Quantcast

66 ലക്ഷം രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് റിസപ്ഷനിസ്റ്റായി; യുവതി വൻ ശമ്പളമുള്ള ജോലി ഉപേക്ഷിക്കാനുള്ള കാരണമിതാണ്!

പല പ്രൊഫഷണലുകളെയും പോലെ, മക്ലെലാൻഡും തന്‍റെ കരിയർ താഴെത്തട്ടിൽ നിന്നാണ് ആരംഭിച്ചത്

MediaOne Logo

Web Desk

  • Published:

    1 Aug 2026 5:04 PM IST

66 ലക്ഷം രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് റിസപ്ഷനിസ്റ്റായി; യുവതി വൻ ശമ്പളമുള്ള ജോലി ഉപേക്ഷിക്കാനുള്ള കാരണമിതാണ്!
X

സിഡ്നി: ലക്ഷങ്ങൾ ശമ്പളം എപ്പോഴും വലിയ ഉത്തരവാദിത്തങ്ങളും കൊണ്ടുവരും. എപ്പോഴും ജോലിത്തിരക്ക്, ടെൻഷൻ...ഒന്നുറങ്ങാൻ പോലുമാകാത്ത അവസ്ഥ...കോര്‍പറേറ്റ് ലോകത്തെ സമ്മര്‍ദങ്ങളെക്കുറിച്ചുള്ള വാര്‍ത്തകൾ നാം ഇതിനു മുൻപും കേട്ടിട്ടുണ്ട്. വാർഷിക വരുമാനമായി 66 ലക്ഷത്തോളം രൂപ ലഭിച്ചിരുന്ന കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് ഇപ്പോൾ ഒരു സാധാരണ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുന്ന യുവതിയുടെ കഥയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

ആസ്ത്രേലിയയിലെ സിഡ്നി സ്വദേശിയായ ഗ്രേസ് മക്ലെലാൻഡ്(34) ആണ് ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഉപേക്ഷിച്ചത്. അതിന് ഗ്രേസിന് വ്യക്തമായ കാരണവുമുണ്ടായിരുന്നു. വര്‍ഷങ്ങളായി സമ്മർദ്ദം, ഉത്കണ്ഠ, മടുപ്പ്, ക്ഷീണം തുടങ്ങിയ അവസ്ഥയിലൂടെ താൻ കടന്നുപോകുന്നതെന്നും മനസമാധാനം എന്താണെന്ന് താൻ അനുഭവിച്ചിട്ടില്ലെന്നും യുവതി പറയുന്നു. ഇതോടെ ജോലി ഉപേക്ഷിക്കാൻ ഗ്രേസ് തീരുമാനിക്കുകയായിരുന്നു. ഒരു സ്ഥാപനത്തിന്‍റെ നേതൃതലത്തിൽ ഉയര്‍ന്ന ശമ്പളത്തോടെ ജോലി ചെയ്തിരുന്ന ഗ്രേസ് ഇന്ന് മറ്റൊരു കമ്പനിയിലെ റിസപ്ഷനിസ്റ്റും ഓഫീസ് മാനേജരുമാണ്. മുൻപത്തെ ശമ്പളത്തെക്കാൾ 40 ശതമാനം കുറവ് ശമ്പളമാണ് ഗ്രേസിന് ഇപ്പോൾ ലഭിക്കുന്നത്. ലക്ഷങ്ങൾ ശമ്പളമുള്ള ജോലി രാജി വച്ചെങ്കിലും വർഷങ്ങളായി തനിക്ക് നഷ്ടമായ എന്തോ ഒന്ന്, സമയം, ഊർജം, മനസമാധാനം എന്നിവ തനിക്ക് ലഭിച്ചുവെന്ന് ഗ്രേസ് കൂട്ടിച്ചേര്‍ക്കുന്നു.

പല പ്രൊഫഷണലുകളെയും പോലെ, മക്ലെലാൻഡും തന്‍റെ കരിയർ താഴെത്തട്ടിൽ നിന്നാണ് ആരംഭിച്ചത്. ഉയര്‍ന്ന നിലയിലെത്താൻ അവര്‍ കഠിനമായി പരിശ്രമിച്ചു. ഒരു റീട്ടെയിൽ കമ്പനിയിൽ സെയിൽസ് അസോസിയേറ്റായി ചേർന്ന അവർ, കമ്പനിയുടെ മുൻനിര ഔട്ട്‌ലെറ്റുകളിലൊന്നിന്‍റെ സ്റ്റോർ മാനേജരായി മാറി. വര്‍ഷങ്ങളായി ഈ ഒരു പദവിക്ക് വേണ്ടി അവര്‍ പരിശ്രമിച്ചുകൊണ്ടേയിരുന്നു. ഏകദേശം 100,000 ആസ്ത്രേലിയൻ ഡോളർ (ഏകദേശം 66 ലക്ഷം രൂപ) ശമ്പളം, ബോണസ്, വിദേശ യാത്ര, സൂപ്പർആനുവേഷൻ എന്നിവയോടെയായിരുന്നു സ്ഥാനക്കയറ്റം.

