Quantcast

'നാടുകടത്തപ്പെട്ട രാജകുമാരൻ'; ആരാണ് ഇറാൻ ഭരണത്തിൽ കണ്ണുനട്ടിരിക്കുന്ന റെസ പെഹ്‌ലവി?

ഷാഹ് ഭരണകൂടത്തിന്റെ പതനത്തോടെ പതിറ്റാണ്ടുകളായി പ്രവാസിയായിരുന്ന ഇറാനിലെ അവസാന ഷാ ആയിരുന്ന മുഹമ്മദ് റെസ പെഹ്‌ലവിയുടെ മകനായ റെസ പെഹ്‌ലവി ഇറാൻ ഭരണത്തിൽ കണ്ണുനട്ടിരിക്കുകയാണ്

MediaOne Logo

ആത്തിക്ക് ഹനീഫ്

  • Updated:

    2026-01-12 11:27:46.0

Published:

12 Jan 2026 4:51 PM IST

നാടുകടത്തപ്പെട്ട രാജകുമാരൻ; ആരാണ് ഇറാൻ ഭരണത്തിൽ കണ്ണുനട്ടിരിക്കുന്ന റെസ പെഹ്‌ലവി?
X

തെഹ്‌റാൻ: അമേരിക്കൻ പിന്തുണയോടെ നിലനിന്നിരുന്ന ഷാഹ് ഭരണകൂടത്തെ വിപ്ലവത്തിലൂടെ അട്ടിമറിച്ച് 1979ൽ രൂപപ്പെട്ട ഭരണകൂടമാണ് ഇസ്‌ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാൻ. ഷാഹ് ഭരണകൂടത്തിന്റെ പതനത്തോടെ പതിറ്റാണ്ടുകളായി പ്രവാസിയായിരുന്ന ഇറാനിലെ അവസാന ഷാ ആയിരുന്ന മുഹമ്മദ് റെസ പെഹ്‌ലവിയുടെ മകനായ റെസ പെഹ്‌ലവി ഇറാൻ ഭരണത്തിൽ കണ്ണുനട്ടിരിക്കുകയാണ്. വിപ്ലവത്തിന് ശേഷം ഇറാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സർക്കാർ വിരുദ്ധ പ്രതിഷേധം രാജ്യത്ത് നടക്കുന്ന സാഹചര്യത്തിൽ തന്റെ 'നഷ്ട്ടപ്പെട്ട സിംഹാസനം' തിരിച്ചെടുക്കാനുള്ള തയ്യാറെടുപ്പിലാണ് റെസ പെഹ്‌ലവി.

പണപ്പെരുപ്പം, ഭക്ഷ്യവിലയിലെ വർധനവ്, കറൻസി മൂല്യത്തകർച്ച എന്നിവയെ തുടർന്നുണ്ടായ പ്രധിഷേധങ്ങളാണ് 2025 ഡിസംബറിൽ ഇറാനിൽ ബഹുജന പ്രക്ഷോഭങ്ങളായി രൂപപ്പെട്ടത്. 1979ലെ ഇറാൻ വിപ്ലവത്തിന് ശേഷം അധികാരത്തിലിരിക്കുന്ന പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഖാം‌നഇയുടെ കീഴിലുള്ള പുരോഹിത ഭരണം അവസാനിപ്പിക്കണം എന്ന ആവശ്യത്തിലേക്ക് ബഹുജന പ്രക്ഷോഭത്തിന്റെ സ്വഭാവം മാറിയിട്ടുണ്ട്. ഈ അവസരം മുതലെടുത്ത് പതിറ്റാണ്ടുകളായി അമേരിക്കയിൽ കഴിയുന്ന റെസ പെഹ്‌ലവി ഇറാനിയൻ സർക്കാരിനെ നേരിട്ട് വെല്ലുവിളിക്കുകയും ഇറാനികളോട് നഗര കേന്ദ്രങ്ങൾ പിടിച്ചെടുക്കാനും ആഹ്വനം നടത്തുകയാണ്.

ആരാണ് റെസ പെഹ്‌ലവി?

ആംഗ്ലോ-പേർഷ്യൻ എണ്ണക്കമ്പനികളെ ദേശസാൽക്കരിച്ച ഇറാന്റെ 1951-1953 കാലത്തെ പ്രധാനമന്ത്രിയായിരുന്ന മുഹമ്മദ് മുസദിഖിന്റെ ഭരണകൂടത്തെ അമേരിക്കയുടെയും ബ്രിട്ടന്റെയും രഹസ്യാന്വേഷണ ഏജൻസികൾ അട്ടിമറിച്ച് മുഹമ്മദ് റെസ പെഹ്‌ലവിയുടെ കീഴിൽ ഷാഹ് ഭരണകൂടത്തെ സ്ഥാപിച്ചു. അട്ടിമറിക്ക് ഏഴ് വർഷങ്ങൾക്ക് ശേഷം 1960 ഒക്ടോബർ 31ന് തെഹ്‌റാനിലാണ് റെസ പെഹ്‌ലവി ജനിച്ചത്. ഏഴാം വയസിൽ റെസ പെഹ്‌ലവി ഔദ്യോഗികമായി കിരീടാവകാശിയായി നിയമിതനായി. എന്നാൽ 1979ലെ വിപ്ലവത്തോടെ ആസന്നമായിരുന്ന പദവി റെസ പെഹ്‌ലവിക്ക് നഷ്ടപ്പെട്ടു. 1980കളിലെ ഇറാൻ-ഇറാഖ് യുദ്ധകാലത്ത് തന്റെ രാജ്യത്തിനുവേണ്ടി ഒരു യുദ്ധവിമാന പൈലറ്റായി സേവനമനുഷ്ഠിക്കാൻ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും തെഹ്റാനിലെ അധികാരികൾ നിരസിച്ചു. അന്നുമുതൽ റെസ പെഹ്‌ലവി ഭാര്യ യാസ്മിൻ പെഹ്‌ലവിക്കും മൂന്ന് പെൺമക്കൾക്കുമൊപ്പം യുഎസിൽ പ്രവാസജീവിതം നയിക്കുകയാണ്.

