം കൗമാരക്കാർക്ക് ലഹരി, ഫേസ്ബുക്ക് സംരഭങ്ങൾക്ക് പണക്കൊതി മാത്രം

ഫേസ്ബുക്കിന്റെ സഹോദര സംരഭങ്ങളുടെയും ലക്ഷ്യം പണം മാത്രമാണ്. അവ കുട്ടികൾ, പൊതുസുരക്ഷ, സ്വകാര്യത, ജനാധിപത്യം എന്നിവക്കെല്ലാം വിനാശകരമാണ് -ഫ്രാൻസസ് ഹോഗൻ വിമർശിച്ചു.

ഫേസ്ബുക്ക് അൽഗോരിതം സുരക്ഷിതമാക്കിയാൽ സൈറ്റിൽ കുറഞ്ഞ സമയം കൊണ്ട് ആവശ്യമുള്ള കാര്യങ്ങൾ കണ്ടെത്താൻ ഉപഭോക്താക്കൾക്ക് കഴിയും. പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യേണ്ടിവരുന്നതും കുറയും. എന്നാൽ ഫേസ്ബുക്കിന്റെ ലാഭത്തിൽ ഇടിവുണ്ടാകുമെന്നും ഈ വർഷം ജനുവരി ആറിന് ഫേസ്ബുക്ക് വിട്ട ഹോഗൻ പറഞ്ഞു.

ഇൻസ്റ്റഗ്രാം ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടാനുസരണമുള്ള ഉള്ളടക്കം മാത്രം നൽകിക്കൊണ്ടിരിക്കുകയാണ്. ഇത് കൗമാരക്കാരിലും കുട്ടികളിലും മാനസിക പ്രശ്‌നങ്ങൾ സൃഷ്ടിക്കും. പലവിഷയങ്ങളിലും ശ്രദ്ധിക്കുന്നതാണ് മനുഷ്യന്റെ രീതി. എന്നാൽ ഇവ ഉപഭോക്താക്കളെ ഒരു വിഷയത്തിൽ മാത്രം തളച്ചിടുന്നു.

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും എങ്ങനെ സുരക്ഷിതമാക്കമെന്ന് കമ്പനി നേതൃത്വത്തിന് അറിയാം. പക്ഷേ, ഒരിക്കലും ചെയ്യില്ല. ജനതയേക്കാൾ അവർക്ക് വലുത് പണമാണ് -ഫ്രാൻസസ് ഹോഗൻ വെളിപ്പെടുത്തി.

കുട്ടികളിലും കൗമാരക്കാരിലും ഫേസ്ബുക്ക് ചെലുത്തുന്ന നെഗറ്റീവ് സ്വാധീനത്തെ കുറിച്ച് അവരുടെ ആഗോള സുരക്ഷമേധാവി ആൻറിഗൺ ഡേവിസിനെ സെനറ്റ് ചോദ്യം ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് ഹോഗന്റെ വെളിപ്പെടുത്തൽ. സെനറ്റിന്റെ മിക്ക ചോദ്യങ്ങൾക്കും ഉത്തരം പറയാൻ ഡേവിസ് പരാജയപ്പെട്ടിരുന്നു.

ആരാണ് ഫ്രാൻസസ് ഹോഗൻ?

37 കാരിയായ ഫ്രാൻസസ് ഹോഗൻ ഓലിൻ കോളേജിൽനിന്ന് ബിരുദം നേടിയ ഇലക്ട്രിക്കൽ ആൻഡ് കംപ്യൂട്ടർ എൻജിനിയറാണ്. യു.എസ്.എയിലെ ഐയവയിലാണ് ജനിച്ചതും വളർന്നതും. അചഛൻ ഡോക്ടറായിരുന്നു, അമ്മ അക്കാദമിക്‌സ് ഉപേക്ഷിച്ച് എപ്പിസ്‌കോപ്പാലിയൻ പുരോഹിതയാകാൻ പോകുകയായിരുന്നു.

ഹാർവാർഡിൽനിന്ന് എം.ബി.എ നേടിയിട്ടുണ്ട്. ഫേസ്ബുക്കിൽ ചേരുന്നതിന് മുമ്പ് ഹോഗൻ ഗൂഗിൾ, പിൻടെറസ്റ്റ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് എന്ത് ഉള്ളടക്കം നൽകണമെന്ന് തീരുമാനിക്കുന്ന അൽഗോരിതം തയാറാക്കുന്നതും സാമൂഹിക മാധ്യമ ടൂളുകൾ തയാറാക്കുന്നതുമായിരുന്നു ഇവരുടെ പ്രവർത്തന മേഖല.

ഫേസ്ബുക്കിലെ ജോലി?

