Quantcast

ഓഫീസിൽ എന്നും 40 മിനിറ്റ് നേരത്തെ എത്തുന്നു; ജീവനക്കാരിയെ പിരിച്ചുവിട്ട് കമ്പനി, തൊഴിലുടമക്ക് പിന്തുണയുമായി കോടതി

കമ്പനിയിലെ മിടുക്കിയായ 22 കാരിയെയാണ് നേരത്തെ എത്തിയതിന് പുറത്താക്കിയത്

MediaOne Logo

Web Desk

  • Published:

    11 Dec 2025 8:13 AM IST

ഓഫീസിൽ എന്നും 40 മിനിറ്റ് നേരത്തെ എത്തുന്നു; ജീവനക്കാരിയെ പിരിച്ചുവിട്ട് കമ്പനി, തൊഴിലുടമക്ക് പിന്തുണയുമായി കോടതി
X

മാഡ്രിഡ്: ഓഫീസിൽ സ്ഥിരമായി ലേറ്റായി എത്തുന്ന ചിലരുണ്ടാകും. എത്ര മുന്നറിയിപ്പ് കൊടുത്താലും അവര്‍‌ ഒരിക്കലും കൃത്യസമയത്ത് ജോലിക്കെത്തുകയില്ല. ഇക്കാരണത്താൽ ജോലിയിൽ നിന്നും പിരിച്ചുവിട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ സ്ഥിരമായി നേരത്തെ എത്തുന്നത് ഒരു കുറ്റമാണോ? രണ്ട് വര്‍ഷത്തോളം പതിവായി ജോലിക്ക് നേരത്തെ എത്തിയതിന് ഒരു ജീവനക്കാരിയെ പിരിച്ചുവിട്ടിരിക്കുകയാണ്. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് യുവതി കോടതിയെ സമീപിച്ചെങ്കിലും തൊഴിലുടമക്കൊപ്പമായിരുന്നു കോടതി. സ്പെയിനിലാണ് ഈ വിചത്രമായ സംഭവം.

കമ്പനിയിലെ മിടുക്കിയായ 22 കാരിയെയാണ് നേരത്തെ എത്തിയതിന് പുറത്താക്കിയത്. രാവിലത്തെ 7.30ന്‍റെ ഷിഫ്റ്റിന് യുവതി എന്നും 40 മിനിറ്റ് നേരത്തെ 6.45 നും 7 നും ഇടയിലാണ് ഓഫീസിലെത്തിയിരുന്നത്. ഷിഫ്റ്റിന് മുമ്പ് എത്തരുതെന്ന് പല തവണ അവരോട് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും യുവതി ഓഫീസിൽ നേരത്തെ ഹാജരായി. 7.30ന് മുൻപ് എത്തിയെങ്കിലും ആ സമയത്ത് അവർക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ലെന്ന് തൊഴിലുടമ ചൂണ്ടിക്കാട്ടുന്നു. മേലധികാരി ഇതിനെ ചോദ്യം ചെയ്തെങ്കിലും യുവതി അത് അവഗണിക്കുകയായിരുന്നു. ഒടുവിൽ ജീവനക്കാരിയുടെ മോശം പെരുമാറ്റത്തിന്‍റെ പേരിൽ പിരിച്ചുവിടുകയായിരുന്നു. നേരത്തെ എത്തുന്നതിലൂടെ ഒന്നും കമ്പനിയിലേക്ക് സംഭാവന ചെയ്യുന്നില്ലെന്നും മറിച്ച് നിർദേശങ്ങൾ അവഗണിക്കുക മാത്രമാണ് ചെയ്തതെന്ന് തൊഴിലുടമ വാദിച്ചു.

തന്നെ പുറത്താക്കിയത് അന്യായമാണെന്ന് ആരോപിച്ച് സ്ത്രീ സ്പെയിനിലെ അലികാന്‍റ സോഷ്യൽ കോടതിയിൽ അപ്പീൽ നൽകി. നിരവധി തവണ വാക്കാലുള്ളതും രേഖാമൂലമുള്ളതുമായ മുന്നറിയിപ്പുകൾ നൽകിയിട്ടും അവർ നേരത്തെ എത്തിയത് ജഡ്ജിമാർക്ക് മനസിലായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേരത്തെ എത്തിയ 19 തവണയും ഓഫീസിലേക്ക് കയറുന്നതിന് മുൻപ് തന്നെ മ്പനി ആപ്പ് വഴി ലോഗിൻ ചെയ്യാൻ ശ്രമിച്ച സന്ദർഭങ്ങളുമുണ്ടായിട്ടുണ്ട്. തൊഴിലുടമയും അവർക്കെതിരെ വിശ്വാസ വഞ്ചന ആരോപിച്ചു. നേരത്തെ എത്തുന്നത് ഒരു പ്രശ്നമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ജോലിസ്ഥലത്തെ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി. സ്പാനിഷ് തൊഴിലാളി നിയമത്തിലെ ആർട്ടിക്കിൾ 54 യുവതി ലംഘിച്ചുവെന്ന് കോടതി പറഞ്ഞു. യുവതി സ്ഥിരമായി ഓഫീസിൽ നേരത്തെ എത്തിയത് ടീം ഏകോപനത്തിന് തടസ്സം സൃഷ്ടിച്ചുവെന്ന് മറ്റൊരു ജീവനക്കാരി ആരോപിച്ചു.

TAGS :

Next Story