Quantcast

പോൺ സ്റ്റാർ, പ്രസിഡണ്ട്, കൈക്കൂലി; ഡൊണാൾഡ് ട്രംപ് അറസ്റ്റിലാകുമോ?

അമേരിക്കൻ രാഷ്ട്രീയത്തിൽ സ്‌ഫോടനാത്മകമായ ഉള്ളടക്കമുള്ള കേസും അതില്‍ സ്റ്റോമി ഡാനിയേൽസിന്റെ പങ്കും

MediaOne Logo

Web Desk

  • Published:

    21 March 2023 8:55 AM GMT

trump and stormy daniels
X

2006 ജൂലൈ. കാലിഫോർണിയയ്ക്കും നെവേഡയ്ക്കും ഇടയിലുള്ള ലേക് റ്റാഹോ തടാകക്കരയിലെ സെലിബ്രിറ്റി ഗോൾഫ് ടൂർണമെന്റിനിടെ റിയൽ എസ്റ്റേറ്റ് വ്യാപാരിയും റിയാലിറ്റി ടെലിവിഷൻ സ്റ്റാറുമായ ഡൊണാൾഡ് ട്രംപ് അഡൽറ്റ് ഫിലിം നടി സ്റ്റോമി ഡാനിയേൽസിനെ കണ്ടുമുട്ടുന്നു. അവർ തമ്മിൽ പിന്നീട് എന്തു സംഭവിച്ചു എന്നത് തർക്കവിഷയമാണെങ്കിലും യുഎസ് രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്ന സംഭവമായി പിന്നീടത് മാറി. അതിന്റെ പേരിൽ ട്രംപ്- ചരിത്രത്തിൽ ആദ്യമായി ഒരു യുഎസ് മുൻ പ്രസിഡണ്ട്- ക്രിമിനൽ നടപടി നേരിടേണ്ടി വരികയാണ്.

അമേരിക്കൻ രാഷ്ട്രീയത്തിൽ സ്‌ഫോടനാത്മകമായ ഉള്ളടക്കമുള്ള കേസും അതിലെ ഡാനിയേൽസിന്റെ പങ്കും ഇങ്ങനെയാണ്;

നെവേഡ ഗോൾഫ് റിസോർട്ടിലെ കൂടിക്കാഴ്ച

2018ൽ പുറത്തിറങ്ങിയ ഫുൾ ഡിസ്‌ക്ലോസർ എന്ന പുസ്തകത്തിലാണ് ഡാനിയേൽസ് (സ്റ്റെഫാനിയ ക്ലിഫോർഡ് എന്നാണ് ഇവരുടെ നിയമപരമായ പേര്) ട്രംപുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് വിശദമായ വെളിപ്പെടുത്തൽ നടത്തിയത്. ലേക്ക് റ്റാഹോയുടെ തീരത്തുള്ള ഗോൾഫ് റിസോർട്ടിലായിരുന്നു ഇരുവരും തമ്മിലുള്ള സമാഗമം.

ഡാനിയേൽസ് അഭിവാദകയായി ജോലി ചെയ്യുന്ന പോൺ സ്റ്റുഡിയോ ബൂത്തിന്റെ അടുത്തുനിന്ന് ഇരുവരും ഒന്നിച്ചെടുത്ത ചിത്രവും ഈ സമയം പുറത്തുവന്നു. മഞ്ഞ പോളോ ടീഷർട്ടും കാക്കി പാന്റും ചുവന്ന തൊപ്പിയുമാണ് ട്രംപ് ധരിച്ചിരുന്നത്. കറുത്ത ടീഷർട്ട് ധരിച്ച് ഡാനിയേൽസും. അന്ന് 27 വയസ്സായിരുന്നു ഡാനിയേൽസിന്. ട്രംപിന് അറുപതും. ട്രംപിന്റെ മൂന്നാം ഭാര്യ മെലാനിയ മകൻ ബാരന് ജന്മം നൽകി നാലു മാസങ്ങൾക്ക് ശേഷമായിരുന്നു ഈ കൂടിക്കാഴ്ച. തന്നെ റിസോർട്ടിലെ പെന്റ്ഹൗസിലേക്ക് ക്ഷണിച്ചത് ട്രംപിന്റെ അംഗരക്ഷകനായിരുന്നു എന്ന് പുസ്തകത്തിൽ ഇവർ പറയുന്നു. ട്രംപിന്റെ ശരീരഘടനയെ കുറിച്ച് വിശദമായി ഇവർ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്.


ട്രംപും ഡാനിയേല്‍സും റിസോര്‍ട്ടില്‍


ട്രംപിന്റെ റിയാലിറ്റി ഷോയിൽ ഇടംകിട്ടാൻ വേണ്ടി തൊട്ടടുത്ത വർഷം അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നതായും എന്നാണ് അത് സംഭവിച്ചില്ലെന്നും ഡാനിയേൽ പറയുന്നു.

മിണ്ടാതിരിക്കാൻ കൈക്കൂലി

2016ൽ ട്രംപ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡണ്ട് സ്ഥാനാർത്ഥിയായി. ട്രംപുമായി ബന്ധപ്പെട്ട സംഭവം വെളിപ്പെടുത്താൻ ഡാനിയേൽസ് ഇടനിലക്കാരെ സമീപിക്കുന്നതായി ട്രംപുമായി ഏറെ അടുപ്പമുണ്ടായിരുന്ന ദ നാഷണൽ എൻക്വയറർ ടാബ്ലോയ്ഡ് പത്രം കണ്ടെത്തി. ട്രംപിന്റെ ദീർഘകാല സുഹൃത്ത് ഡേവിഡ് പെക്കറിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കൻ മീഡിയ കോർപറേഷന്റേതായിരുന്നു ദ നാഷണൽ എൻക്വയറർ.

