നേതാക്കളെ വകവരുത്തിയാൽ ഇറാൻ തീരുമോ? മുന്നോട്ടുപോക്കിൽ മുഹമ്മദ് ബാക്കിർ ദുൽഖദിർ നിർണായകമോ? ലാരിജാനിയുടെ പിൻഗാമിയെ കുറിച്ചറിയാം
തെഹ്റാനിൽ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലുണ്ടായ ഇസ്രായേൽ ആക്രമണത്തിലാണ് അലി ലാരിജാനി കൊല്ലപ്പെട്ടത്

- Published:
24 March 2026 7:42 PM IST

തെഹ്‌റാന്‍: യുഎസുമായി ചേര്‍ന്ന് ഇറാനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയുണ്ടായ യുദ്ധം 25-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. യുദ്ധമാരംഭിച്ച് ഇതിനോടകം ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ അടക്കം നിരവധി പ്രമുഖരായ നേതാക്കളെ യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണത്തില്‍ വകവരുത്തുകയുണ്ടായി. തെഹ്‌റാനില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ സുരക്ഷാ മേധാവി അലി ലാരിജാനിയും കൊല്ലപ്പെട്ടിരുന്നു. പിന്നാലെ, ലാരിജാനിയുടെ പിന്‍ഗാമിയായി, ഇറാന്റെ പുതിയ സുരക്ഷാ മേധാവിയായി മുഹമ്മദ് ബാക്കിര്‍ ദുല്‍ഖദിറിനെ നിയമിക്കുകയും ചെയ്തിരിക്കുകയാണ്.
ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ സമിതി സെക്രട്ടറിയും മുന്‍ പാര്‍ലമെന്റ് സ്പീക്കറുമായിരുന്ന അലി ലാരിജാനിയുടെ കൊലപാതകം പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണെന്നതിൽ സംശയമില്ല. കടുത്ത യാഥാസ്ഥിതിക നിലപാടുകള്‍ക്കിടയിലും നയതന്ത്രത്തില്‍ പ്രായോഗികത പുലര്‍ത്തിയ അദ്ദേഹം ഇറാന്റെ അധികാര ശ്രേണിയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളുമായിരുന്നു. പശ്ചിമേഷ്യയില്‍ യുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടെ ഇറാന്റെ പ്രതിരോധത്തിലുണ്ടായ ഈ സുപ്രധാന വിടവ് നികത്താന്‍ പിന്‍ഗാമിയായി സ്ഥാനമേറ്റെടുത്ത മുഹമ്മദ് ദുല്‍ഖദിറിന് സാധിക്കുമോ? ആരാണ് ഇറാന്റെ പുതിയ സുരക്ഷാ മേധാവിയായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ബാക്കിര്‍ ദുല്‍ഖദിര്‍?
ആരാണ് മുഹമ്മദ് ബാക്കിര്‍ ദുല്‍ഖദിര്‍?
തെഹ്‌റാനില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലുണ്ടായ ഇസ്രായേല്‍ ആക്രമണത്തിലാണ് അലി ലാരിജാനി കൊല്ലപ്പെട്ടത്. പശ്ചിമേഷ്യയെ മുള്‍മുനയില്‍ നിര്‍ത്തിയ യുദ്ധം അഞ്ചാമത്തെ ആഴ്ചയിലേക്ക് കടക്കുന്നതിനിടെയാണ് സുരക്ഷാ മേധാവിയായി മുഹമ്മദ് ബാക്കിര്‍ ദുല്‍ഖദിറിന്റെ രംഗപ്രവേശനം. ഇറാന്റെ സൈന്യം, സുരക്ഷാ വിഭാഗം, നീതിന്യായം എന്നിങ്ങനെയുള്ള സുപ്രധാന മേഖലകളുമായി ദുല്‍ഖദിറിന് ദീര്‍ഘകാലത്തെ ബന്ധമുണ്ടെന്നാണ് ഇറാന്‍ വൃത്തങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
ബാസിജ് സേനയുടെ ഡെപ്യൂട്ടി ചീഫ് ജനറലായി ദീര്‍ഘകാലത്തെ പ്രവൃത്തി പരിചയമുണ്ട് ദുല്‍ഖദിറിന്. 1979-ലെ പ്രശസ്തമായ ഇസ്‌ലാമിക് റെവല്യൂഷന് മുമ്പ് തന്നെ തെഹ്‌റാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇക്കണോമിക്‌സില്‍ ബിരുദം. അതേ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് തന്നെ ബിരുദാനന്തര ബിരുദവും നേടി. സ്ട്രാറ്റജിക് മാനേജ്‌മെന്റില്‍ നാഷണല്‍ ഡിഫെന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കുകയും ചെയ്തു.
1980-കളില്‍ ആരംഭിച്ച ഇറാഖ്-ഇറാന്‍ യുദ്ധത്തില്‍ അന്നത്തെ പ്രസിഡന്റ് അക്ബര്‍ ഹാഷ്മി റഫ്‌സഞ്ചാനിയുടെ കീഴില്‍ ഐആര്‍ജിസി ജോയിന്റ് സ്റ്റാഫ് തലവനായിരുന്നു മുഹമ്മദ് ദുല്‍ഖദിര്‍. അടുത്ത എട്ട് വര്‍ഷങ്ങളില്‍ ഐആര്‍ജിസിയുടെ ഡെപ്യൂട്ടി കമാന്ററായി സേവനമനുഷ്ടിക്കുകയും ചെയ്തു. ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണം അതിരൂക്ഷമായി അഞ്ചാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കെ സുരക്ഷാ കൗണ്‍സില്‍ മേധാവിയില്ലാതെ മുന്നോട്ട് നീങ്ങാനാവില്ലെന്ന വിലയിരുത്തലിലാണ് പുതിയ സുരക്ഷാ മേധാവിയെ തിരഞ്ഞെടുത്തത്.
2026 മാര്‍ച്ച് 17-ന് തെഹ്‌റാനില്‍ വെച്ചാണ് ലാരിജാനിക്ക് നേരെ ഇസ്രായേല്‍ വ്യോമാക്രമണമുണ്ടായത്. ആക്രമണത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് സ്ഥിരീകരിക്കുകയും ഇറാന്റെ ദേശീയ സുരക്ഷാ സമിതി അത് ശരിവെക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തോടൊപ്പം ബാസിജ് അര്‍ധസൈനിക വിഭാഗം കമാന്‍ഡര്‍ ഗുലാംറെസ സുലൈമാനിയും കൊല്ലപ്പെട്ടു. നിലവില്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാന്‍ മൂന്ന് നിബന്ധനകള്‍ മുന്നോട്ടുവെച്ചിരുന്നെങ്കിലും അതെല്ലാം അവഗണിച്ചുകൊണ്ട് ഇസ്രായേലും അമേരിക്കയും ആക്രമണം കടുപ്പിച്ചിരിക്കുകയാണ്.
Adjust Story Font
16