എന്നാൽ പ്രതീക്ഷിക്കാത്ത സമ്മര്‍ദമാണ് സ്ഥാനക്കയറ്റം കൊണ്ടുവന്നത്. "ആ ബ്രാൻഡിന്റെ സ്റ്റോർ മാനേജരായി ചുമതലയേറ്റപ്പോൾ, എന്റെ കരിയറിലെ വലിയൊരു മാറ്റമായിരുന്നു. ആ കമ്പനിയിൽ എന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ ഞാൻ വളരെയധികം ആഗ്രഹിച്ചിരുന്നു. എന്നാൽ, എനിക്കതിന് അർഹതയില്ലെന്ന തോന്നലും കമ്പനിക്ക് മുന്നിലും മറ്റുള്ളവർക്ക് മുന്നിലും സ്വയം കഴിവ് തെളിയിക്കേണ്ടതുണ്ടെന്ന സമ്മർദ്ദവും എന്നെ നിരന്തരം അലട്ടിയിരുന്നു." ഗ്രേസ് പീപ്പിൾ മാഗസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ജോലിത്തിരക്ക് ദൈനംദിന ജീവിതത്തെ ബാധിക്കാൻ തുടങ്ങി. നീണ്ട ജോലി സമയം, ദീർഘമായ യാത്ര, മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള നിരന്തരമായ സമ്മർദ്ദം എന്നിവ അവളെ ശാരീരികമായും മാനസികമായും തളർത്തി."എന്റെ ജോലി വളരെ ക്ഷീണിപ്പിക്കുന്നതായിരുന്നു, ജോലിക്ക് പുറത്ത് ഒന്നും ചെയ്യാൻ എനിക്ക് ശക്തിയില്ലായിരുന്നു," ഗ്രേസ് വിശദീകരിച്ചു.സമ്മര്‍ദം താങ്ങാനാവാതെ ജോലി ഉപേക്ഷിക്കുമ്പോൾ മുന്നിൽ മറ്റൊരു വഴിയുമില്ലായിരുന്നു. മറ്റൊരു ആഡംബര റീട്ടെയിൽ കമ്പനിയിൽ നിന്ന് ഓഫർ ലഭിക്കുന്നതിന് മുമ്പ് ഒരു മാസം ഗ്രേസ് അവധിയെടുത്തു. ഒരു ജോലിക്കും അപേക്ഷിച്ചില്ല. തുടര്‍ന്ന് സ്വന്തം വീടിനടുത്തുള്ള ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിലേക്ക് അപേക്ഷിക്കാൻ തുടങ്ങി. 2024 ജൂലൈയിൽ, അവർ ഒരു റീട്ടെയിൽ ഹെഡ് ഓഫീസിൽ റിസപ്ഷനിസ്റ്റായും ഓഫീസ് മാനേജരായും ചേർന്നു.

"ആളുകൾ എന്നോട് എന്താണ് ജോലി ചെയ്യുന്നതെന്ന് ചോദിക്കുമ്പോൾ, ഞാൻ ഒരു റിസപ്ഷനിസ്റ്റാണെന്ന് പറയാൻ മടിക്കാറില്ല. അതിനെ ആരും മോശമായി കാണാറുമില്ല. ഇത്രയും ശാന്തവും ലളിതവുമായ ഒരു ജോലി എനിക്കുള്ളതിൽ പലർക്കും അസൂയ തോന്നാറുണ്ടെന്നാണ് ഞാൻ കരുതുന്നത്," അവർ പറഞ്ഞു.

ജോലിക്ക് പുറത്ത് കൂടുതൽ ഒഴിവുസമയവും ഊർജവും ലഭിച്ചതോടെ, വർഷങ്ങളായി മാറ്റിവെച്ചിരുന്ന സ്വന്തം ഇഷ്ടങ്ങൾ വീണ്ടെടുക്കാൻ മക് ക്ലെലാൻഡിന് സാധിച്ചു. ഇപ്പോൾ അവർ 'ക്രോഷേ' (Crocheting - നൂൽ തുന്നൽ) ആസ്വദിച്ചു ചെയ്യുന്നുണ്ട്. കൂടാതെ സോഷ്യൽ മീഡിയയിൽ സജീവമായി ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെക്കുന്നതിലൂടെ അവർക്ക് മറ്റൊരു വരുമാനം കൂടെ ലഭിക്കുന്നുണ്ട്.

TAGS :

Next Story