വിമാനത്താവളത്തിൽ കുടുങ്ങിയത് 18 വർഷം, ഒടുവിൽ മരണം; ആരാണ് ഇറാനിയൻ പൗരൻ മെഹ്‌റാൻ കരിമി നസേരി?
2004ൽ പുറത്തിറങ്ങിയ ടോം ഹാങ്ക്സ് അഭിനയിച്ച 'ദി ടെർമിനൽ' പലരുടെയും പ്രിയപ്പെട്ട സിനിമയാണ്. എന്നാൽ ഒരു യഥാർഥ കഥയാണ് സിനിമക്ക് പ്രചോദനമായതെന്ന് എത്രപ്പേർക്കറിയാം

പാരിസ്: 2004ൽ പുറത്തിറങ്ങിയ ടോം ഹാങ്ക്സ് അഭിനയിച്ച 'ദി ടെർമിനൽ' പലരുടെയും പ്രിയപ്പെട്ട സിനിമയാണ്. വിക്ടർ നവോർസ്‌കി എന്ന വിനോദസഞ്ചാരി തന്റെ രാജ്യത്തെ ആഭ്യന്തരകലാപം മൂലം പാസ്‌പോർട്ട് അസാധുവാകുകയും രാഷ്ട്രീയ സാഹചര്യം പരിഹരിക്കപ്പെടുന്നതുവരെ വിമാനത്താവളത്തിൽ താമസിക്കാൻ നിർബന്ധിതനാവുകയും ചെയ്യുന്നതാണ് സിനിമയുടെ ഇതിവൃത്തം. എന്നാൽ പാരീസിലെ ചാൾസ് ഡി ഗല്ലെ വിമാനത്താവളത്തിൽ 18 വർഷം കുടുങ്ങിപ്പോയ ഇറാനിയൻ വംശജനായ മെഹ്‌റാൻ കരിമി നസേരിയുടെ യഥാർത്ഥ കഥയിൽ നിന്നാണ് സിനിമ പ്രചോദനം ഉൾക്കൊണ്ടതെന്ന് എത്രപ്പേർക്കറിയാം.
1943ൽ ഇറാനിൽ ജനിച്ച മെഹ്‌റാൻ കരിമി 1973ൽ യൂറോപ്പിൽ പഠനത്തിനായി ഇറാൻ വിട്ടു. ബ്രസൽസ് സർവകലാശാലയിൽ നിന്ന് തത്ത്വചിന്തയിൽ ബിരുദം നേടിയ ശേഷം യുകെയിലേക്ക് പോയി. 1988ൽ അവിടെ രാഷ്ട്രീയ അഭയത്തിനായി അപേക്ഷിച്ചെങ്കിലും അപേക്ഷ നിരസിക്കപ്പെട്ടു. പിന്നീട് അദ്ദേഹത്തെ ഫ്രാൻസിലേക്ക് നാടുകടത്തി. 1988ൽ പാസ്‌പോർട്ടോ യാത്രാ രേഖകളോ ഇല്ലാതെ പാരീസിൽ എത്തിയ മെഹ്‌റാൻ കരിമിക്ക് വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഹൈക്കമ്മീഷണർ ഒടുവിൽ കരിമിക്ക് അഭയാർത്ഥി പദവി നൽകിയെങ്കിലും നിയമപരമായ രേഖകളുടെ അഭാവം കാരണം അദ്ദേഹത്തിന് ഒരു രാജ്യത്തും പ്രവേശിക്കാൻ കഴിഞ്ഞില്ല.
അതിജീവിക്കാൻ തന്റെ ചുറ്റുപാടുകളുമായി പൊരുത്തപ്പെടുകയല്ലാതെ കരിമിക്ക് മറ്റ് മാർഗങ്ങളിലായിരുന്നു. വിമാനത്താവളത്തിലെ ഡിപ്പാർച്ചർ ലോഞ്ചിൽ ഒരു താൽക്കാലിക വീട് നിർമിച്ച്, ബെഞ്ചുകളിൽ ഉറങ്ങുകയും, ഭക്ഷണത്തിനും പണത്തിനുമായി വിമാനത്താവള ജീവനക്കാരുടെയും ദയയുള്ള യാത്രക്കാരുടെയും ഔദാര്യത്തെ ആശ്രയിക്കുകയും ചെയ്തു. വായന, എഴുത്ത്, പഠനം, തന്റെ അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ലേഖനങ്ങളും പുസ്തകവും പ്രസിദ്ധീകരിച്ചുകൊണ്ട് മെഹ്‌റാൻ കരിമി തന്റെ ദിവസങ്ങൾ ചെലവഴിച്ചു. 18 വർഷം വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നെങ്കിലും തന്റെ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുമെന്ന പ്രതീക്ഷ മെഹ്‌റാൻ കരിമി ഒരിക്കലും കൈവിട്ടില്ല. വിമാനത്താവളം വിട്ട് പുതുതായി ജീവിതം ആരംഭിക്കാൻ സഹായിക്കുന്ന നിയമപരമായ രേഖകൾ നേടുന്നതിനായി അദ്ദേഹം അഭിഭാഷകരുമായും ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുമായി അക്ഷീണം പ്രവർത്തിച്ചു. എന്നാൽ നിയമപരമായ തടസങ്ങൾ കാരണം അദ്ദേഹത്തിന്റെ ശ്രമങ്ങൾ പലപ്പോഴും പരാജയപ്പെട്ടു.
ഒടുവിൽ, 2006ൽ മെഹ്‌റാൻ കരിമി വിമാനത്താവളം വിടാൻ അനുവാദം ലഭിച്ചു. ഫ്രാൻസിൽ താൽക്കാലിക താമസവും സാമ്പത്തിക സഹായവും ലഭിച്ചു. എന്നാൽ 2022ൽ മരണത്തിന് തൊട്ടുമുമ്പുള്ള ആഴ്ചകളിൽ മെഹ്‌റാൻ കരിമി ചാൾസ് ഡി ഗള്ളിലുള്ള തന്റെ പഴയ താമസസ്ഥലമായ വിമാനത്താവളത്തിലേക്ക് തിരിച്ചുപോവുകയും അവിടെവെച്ച് ഹൃദയാഘാതം മൂലം മരണപ്പെടുകയും ചെയ്തു.
Adjust Story Font
16

