Quantcast

ജോലിസ്ഥലത്തുള്ള അധിക്ഷേപത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു; കുടുംബത്തിന് 90 കോടി രൂപ നഷ്ടപരിഹാരം

2023 ഒക്ടോബറിലാണ് 25കാരിയായ സതോമി ആത്മഹത്യ ചെയ്യുന്നത്

MediaOne Logo

Web Desk

  • Published:

    15 Sept 2025 11:25 AM IST

ജോലിസ്ഥലത്തുള്ള അധിക്ഷേപത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു; കുടുംബത്തിന് 90 കോടി രൂപ നഷ്ടപരിഹാരം
X

ടോക്കിയോ: ജോലിസ്ഥലത്ത് വാക്കാലുള്ള അധിക്ഷേപത്തെ തുടര്‍ന്ന് ജീവനക്കാരി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് കുടുംബത്തിന് 150 ദശലക്ഷം യെൻ(90 കോടി രൂപ) നഷ്ടപരിഹാരം വിധിച്ച് ജാപ്പനീസ് കോടതി. യുവതി ജോലി ചെയ്തിരുന്ന കോസ്മെറ്റിക് കമ്പനിയും പ്രസിഡന്‍റും ജീവനക്കാരിയുടെ മരണത്തിന് ഉത്തരവാദികളാണെന്നും പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.

2023 ഒക്ടോബറിലാണ് 25കാരിയായ സതോമി ആത്മഹത്യ ചെയ്യുന്നത്. ടോക്കിയോ ആസ്ഥാനമായുള്ള സൗന്ദര്യവർധക നിർമാതാക്കളായ ഡി-യുപി കോർപ്പറേഷനിലെ ജീവനക്കാരിയായിരുന്നു ഇവര്‍. ദീര്‍ഘ നാൾ കോമയിൽ കിടന്നതിന് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. 2021ലാണ് സതോമി പ്രസ്തുത കമ്പനിയിൽ ജോലിക്ക് കയറിയതെന്ന് പ്രാദേശിക വാർത്താ ഏജൻസിയായ എൻഎച്ച്കെ റിപ്പോർട്ട് ചെയ്തു.ആ വര്‍ഷം ഡിസംബറിൽ പ്രസിഡന്‍റ് മിത്സുരു സകായ്‌യുമായി ഒരു മീറ്റിങ്ങിൽ പങ്കെടുക്കാൻ സതോമി ആവശ്യപ്പെട്ടിരുന്നു. മീറ്റിങ്ങിനിടെ അനുവാദമില്ലാതെ ഒരു ക്ലയന്‍റിനെ സന്ദർശിക്കുന്നത് ഉൾപ്പെടെയുള്ള ചില പ്രവൃത്തികൾക്ക് സതോമിയെ പ്രസിഡന്‍റ് കഠിനമായി ശകാരിച്ചിരുന്നു.

മീറ്റിങ്ങിൽ വച്ച് മിത്സുരു സതോമിക്കെതിരെ പരുഷമായ വാക്കുകൾ ഉപയോഗിക്കുകയും തെരുവ് നായ എന്ന് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തു. മീറ്റിങ്ങോടെ വാക്കാലുള്ള അധിക്ഷേപം അവസാനിച്ചില്ല. അടുത്ത ദിവസം, 'ദുർബലമായ ഒരു നായ കൂടുതൽ ഉച്ചത്തിൽ കുരയ്ക്കുന്നു' എന്ന് സതോമിയോട് പറഞ്ഞു.2021 ഡിസംബറിലെ മീറ്റിങ്ങിന് ശേഷം യുവതി വിഷാദാവസ്ഥയിലായി. 2022 ജനുവരിയിൽ സതോമിക്ക് വിഷാദരോഗം ഉണ്ടെന്ന് സ്ഥിരീകരിക്കുകയും ജോലിയിൽ നിന്ന് അവധിയെടുക്കുകയും ചെയ്തു.

2022 ആഗസ്റ്റിൽ സതോമി ആത്മഹത്യക്ക് ശ്രമിച്ചു. ഇതിനെത്തുടര്‍ന്ന് കോമയിലായ യുവതി 2023 ഒക്ടോബറിൽ മരിച്ചു.മാസങ്ങൾ കഴിഞ്ഞപ്പോൾ സതോമിയുടെ മാതാപിതാക്കൾ കമ്പനിക്കും പ്രസിഡന്‍റിനുമെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുത്തു. 2024 മേയിൽ മിത ലേബർ സ്റ്റാൻഡേർഡ്സ് ഇൻസ്പെക്ഷൻ ഓഫീസ് സതോമിയുടെ ആത്മഹത്യക്ക് ഉത്തരവാദി പ്രസിഡന്‍റ് ആണെന്ന് കണ്ടെത്തി. സെപ്തംബര്‍ 9നാണ് ടോക്കിയോ ജില്ലാ കോടതി കേസിൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. ഉത്തരവിനെ തുടര്‍ന്ന് ഡി-യുപിയുടെ പ്രസിഡന്‍റ് മിത്സുരു സകായ് ബുധനാഴ്ച രാജിവച്ചു. "മരിച്ച മുൻ ജീവനക്കാരിയോടും അവരുടെ കുടുംബത്തോടും ഞങ്ങൾ ക്ഷമ ചോദിക്കുന്നു. ഞങ്ങളുടെ ആന്തരിക സംവിധാനങ്ങളും ജോലിസ്ഥല അന്തരീക്ഷവും അവലോകനം ചെയ്യാനും മെച്ചപ്പെടുത്താനും ഞങ്ങൾ പ്രവർത്തിക്കും," എന്ന് ഡി-യുപി അവരുടെ വെബ്‌സൈറ്റിൽ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

TAGS :

Next Story