ഇറാൻ സിംഹാസനത്തിന്റെ സ്വയം പ്രഖ്യാപിത അവകാശിയായ റെസ പഹ്‌ലവി ഇറാനിലെ ഭരണമാറ്റത്തിന് പാശ്ചാത്യ, ഇസ്രായേലി പിന്തുണ നേടാൻ പലഘട്ടങ്ങളിലും ശ്രമിച്ചിട്ടുണ്ട്. 1979 വരെ ഇറാൻ ഭരിച്ച ഷാഹ് മുഹമ്മദ് റെസ പഹ്‌ലവിക്കും ഇസ്രായേലുമായി സൗഹാർദ്ദപരമായ ബന്ധമാണുണ്ടായിരുന്നത്. ഊർജം, സുരക്ഷ, പ്രാദേശിക സ്ഥിരത എന്നിവയിൽ അദ്ദേഹം ഇസ്രായേലുമായി സഹകരിച്ചു. അതേസമയം, ചിലപ്പോഴൊക്കെ ഫലസ്തീൻ രാഷ്ട്ര ലക്ഷ്യത്തിനും പിന്തുണ പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ മകൻ റെസ പെഹ്‌ലവിയും അനുയായികളും വർഷങ്ങളായി ഇസ്രായേലിനെ പിന്തുണക്കുന്നുണ്ട്. 2023 ഏപ്രിലിൽ റെസ പഹ്‌ലവിയും ഭാര്യയും ഇസ്രായേൽ സന്ദർശിച്ചതിനുശേഷം അവരുടെ ഇസ്രായേൽ അനുകൂല നിലപാട് കൂടുതൽ വ്യക്തമായിരുന്നു. സന്ദർശനത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അദ്ദേഹത്തിന്റെ ഇന്റലിജൻസ് മന്ത്രി ഗില ഗാംലിയലും അവരെ സ്വീകരിക്കുകയും ആതിഥേയത്വം വഹിക്കുകയും ചെയ്തു. കൂടാതെ ജൂണിൽ ഇറാന്റെ ആണവ കേന്ദ്രങ്ങളെ ആക്രമിച്ച ഇസ്രായേലിന്റെയും അമേരിക്കയുടെയും ആക്രമണങ്ങളെ നടപടിയെ അദ്ദേഹം പിന്തുണച്ചു.

ഇറാനിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന പ്രതിഷേധത്തിൽ ഇറാനിയൻ പ്രതിപക്ഷ പ്രസ്ഥാനങ്ങൾക്കെല്ലാം പങ്കുണ്ട്. 2004ൽ പ്രവാസികളായ ഇറാനിയൻ രാഷ്ട്രീയ പ്രവർത്തകർ സ്ഥാപിച്ച യുണൈറ്റഡ് റിപ്പബ്ലിക്കൻസ് ഓഫ് ഇറാൻ, നാടുകടത്തപ്പെട്ട രാജവാഴ്ചക്കാരുമാണ് ഇവരിൽ പ്രധാനികൾ. ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന് പകരം ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക് സ്ഥാപിക്കണമെന്നാണ് യുണൈറ്റഡ് റിപ്പബ്ലിക്കൻസ് ഓഫ് ഇറാൻ വാദിക്കുന്നത്. ഇതിനുപുറമെ ഇടതുപക്ഷ പാർട്ടിയായ തുദേ പാർട്ടി കുർദിഷ് ഗ്രൂപ്പുകളും ഉൾപ്പെടുന്നു. എന്നാൽ പ്രതിപക്ഷ സംഘങ്ങളുടെ പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങൾ അവരുടെ ഐക്യത്തിന് തടസമാവുകയും അവർക്കിടയിൽ കടുത്ത സംഘർഷങ്ങൾക്കും പിളർപ്പുകൾക്കും കാരണമാവുകയും ചെയ്തു. പതിറ്റാണ്ടുകളായി ഇറാനിൽ കാലുകുത്തിയിട്ടില്ലാത്ത റെസ പെഹ്‌ലവിക്ക് ഇപ്പോൾ എത്രത്തോളം പൊതുജന പിന്തുണയുണ്ടെന്ന് പ്രവചിക്കാൻ പ്രയാസമാണ്. മാത്രമല്ല അദ്ദേഹത്തിന്റെ 'ഭരണകൂടം' സോഷ്യൽ മീഡിയയിൽ മാത്രം നിലനിൽക്കുന്നതാണെന്നും വിമർശനങ്ങളുണ്ട്.

TAGS :

Next Story