ടാബ്ലോയ്ഡ് ട്രംപിന്റെ സ്വകാര്യ അഭിഭാഷകനായ മൈക്കൻ കൊഹനുമായി ബന്ധപ്പെട്ടു. കൊഹന്റെ നേതൃത്വത്തിലാണ് സംഭവം തുറന്നു പറയാതിരിക്കാൻ ഡാനിയേൽസിന് 130,000 യുഎസ് ഡോളർ (1.7കോടി ഇന്ത്യൻ രൂപ) നൽകിയെന്ന് പറയപ്പെടുന്നത്. പെഗ്ഗി പീറ്റേഴ്‌സൺ, ഡേവിഡ് ഡെന്നിസൺ എന്നീ പേരുകളിലാണ് യഥാക്രമം ഡാനിയേൽസും ട്രംപും കരാറിലെത്തിയത്. കരാറിൽ ട്രംപ് ഒപ്പിട്ടിട്ടില്ലെന്നും അതു കൊണ്ടു തന്നെ അഗ്രീമെന്റിന് നിയമസാധുത ഇല്ലെന്നും ചൂണ്ടിക്കാട്ടി ഡാനിയേൽസ് കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു.


ഡൊണാള്‍ഡ് ട്രംപ്


2018 ജനുവരിയിൽ വാൾസ്ട്രീറ്റ് ജേണലാണ് തുകയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്.

അതേസമയം, ഡാനിയേൽസുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും നിഷേധിക്കുകയാണ് ട്രംപ്. തന്നിൽ നിന്ന് പണം തട്ടാനുള്ള ആരോപണം മാത്രമാണ് ഇതെന്നാണ് അദ്ദേഹം പറയുന്നത്. ഡെമോക്രാറ്റായ മാൻഹാട്ടൽ ഡിസ്ട്രിക് അറ്റോണി ആൽവിൻ ബ്രാഗിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണ് താനെന്നാണ് ട്രംപ് പറയുന്നത്. 2024ലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പിലേക്കുള്ള തന്റെ സ്ഥാനാർത്ഥിത്വത്തെ ഇല്ലായ്മ ചെയ്യുകയാണ് ലക്ഷ്യമെന്നും അദ്ദേഹം ആരോപിക്കുന്നു. പ്രസിഡണ്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ സാമ്പത്തിക ക്രമക്കേട്, നികുതി വെട്ടിപ്പ് തുടങ്ങിയ ആരോപണങ്ങളിൽ ജയിലിലാണിപ്പോൾ കൊഹൻ. കേസുമായി ബന്ധപ്പെട്ട് കൊഹനെയും ഡാനിയൽസിനെയും ഈ മാസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

ട്രംപ് അറസ്റ്റിലാകുമോ?

കുറ്റാരോപണത്തിൽ ട്രംപ് അടുത്തു തന്നെ ന്യൂയോർക്കിലെ ഡിസ്ട്രിക്ട് അറ്റോണി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടി വരുമെന്നാണ് കരുതപ്പെടുന്നത്. ഇത്തരം കേസുകളിൽ (വൈറ്റ് കോളർ കേസ്) പ്രോസിക്യൂട്ടർമാരും എതിർ അഭിഭാഷകരും ഹാജരാകാൻ ഒരു തിയ്യതിയും സമയവും അംഗീകരിക്കുകയാണ് പതിവ്. വീട്ടിലെത്തി അറസ്റ്റു ചെയ്യാനുള്ള സാധ്യത വിരളമാണ്.


സ്റ്റോമി ഡാനിയേല്‍സ്


കുറ്റം ചുമതപ്പെട്ടാൽ മാർച്ച് ട്രംപ് കീഴടങ്ങുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ജോ ടകോപിനെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സ്വന്തം ഇഷ്ടപ്രകാരം വരുന്നില്ലെങ്കിൽ പ്രോസിക്യൂഷൻ അദ്ദേഹം ഇപ്പോൾ താമസിക്കുന്ന ഫ്‌ളോറിഡയിൽനിന്ന് ന്യൂയോർക്കിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കും. കുറ്റം ചുമത്തപ്പെട്ടാൽ യുഎസ് ചരിത്രത്തിൽ കുറ്റവിചാരണ നേരിടുന്ന ആദ്യത്തെ മുൻ പ്രസിഡണ്ടായി ട്രംപ് മാറും. വൈറ്റ്ഹൗസിലേക്കുള്ള ട്രംപിന്റെ രണ്ടാമൂഴത്തിന് മങ്ങലേൽക്കുകയും ചെയ്യും.

മാർച്ച് 21ന് തന്നെ അറസ്റ്റു ചെയ്യുമെന്ന് ട്രംപ് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചിരുന്നു. രാജ്യത്തെ തിരിച്ചുപിടിക്കാൻ പ്രതിഷേധവുമായി രംഗത്തിറങ്ങണമെന്നും അണികളോട് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. പ്രസിഡണ്ട് തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം അനുയായികൾ പാർലമെന്റ് കെട്ടിടം വരെ കൈയേറിയ സാഹചര്യത്തിൽ ജാഗ്രതയിലാണ് കാപിറ്റോൾ പൊലീസ്.





TAGS :

Next Story