സിവിക് ഇൻറ്റഗ്രിറ്റി വിഭാഗത്തിൽ പ്രൊഡക്ട് മാനേജറായിട്ടായിരുന്നു ഫേസ്ബുക്കിലെ ജോലി. ലോകത്തുടനീളമുള്ള തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു ഈ വിഭാഗം കൈകാര്യം ചെയ്തിരുന്നത്. രാഷ്ട്രീയ വ്യാജപ്രചാരണങ്ങൾ നടത്താനും അക്രമം അഴിച്ചുവിടാനും സാമൂഹിക മാധ്യമങ്ങൾ എങ്ങനെ ഉപയോഗിക്കപ്പെടുന്നതെന്നും അപകടകരമായ ഗവൺമെൻറുകൾ അവ എങ്ങനെ ദുരുപയോഗം ചെയ്യുന്നതെന്നും കണ്ടെത്തുകയായിരുന്നു ഇവരുടെ ജോലി. എന്നാൽ 2020 ൽ ഈ വിഭാഗം പിരിച്ചുവിടപ്പെട്ടു.

എന്തൊക്കെയാണ് പുറത്തുവിട്ട രേഖകൾ?

2021 ജനുവരി ആറിന് ക്യാപിറ്റോൾ ഹിൽ കലാപത്തിന് ശേഷമാണ് ഹോഗൻ ഫേസ്ബുക്കിലെ ജോലി ഉപേക്ഷിച്ചത്. എന്നാൽ ഇതിന് മുമ്പേ ഫേസ്ബുക്കിന്റെ പ്രവർത്തനരീതി സംബന്ധിച്ച രേഖകളും ആഭ്യന്തര സന്ദേശങ്ങളും ഇവർ പകർപ്പെടുത്തിരുന്നു. പിന്നീട് അവ ദി വാൾ സ്ട്രീറ്റ് ജേണലിന് കൈമാറുകയും ചെയ്തു.

സാമൂഹികമായി ഉന്നതശ്രേണിയിലുള്ളവർക്ക് അനുകൂലമായും സാധാരണക്കാർക്ക് പ്രതികൂലമായുമുള്ള അവരുടെ പ്രവർത്തനം എങ്ങനെയാണെന്നും ലഹരിക്കടത്തിനും മനുഷ്യക്കടത്തിനും ഉപയോഗിക്കപ്പെടുന്ന രീതിയിലുള്ള കമ്പനിയുടെ അൽഗോരിതവും ഇവർ പുറത്തുവിട്ട രേഖകളിലുണ്ടായിരുന്നു. ജനുവരിയിലെ ക്യാപിറ്റോൾ കലാപം ആളിക്കത്തിക്കാൻ കാരണമാകുന്ന രീതിയിൽ ഫേസ്ബുക്ക് അൽഗോരിതം മാറ്റിയെന്ന ഞെട്ടിക്കുന്ന വിവരവും രേഖകളിലുണ്ടായിരുന്നു.

വാക്‌സിൻ അനുബന്ധമായി വരുന്ന വ്യാജവിവരങ്ങൾ തടയാൻ ഫേസ്ബുക്കിന് കഴിയുന്നില്ല. 10 അല്ലെങ്കിൽ 20 ശതമാനം വിവരങ്ങൾ കണ്ടെത്താൻ തങ്ങൾക്ക് കഴിയാറില്ലെന്ന് അവർ തന്നെ സമ്മതിക്കുന്നുണ്ട്.

ഫേസ്ബുക്കിൽ മാറ്റം വരുത്താൻ ഹോഗൻ നിർദേശിച്ച കാര്യങ്ങൾ:

സാമൂഹിക മാധ്യമത്തിൽ വരുന്ന ഉള്ളടക്കം നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഫേസ്ബുക്ക് കൂടുതൽ ജീവനക്കാരെ നിശ്ചയിക്കണം. ഈ തരത്തിൽ പ്രവർത്തിച്ചിരുന്ന 200 പേരുള്ള ടീം ഇന്ന് ഒഴിവാക്കപ്പെട്ടിരിക്കുകയാണ്.

എന്താണ് ജനങ്ങൾക്ക് നല്ലത്, എന്താണ് ഫേസ്ബുക്കിന് നല്ലത് എന്ന ചോദ്യമുയരുമ്പോൾ ജനങ്ങളുടെ നന്മക്ക് വേണ്ട ഉള്ളടക്കം നൽകുന്ന രീതിയാകണം ഫേസ്ബുക്കിന് വേണ്ടത്. ഇപ്പോഴുള്ളത് ഫേസ്ബുക്കിന് കൂടുതൽ പണം നേടിക്കൊടുക്കുന്ന രീതിയാണ്.

ഉപഭോക്താക്കൾ നിർമിക്കുന്ന ഉള്ളടക്കങ്ങൾക്ക് മേൽ കമ്പനിക്ക് നിയന്ത്രണമില്ല. എന്നാൽ അൽഗോരിതം പൂർണമായും അവരുടെ നിയന്ത്രണത്തിലാണ്. അവ നന്മക്കായി ഉപയോഗിക്കണം.

