ചൈനീസ് യുവാക്കൾക്കും കല്യാണം വേണ്ട; വരച്ച വരയിൽ നിർത്താൻ സർക്കാർ !
2024ൽ 20 ശതമാനത്തിന്റെ റെക്കോർഡ് തകർച്ചയാണ് ചൈനയിൽ വിവാഹങ്ങളുടെ എണ്ണത്തിലുണ്ടായത്

ജനസംഖ്യയിൽ ഇന്ത്യ കഴിഞ്ഞാൽ രണ്ടാം സ്ഥാനത്തുള്ള രാജ്യം ചൈന ആണ്. നേരിയ വ്യത്യാസമേ ഉള്ളൂവെങ്കിലും വർഷങ്ങൾ നീണ്ട കഠിനപരിശ്രമത്തിലാണ് ജനസംഖ്യയിലെ ഒന്നാം സ്ഥാനം ചൈന ഒഴിഞ്ഞത്. പക്ഷേ ജനസംഖ്യയിൽ കാര്യമായ കുറവുണ്ടായതോടെ പഴയ നയമൊക്കെ പൊടിതട്ടിയെടുക്കാൻ ചൈനീസ് സർക്കാരിന്റെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായിരുന്നു. എന്നാലിതിൽ കാര്യമായ ഫലമുണ്ടായില്ല എന്നതാണ് വസ്തുത. തന്നെയല്ല, ഒറ്റക്കുട്ടി നയം ഇപ്പോൾ തിരിച്ചടിച്ചോ എന്ന ആശങ്കയിലാണ് ചൈനീസ് ഭരണകൂടം.
കാരണമെന്തെന്നാൽ ആഗോളതലത്തിൽ പടർന്നുപിടിച്ചിരിക്കുന്ന, വിവാഹത്തോടുള്ള വിരക്തി ചൈനീസ് യുവാക്കളെയും ആകർഷിച്ചിരിക്കുന്നു എന്നതാണ്. 2024ൽ 20 ശതമാനത്തിന്റെ റെക്കോർഡ് തകർച്ചയാണ് ചൈനയിൽ നടന്ന വിവാഹങ്ങളുടെ എണ്ണത്തിലുണ്ടായത്. ചൈനയിലെ സിവിൽ അഫയേഴ്‌സ് മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ചാണ് ദി ഗാർഡിയന്റെ റിപ്പോർട്ട്.
2023ൽ 7.7 മില്യൺ വിവാഹങ്ങൾ ചൈനയിൽ നടന്നിട്ടുണ്ടെങ്കിൽ 2024ലിലിത് 6.1 മില്യൺ ആയി ഇടിഞ്ഞു. 2013ൽ നടന്ന വിവാഹങ്ങളുടെ നേർപകുതിയാണിത് എന്നോർക്കണം. 1986ൽ രേഖപ്പെടുത്താൻ തുടങ്ങിയതിൽ പിന്നെയുണ്ടായ ഏറ്റവും കുറവ് കണക്കാണ് 2024ലേത്. പക്ഷേ വിവാഹങ്ങളിൽ കുറവുണ്ടായെങ്കിലും വിവാഹമോചനത്തിന് ചൈനയിൽ കുറവൊന്നുമില്ല. 2024ൽ മാത്രം 2.6 മില്യൺ ആളുകൾ ഡിവോഴ്‌സ് ഫയൽ ചെയ്തു. 2023നെ അപേക്ഷിച്ച് 1.1 ശതമാനത്തിന്റെ വർധനവാണിത്.
ഇനി 2023ൽ വിവാഹങ്ങൾ കൂടാനും 2024ൽ കുറയാനും ഒരു വിചിത്രമായ കാരണവുമുണ്ട്. ചൈനീസ് വിശ്വാസപ്രകാരം ഡ്രാഗൺ ഇയർ ആണ് 2024. ഈ വർഷം ജനിക്കുന്ന കുട്ടികൾ അതീവ ഭാഗ്യശാലികളാണെന്നാണ് ചൈനക്കാരുടെ വയ്പ്പ്. അതുകൊണ്ടു തന്നെ 2024ൽ കുട്ടികളുടെ ജനനം മുന്നിൽക്കണ്ട് 2023ൽ ആളുകൾ വിവാഹിതരായി. കല്യാണം കഴിക്കാൻ അത്ര നല്ലതല്ലാത്ത വിഡോ ഇയറും 2024ആയത് കൊണ്ട് പതിയെ ഈ വർഷം കല്യാണങ്ങൾ അങ്ങ് ഒഴിവാക്കി. ചൈനീസ് ലൂണാർ കലണ്ടർ പ്രകാരം 2024ൽ വിവാഹം കഴിക്കുന്ന സ്ത്രീകൾക്ക് ഭർത്താക്കന്മാരെ നഷ്ടപ്പെടാൻ സാധ്യത കൂടുതലാണത്രേ..
ഇനി ഇതൊന്നുമല്ലാതെ നമ്മുടെ നാട്ടിലെ പോലെ വിവാഹമേ വേണ്ട എന്ന് ചിന്തിക്കുന്ന യുവാക്കളുടെ എണ്ണവും ചൈനയിൽ വർധിക്കുന്നുണ്ട്. സിംഗിൾ ലൈഫിലേക്ക് ആകൃഷ്ടരാകുന്നവർ ഏറെയാണെന്നാണ് ചൈനയിൽ അടുത്തിടെ നടന്ന ഒരു പഠനം സൂചിപ്പിക്കുന്നത്. അനാവശ്യ ബാധ്യതകളില്ലാതെ മനസ്സമാധാനം തിരഞ്ഞെടുക്കുന്നവരാണ് ഇപ്പോഴത്തെ യുവാക്കളെന്ന് പഠനം പറയുന്നു. പങ്കാളിയോ കുട്ടികളോ ഒന്നും പ്രധാന പ്രയോരിറ്റി ആയി ഇവരാരും തന്നെ കാണുന്നില്ല.
സ്ത്രീകളുടെ കാര്യമാണെങ്കിൽ സാമ്പത്തിക സ്വാതന്ത്ര്യം ഉള്ളത് കൊണ്ടു തന്നെ ഇവരാരും പുരുഷന്മാരെ ആശ്രയിക്കാൻ ഇഷ്ടപ്പെടുന്നില്ല. മറ്റൊരാളാൽ ഭരിക്കപ്പെടാനൊന്നും തങ്ങളെ കിട്ടില്ലെന്ന സമീപനമാണ് യുവതികൾക്ക്.
എന്നാൽ യഥാർഥ കാരണം ഇതൊന്നുമല്ല, ജനസംഖ്യ കുറയ്ക്കാൻ ചൈനീസ് സർക്കാർ നടത്തിയ, വർഷങ്ങൾ നീണ്ട കടുംപിടിത്തങ്ങളാണെന്ന് വാദിക്കുന്നവരുമുണ്ട്. കുറച്ച് കാലം മുമ്പ് വരെയുണ്ടായിരുന്ന ജനസംഖ്യാ നിയന്ത്രണം മൂലം വിവാഹം കഴിക്കാൻ പ്രായമായവർ ചൈനയിൽ കുറവാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യത്ത് വയോധികരുടെ എണ്ണമാണ് മുന്നിൽ. ഇത് കുറയ്ക്കാനുള്ള ശ്രമങ്ങളൊക്കെ തകൃതിയായി നടക്കുന്നുണ്ടെങ്കിലും ഒറ്റക്കുട്ടി നയമൊക്കെ കാലാകാലം കൃത്യമായി നടപ്പാക്കപ്പെട്ടിരുന്നതിനാൽ ഇതിന്റെ സ്വാധീനം മാറാൻ താമസമെടുക്കും എന്നാണ് വിലയിരുത്തൽ. അതുകൊണ്ടു തന്നെ എത്ര നിർബന്ധിച്ചാലും വിവാഹം കഴിക്കാൻ പ്രായത്തിന് ആളുകളില്ലാത്തത് കൊണ്ടു തന്നെ രജിസ്റ്റർ ചെയ്യപ്പെടുന്ന വിവാഹങ്ങളുടെ എണ്ണം കൂടാൻ ചൈന കുറച്ച് കാത്തിരിക്കേണ്ടി വരും.