എത്യോപ്യയിലെ സായുധ സംഘങ്ങൾ ന്യൂനപക്ഷത്തിനെതിരെ അതിക്രമം നടത്താൻ ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നത് പോലെ പലരും ദുരുപയോഗം ചെയ്യുന്നു. മാസംതോറും ഫേസ്ബുക്ക് ഉപയോഗിക്കുന്ന 2.9 ബില്ല്യൺ ഉപഭോക്താക്കളുടെ ഭാഷയും വകഭേദങ്ങളും മനസ്സിലാക്കാനുള്ള സംവിധാനം വേണം.

ഉപഭോക്താക്കളിൽ ഒമ്പത് ശതമാനം മാത്രമാണ് ഇംഗ്ലീഷ് സംസാരിക്കുന്നവർ. എന്നാൽ 87 ശതമാനം വരുന്ന മറ്റു ഭാഷക്കാരെ നിരീക്ഷിക്കാൻ വേണ്ട സംവിധാനങ്ങളില്ല. ഫേസ്ബുക്കിൽ ഉപയോഗിക്കുന്ന ഭാഷ മനസ്സിലാക്കാനുള്ള ആർട്ടിഫിഷ്യൽ ഇൻറലിജൻറ്‌സ് സംവിധാനമില്ല.

ഫേസ്ബുക്കിനെതിരെയുള്ള നടപടികൾ തീരുന്നില്ല

2018 കാംബ്രിഡ്ജ് അനലറ്റിക സംബന്ധിച്ച വെളിപ്പെടുത്തലുകൾക്ക് ശേഷം ഫേസ്ബുക്കിന് പിഴ മാത്രമാണ് ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അഞ്ച് ആൻറിട്രസ്റ്റ് ബില്ലുകളാണ് സാമൂഹിക മാധ്യമരംഗത്തെ അതികായർക്കെതിരെ സെനറ്റ് കൊണ്ടുവന്നിരിക്കുന്നത്.

അൽഗോരിതത്തിന്റെ സ്വാധീനത്തെ കുറിച്ച് ഫേസ്ബുക്ക് തങ്ങളുടെ ഓഹരി ഉടമകളോടും കള്ളം പറഞ്ഞുവെന്ന ആരോപണവുമായി ഹോഗൻ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷനെയും സമീപിച്ചിട്ടുണ്ട്.

ഒടുവിൽ സക്കർബർഗ് പറഞ്ഞത്?

വിവാദം കത്തിക്കയറുമ്പോഴും തന്റെ കുടുംബത്തോടൊത്തുള്ള കപ്പൽ യാത്രയുടെ വീഡിയോ പോസ്റ്റ് ചെയ്യുന്ന തിരക്കിലായിരുന്നു ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സക്കർബർഗ്. ഒടുവിൽ ഒക്‌ടോബർ അഞ്ചിന് വൈകുന്നേരം അദ്ദേഹം പ്രതികരിച്ചു.

സാമൂഹിക മാധ്യമം വഴി കുട്ടികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ അദ്ദേഹം സമ്മതിച്ചു. ഈ രംഗത്ത് കൂടുതൽ ഗവേഷണം നടക്കണമെന്നും നിയന്ത്രണങ്ങൾ വേണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ചില ആരോപണങ്ങൾ ഔചിത്യമില്ലാത്തതാണെന്ന് അദ്ദേഹം വിമർശിച്ചു.

കമ്പനിയെ കുറിച്ച് പ്രചരിക്കുന്ന മോശം കാര്യങ്ങൾ അറിയുന്നില്ലെന്ന് കരുതരുത്. ലാഭത്തിനായി തങ്ങൾ ജനങ്ങളെ പ്രകോപിതരാക്കുന്നുവെന്ന ആരോപണം യുക്തിരഹിതമാണെന്നും അത്തരം ഉള്ളടക്കങ്ങൾക്ക് ശേഷം ആരും പരസ്യം ചെയ്യാൻ ആഗ്രഹിക്കുകയില്ലെന്നും സക്കർബർഗ് പറഞ്ഞു. പരസ്യത്തിൽനിന്നാണ് തങ്ങളുടെ വരുമാനം ദോഷകരമായ ഉള്ളടക്കത്തിന് പരസ്യത്തിന് വരുമാനമില്ലെങ്കിൽ പിന്നെയെങ്ങനെ അവക്ക് പ്രോത്സാഹനം നൽകുന്നുവെന്ന് പറയുന്നു.- അദ്ദേഹം ചോദിച്ചു.

മുതിർന്നവരാണ് യഥാർഥത്തിൽ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. മിക്ക സ്‌കൂൾ കുട്ടികൾക്കും ഫോണുകളില്ല. എന്നിരുന്നാലും കുട്ടികൾ സുരക്ഷിതമായി ഉപയോഗിക്കാവുന്ന സംവിധാനങ്ങൾ ഉണ്ടാകണം. മെസ്സജർ കിഡ്‌സ് അത്തരം സംവിധാനമാണെന്നും സക്കർബർഗ് ചൂണ്ടിക്കാട്ടി.








TAGS :
Next Story