ഇനി ഇക്കാരണങ്ങൾ ഒന്നുമല്ലാതെ വർധിച്ചു വരുന്ന വിവാഹച്ചെലവുകളും അവിവാഹിതരുടെ എണ്ണം കൂടുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. വിവാഹത്തിന് ശേഷമുള്ള ചെലവുകളൊക്കെ താങ്ങാൻ പറ്റാത്തത്ര വർധിച്ചിരിക്കുന്നു എന്നാണ് യുവാക്കളുടെ കണക്കുകൂട്ടൽ. സ്വവർഗവിവാഹങ്ങൾ നിയമപരമാക്കാത്തതും ചൈനയിൽ വിവാഹനിരക്ക് കുറയാനുള്ള കാരണമായി പറയപ്പെടുന്നു.
ഇനി അവിവാഹിതരായി തുടരാനുള്ള യുവാക്കളുടെ തീരുമാനം രാജ്യത്തിന്റെ ഭാവിയെ എങ്ങനെയാണ് പ്രതികൂലമായി ബാധിക്കുക എന്നല്ലേ.. ഇതിന് ചൈനയുടെ അത്ര പ്രോഗ്രസീവ് അല്ലാത്ത നിലപാടുകളും ഒരു കാരണമാണ്. മറ്റേത് ഏഷ്യൻ രാജ്യത്തെയും പോലെ വിവാഹേതര ബന്ധത്തിലൂടെ കുട്ടികളുണ്ടാകുന്നത് ചൈനയിൽ അത്ര സ്വീകാര്യമല്ല. കുട്ടികളുണ്ടാകണമെങ്കിൽ വിവാഹം കഴിക്കണം എന്ന സർക്കാരിന്റെ താല്പര്യത്തോട് പക്ഷേ യുവാക്കൾക്ക് അത്ര താല്പര്യമില്ല. അതുകൊണ്ടു തന്നെ ഭാവിയിൽ ചൈനയിൽ ഫെർട്ടിലിറ്റി റേറ്റിലും കുറവുണ്ടാകും. ഇതിന് വലിയ ഒരു ഉദ്ദാഹരണമാണ് ദക്ഷിണ കൊറിയ.
ദക്ഷിണ കൊറിയയിൽ 2013നും 2023നുമിടയ്ക്ക് വിവാഹങ്ങളുടെ എണ്ണത്തിൽ 40 ശതമാനത്തോളം കുറവ് രേഖപ്പെടുത്തിയിരുന്നു. തല്ഫലമായി 0.068 ശതമാനമാണ് കഴിഞ്ഞ വർഷം ഇവിടെ ജനനനിരക്ക് രേഖപ്പെടുത്തുന്നത്. ലോകത്തിൽ ജനനനിരക്ക് കുറവുള്ള രണ്ടാമത്തെ രാജ്യമാണ് നിലവിൽ ദക്ഷിണ കൊറിയ.
നിലവിലുള്ള നിലപാടുകളും നയങ്ങളും പിന്തുടർന്നാൽ ചൈനയ്ക്കും സമാന ഗതി വന്നേക്കാം. പക്ഷേ ചൈന അങ്ങനെ വിടാൻ ഒരുക്കമില്ലെന്നാണ് റിപ്പോർട്ടുകളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. കല്യാണം കഴിക്കാത്ത യുവാക്കളെ കല്യാണം കഴിപ്പിക്കാൻ വടിയെടുത്തിരിക്കുകയാണ് സർക്കാർ. അനുരഞ്‌ന ശ്രമങ്ങളും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ട്.
കല്യാണം കഴിക്കാൻ തയ്യാറായി വരുന്ന യുവതീയുവാക്കൾക്ക് പണം നൽകി പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ കണ്ടുപിടിച്ചിരിക്കുന്ന പുതിയ വഴി. അടുത്തിടെ തങ്ങൾക്ക് വിവാഹസമ്മാനമായി 1500 യുവാൻ അഥവാ 17,828 ഇന്ത്യൻ രൂപ സർക്കാർ തന്നെന്ന് ഒരു നവദമ്പതികൾ അവകാശപ്പെട്ടിരുന്നു. ലുലിയാങ് പോലുള്ള ചില നഗരങ്ങൾ ജനിക്കുന്ന കുട്ടികൾക്ക് ധനസഹായവും നൽകുന്നുണ്ട്. ആദ്യത്തെ കുട്ടി ജനിക്കുമ്പോൾ 2000 യുവാൻ രണ്ടാമത്തെ കുട്ടിക്ക് 5000 യുവാൻ മൂന്നാമത്തെ കുട്ടിക്ക് 8000 യുവാൻ എന്നിങ്ങനെ പോകുന്നു ഇത്...
Adjust Story Font
16

